Site iconSite icon Janayugom Online

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഇന്ന് രാഷ്ട്രീയ പ്രതിഷ്ഠ

മതേതരത്വത്തിന്റെ സ്തംഭമായിരുന്ന അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പണിയുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് ഇന്ന്. രാജ്യത്ത് അസഹിഷ്ണുതയ്ക്കും ന്യൂനപക്ഷ വേട്ടയ്ക്കും വിത്തുപാകി, വിദ്വേഷത്തിനും രക്തച്ചൊരിച്ചിലിനും കാരണമായ 35വര്‍ഷം പഴക്കമുള്ള ബിജെപി-സംഘ്പരിവാര്‍ ലക്ഷ്യമാണ് നടപ്പാകുന്നത്. ‌ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍ ഹിന്ദുത്വവികാരമുണര്‍ത്തി വോട്ട് തേടാന്‍ അപൂര്‍ണ നിര്‍മ്മിതിയിലാണ് വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത്. ഉച്ചയ്ക്ക് 12.20നും 12.30നും മധ്യേ നടക്കുന്ന പ്രതിഷ്ഠ, ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ശങ്കര മഠാധിപതികള്‍ ഉള്‍പ്പെടെ ഹെെന്ദവാചാര്യന്മാര്‍ വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്റെ പ്രധാനമന്ത്രി മതപരമായ ചടങ്ങിന് നേതൃത്വം നല്‍കുന്നത് ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യത്തെ സംഭവമാണ്. ക്ഷേത്ര നിര്‍മ്മാണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും പൊതു ഖജനാവുകളില്‍ നിന്നും പണമൊഴുക്കിയതും മറ്റൊരു പുതുമയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കാണ് ചടങ്ങില്‍ രാമനെക്കാള്‍ പ്രാമുഖ്യം. മൂന്നാംവട്ടവും അധികാരമുറപ്പിക്കാനുള്ള കുറുക്കുവഴിയായി രാമനെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് ബിജെപിയും സംഘ്പരിവാര്‍ ശക്തികളുമെന്ന് ഇത് വ്യക്തമാക്കുന്നു.

മതചടങ്ങിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനെതിരെ ചടങ്ങ് ബഹിഷ്കരിക്കുന്നതായി സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം മുസ്ലിം അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനമായാണ് ബിജെപിയും അനുബന്ധ സംഘടനകളും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ചിത്രീകരിക്കുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാമക്ഷേത്ര നിര്‍മ്മാണം തങ്ങളുടെ ലക്ഷ്യമായി ബിജെപിയും സംഘ്പരിവാര്‍ ശക്തികളും നാല് പതിറ്റാണ്ടുമുമ്പ് മുതല്‍ അവകാശപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാജ്യത്ത് നിലനിന്നിരുന്ന മതസൗഹാര്‍ദ്ദത്തിനും മതേതരത്വത്തിനും മേല്‍ കരിനിഴല്‍ വീണത്. 1992ല്‍ ബാബറി മസ്ജിദ് പൊളിച്ച സംഭവം ക്രിമിനല്‍ കുറ്റമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ എടുത്തുപറഞ്ഞിരുന്നു. അതേസമയം ഇതേ വിധിയിലൂടെയാണ് തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദു സംഘടനകള്‍ക്ക് ലഭിച്ചത് എന്നതും വെെരുധ്യം.

ബാബറി മസ്ജിദ് തകര്‍ക്കലോടെ ആരംഭിച്ച വേട്ടയാടല്‍ മതന്യൂനപക്ഷങ്ങളില്‍ വളര്‍ത്തിയ അരാജകത്വവും ഭയവും മുതലെടുത്തും സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചുമാണ് രണ്ട് തവണയും ബിജെപി അധികാരത്തില്‍ ഏറിയത്. രാമക്ഷേത്ര പ്രതിഷ്ഠയോടെ വീണ്ടും അതേവികാരം സൃഷ്ടിച്ച് അധികാരത്തില്‍ തുടരാനാണ് മോഡിയും കൂട്ടരും നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തല്‍.

പരമോന്നത നീതിപീഠത്തിന്റെ വിചിത്ര വിധിന്യായത്തിലൂടെ അനുമതി കിട്ടിയപ്പോള്‍ ആരംഭിച്ച ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്തി വോട്ട് ബാങ്ക് ഉറപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് മോഡിയും കൂട്ടരും പയറ്റുന്നത്. ശങ്കരാചാര്യന്‍മാരുടെ വിട്ടുനില്‍ക്കല്‍ തീരുമാനത്തെ മറികടക്കാന്‍ സിനിമ‑പൗരപ്രമുഖരെ ചടങ്ങില്‍ അണിനിരത്താനും ബിജെപി ശ്രമിക്കുന്നു. ഗുജറാത്ത് വംശീയഹത്യ കേസിലെ പ്രതികള്‍ക്കും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം നല്‍കിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു.

പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മാംസ‑മത്സ്യ, മദ്യവില്പന ശാലകള്‍ തുടങ്ങിയവയ്ക്കും നിരോധനമുണ്ട്. കൂടാതെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ചവരെ കേന്ദ്രസര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Rashtriya Pratish­ta today at Ram Tem­ple in Ayodhya
You may also like this video

Exit mobile version