അര്‍ജന്റീനയുടെ സൂപ്പര്‍ ലയണല്‍ മെസിയുടെ 10-ാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങുന്നു. മെസിയോടുള്ള ആദരസൂചകമായിയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങുന്നത്. അര്‍ജന്റീനൻ ഫുട്ബോള്‍ ഫെഡറേഷൻ അധ്യക്ഷൻ ക്ലോഡിയോ ടാപിയയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. മെസി വിരമിക്കുന്നതോടെ പത്താംനമ്പര്‍ ജേഴ്സിയും അനശ്വരമാകും. 36 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് 2022 ഫിഫ ലോകകപ്പ് അര്‍ജന്റീനയ്ക്ക് മെസി സമ്മാനിച്ചത്.
1986ല്‍ ഡിയേഗോ മാറഡോണയുടെ നേതൃത്വത്തിലാണ് അര്‍ജന്റീന ഇതിനു മുമ്പ് ഫിഫ ലോകകപ്പ് ട്രോഫിയില്‍ മുത്തം വച്ചത്. 2021ല്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലും മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന മുത്തം വച്ചിരുന്നു. 1993നു ശേഷം അര്‍ജന്റീന നേടുന്ന ഒരു സുപ്രധാന ട്രോഫി ആയിരുന്നു അത്. നീണ്ട 28 വര്‍ഷത്തെ കിരീട കാത്തിരിപ്പിനായിരുന്നു 2021 കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലൂടെ ലയണല്‍ മെസിയും സംഘവും വിരാമമിട്ടത്.
ഇതിഹാസതാരം ഡീഗോ മറഡോണ ധരിച്ചതും ഐക്കോണിക് പത്താം നമ്പര്‍ ജേഴ്സിയായിരുന്നു. 2002ല്‍ മറഡോണയോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജേഴ്സി പിൻവലിക്കാൻ അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷൻ അന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ എല്ലാ ടീമുകളും ഒന്ന് മുതല്‍ 23 വരെയുള്ള നമ്പര്‍ ജേഴ്സികള്‍ ധരിച്ചിരിക്കണമെന്ന ഫിഫയടെ നിയമം നിലനിന്നതിനാല്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. 2021 — 2022 കാലഘട്ടത്തില്‍ അര്‍ജന്റീനയെ മൂന്ന് കിരീടത്തില്‍ എത്തിച്ച താരമാണ് ലയണല്‍ മെസി. 2021 കോപ്പ അമേരിക്ക, 2022 കോണ്‍മെബോള്‍ — യുവേഫ കപ്പ് ഓഫ് ചാമ്പ്യന്‍സ്, 2022 ഫിഫ ഖത്തര്‍ ലോകകപ്പ് എന്നീ മൂന്ന് ട്രോഫികളാണ് മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന സ്വന്തമാക്കിയത്.
English Summary;Rare tribute to Messi; The number 10 jersey is about to be retired
You may also like this video