ആരോരുമറിയാതെ പെയ്തു പടരുന്ന ഒരു രാത്രിമഴപോലെയാണ് പ്രണയം. ഏതുനിമിഷാർത്ഥത്തിലാണ് മനുഷ്യ മനസുസ്സുകളിൽ പെയ്തിറങ്ങുന്നതെന്നു പ്രവചിക്കാനാകില്ല. മുഖവരയേതുമില്ലാതെയാണ് പലരുടെയും ജീവിതത്തിലേക്ക് പ്രണയം കടന്നുവരുന്നത്. രണ്ട് ഹൃദയങ്ങൾ, പരസ്പര ധാരണയുടെ ഏറ്റവും ഉദാത്ത മാതൃകയായ പ്രണയാവസ്ഥയിലേക്ക് അവരറിയാതെ എടുത്തറിയപ്പെടുക പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. അതൊരു ബോധപൂർവമായ ഉടമ്പടിയല്ല. നേരിട്ട് കാണണമെന്നു തന്നെയില്ല. ഒരാളോട് മറ്റൊരാൾക്ക് അടുപ്പം തോന്നാൻ കേട്ട് കേൾവി തന്നെ മതിയാകും. ഉന്മാദത്തോട് അടുത്ത് നിൽക്കുന്ന അനുഭൂതി തലത്തിലേക്ക് സ്വയം ഉയരുമ്പോൾ സമൂഹം കെട്ടിയുയർത്തിയ ആചാര മര്യാദകളൊക്കെ അപ്രസക്തമായി തീരും.
അമേരിക്കയുടെ സൗത്ത്പോർട്ട് ദ്വീപിന്റെ മനോഹരമായ മെയിനിലെ കടൽതീരത്ത് 1952 ൽ അങ്ങനെ സംഭവിച്ചത് ‘നിശബ്ദ വസന്ത’മെഴുതി പരിസ്ഥിതി ചിന്തകളിലേക്ക് ലോകത്തെയുണർത്തിയ മിസ് റേച്ചൽകാഴ്സണിന്റെ മനസിലായിരുന്നു.
അമേരിക്കൻ സിവിൽ സർവീസിൽ ഫിഷ് ആന്റ് വൈൽഡ് ലൈഫ് സർവീസിലെത്തിയ സമുദ്രജീവശാസ്ത്രജ്ഞ. കടലായിരുന്നു പ്രണയം. മഹാസാഗരങ്ങൾക്കുള്ളിലെ അനന്തമജ്ഞാതമവർണനീയമായ ആഴങ്ങളിലെ കൗതുകങ്ങളുടെ കലവറതേടി തന്റെ തൂലികയുടെ കൊതുമ്പ് വള്ളം തുഴഞ്ഞു പോയ എഴുത്തുകാരി. അന്യാദൃശ്യമായ ഭാഷാസൗകുമാര്യം കൊണ്ട് അനുഗ്രഹീതമായിരുന്നു അവരുടെ രചനകൾ. കടൽച്ചിപ്പിക്കുള്ളിലെ കടലിരമ്പം പോലെ… ആ പുസ്തകങ്ങളിൽ നമുക്ക് റേച്ചലിന്റെ ഹൃദയമിടിപ്പുകൾ കേൾക്കാൻ കഴിയും. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും വ്രണിത ജീവിതത്തെ മറുകര എത്തിക്കാൻ ചേർത്തുപിടിച്ച് തോണി തുഴഞ്ഞ സ്ഥൈര്യത്തിന്റെ പേരാണ് റേച്ചൽ. ജീവിക്കാൻ മറന്നുപോയ സ്ത്രീ എന്ന് സാധാരണക്കാർ ചിന്തിക്കുമ്പോൾ കടലിന്റെ കൗതുകങ്ങൾ ലഹരിയായി തലയ്ക്കു പിടിച്ചു പോയ, മൃദുഭാഷിയായ കൊച്ചു സ്ത്രീ എന്നാവും മറ്റുചിലർ നൽകുന്ന നിർവചനം.
കടലിൻറെ മാത്രം കാമുകിയായിരുന്നു റേച്ചൽ 45 വയസ് വരെ. പക്ഷെ ജീവിതത്തിന്റെ അവസാന വ്യാഴവട്ടം ഒരു പ്രണയത്തിന്റെ മധുര മനോജ്ഞ സാഗരത്തിലെ ഓളപ്പാത്തിയിലൂടെ പൊങ്ങ്തടി പോലെ ഒഴുകുകയായിരുന്നു, ആ കടല്‍ത്താമാരയുടെ ജീവിതം. ഇഷ്ടങ്ങളിൽ സമാനതകൾ ഉള്ള ഒരാളുമായി പിരിയാനാകാത്ത അടുപ്പത്തിന്റെ കാന്തിക വലയത്തിൽ എത്തപ്പെടാൻ കഴിയുന്നെങ്കിൽ അതൊരു മഹാഭാഗ്യം തന്നെയാണ്. അത്തരം ആത്മബന്ധം നമ്മൾ പലപ്പോഴും കാണാറുള്ളത് ഒരു സ്ത്രീക്കും പുരുഷനുമിടയിലാണല്ലോ. എന്നാൽ ഇവിടെ ആത്മസൗഹൃദത്തിലായത് രണ്ടു സ്ത്രീകളായിരുന്നു. കാന്തിക ധ്രുവങ്ങളുടെ തീവ്രമായ സംയോഗം പോലെ ഒരുമിച്ച് ചേർന്ന രണ്ടു സ്ത്രീകളുടെ കഥയാണ് റേച്ചലിന്റെയും ഡോറോത്തിയുടെയും പ്രണയകഥ.
