രാജ്യത്ത് 80 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേന്ദ്രഭരണ‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഇ ശ്രം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടും ഭക്ഷ്യസുരക്ഷ പദ്ധതി അനുസരിച്ചുള്ള റേഷന്‍ കാര്‍ഡ് തൊഴിലാളികള്‍ക്ക് ലഭിച്ചില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
2023 ഏപ്രില്‍ 20ന് ഇതു സംബന്ധിച്ച് കോടതി സംസ്ഥാന‑കേന്ദ്രഭരണ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഹിമ കോലി, അഹ്സാനുദ്ദീന്‍ അമാനുള്ള എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇ ശ്രം പോര്‍ട്ടലില്‍ ഇതുവരെ 28.6 കോടി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 20.64 കോടി അതിഥി തൊഴിലാളികളാണ്. റേഷന്‍ കാര്‍ഡ് ലഭ്യമല്ലാത്തത് കാരണം ഭക്ഷ്യസുരക്ഷാ പദ്ധതി അനുസരിച്ചുള്ള ആനുകൂല്യം ഇവര്‍ക്ക് ലഭിക്കാത്ത സാഹചര്യം നീതീകരിക്കാനാവില്ല. വിഷയത്തില്‍ വന്ന വീഴ്ച അടിയന്തരമായി പരിഹരിച്ച് ഉടനടി കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടി ആരംഭിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. രണ്ട് മാസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
English Summary: Ration card should be issued to guest workers: Supreme Court
You may also like this video