റേഷന്‍ മസ്റ്ററിംഗ് നവംബര്‍ 30 വരെ തുടരുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തില്‍ 80 ശതമാനത്തോളം മസ്റ്ററിംഗ് പൂര്‍ത്തിയായി. മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16,75,686 എഎവൈ കാർഡ് അംഗങ്ങളും 1,12,73,363 പി എച്ച് എച്ച് കാർഡ് അംഗങ്ങളും മസ്റ്ററിങ് പൂർത്തിയാക്കി. മുഴുവൻ പേരും മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനായാണ് നവംബര്‍ 30വരെ ദീര്‍ഘിപ്പിച്ചത്.
ആദ്യഘട്ടത്തിൽ അപ്ഡേഷൻ ചെയ്യാൻ കഴിയാത്തവർക്കായി ഐറിസ് സ്കാനർ സംവിധാനം ഉപയോഗിക്കും. 242 ഐറിസ് സ്കാനറുകൾ താലൂക്ക് തലത്തിൽ സംസ്ഥാനത്തുണ്ട്. ഇതുവഴിയും മസ്റ്ററിങ് തുടരും. മേരാ കെവൈസി ആപ്പിന്‍റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതോടെ മേരാ കെവൈസി ആപ്പ് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. നവംബർ 11 മുതൽ ഈ ആപ്പിലൂടെ മസ്റ്ററിങ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇത്തരത്തിൽ നവംബര്‍ 30നുള്ളിൽ 100ശതമാനം ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂര്‍ത്തീയാക്കുമെന്നും മന്ത്രി പറഞ്ഞു.