തന്റെ ജീവിതത്തിന്റെ പ്രധാന പങ്കും ശാസ്ത്ര ഗവേഷണങ്ങൾക്കും എഴുത്തിനുമായി മാറ്റി വച്ചപ്പോൾ വിവാഹ ജീവിതത്തെക്കുറിച്ച് അവർ ഓർത്തതേയില്ല സ്വന്തം കുടുംബത്തിന്റെ പ്രാരാബ്ധങ്ങളിൽ സ്വയം തളച്ചിടുകയായിരുന്നു റേച്ചൽ. അമ്മ മറിയ കാഴ്സനൊപ്പമായിരുന്നു. അകാലത്തിൽ മരണപ്പെട്ട തന്റെ സഹോദരിയുടെ രണ്ടു പെണ്മക്കളുടെ സംരക്ഷണ ചുമതലയും റേച്ചലിനായിരുന്നു. 1952 ൽ എഴുത്തിലും സ്വന്തം ഗവേഷണപഠനങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായി, ജോലിയുപേക്ഷിച്ചു. ആ മനോഹരമായ പാറക്കെട്ടുകൾ നിറഞ്ഞ കടൽതീരത്ത് റേച്ചൽ ഒരു വേനൽക്കാല വസതി സ്വന്തമാക്കി. അപ്പോഴേക്കും അവർ പ്രശസ്തയായ ഒരു എഴുത്തുകാരിയായി മാറിക്കഴിഞ്ഞിരുന്നു.
ഡോറോത്തിയും സ്റ്റാൻലി ഫ്രീമാനും വർഷങ്ങളായി വേനൽകാലം ചെലവിട്ടിരുന്നത് അതിനു തൊട്ടടുത്ത വീട്ടിലായിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത്, റേച്ചൽ എഴുതിയ ‘നമുക്ക് ചുറ്റുമുള്ള കടൽ’ എന്ന പുസ്തകം, സ്റ്റാൻലി ഫ്രീമാന് ഒരു ജന്മദിന സമ്മാനമായി മകൻ സമ്മാനിച്ചിരുന്നു. കടൽതീരത്തെ തങ്ങളുടെ വീട്ടിലിരുന്ന് അവർ രണ്ടുപേരും കൂടി ആ ബുക്ക് വായിച്ചു. വായന അവരുടെ പ്രിയ വിനോദമായിരുന്നു. പ്രിയപ്പെട്ട എഴുത്തുകാരി തൊട്ടടുത്ത വീട് വാങ്ങിച്ചിരിക്കുന്ന വാർത്ത ഡോറോത്തിയെ ഉത്സാഹഭരിതയാക്കി. അവൾ പ്രിയ എഴുത്തുകാരിക്ക് സ്വാഗതമോതിക്കൊണ്ട് ഒരു കത്തയച്ചു. അഡ്രസ് അറിയില്ലല്ലോ. അതുകൊണ്ട് റേച്ചലിന്റെ പബ്ലിഷറുടെ പേർക്കാണയച്ചത്. മറുപടി കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു. പ്രതീക്ഷക്കു വിപരീതമായി ഡോറോത്തിയുടെ സ്വാഗതത്തിനു സ്നേഹമസൃണമായ നന്ദി അറിയിച്ച് റേച്ചൽ മറുപടി നൽകി. റേച്ചലും ഡൊറോത്തിയും കണ്ടുമുട്ടിയത് 1953ലെ വേനൽക്കാലത്തായിരുന്നു (1953 ജൂലൈയിൽ ). അന്ന് റേച്ചലിന് 46ഉം ഡോറോത്തിക്ക് 55 മായിരുന്നു പ്രായം.
പ്രസിദ്ധിയുടെ ആർഭാടങ്ങളൊന്നും നിഴലിക്കാത്ത ലാളിത്യമാർന്ന സ്വാഭാവികമായി പെരുമാറിയ റേച്ചൽ നടന്നു കയറിയത് ഡോറോത്തിയുടെ ഹൃദയത്തിലേക്കായിരുന്നു.
1952ൽ ഡോറോത്തി ഫ്രീമാൻ റേച്ചലിന് എഴുതിയ ഒരു കത്തിൽ നിന്ന് തുടക്കം കുറിച്ച ബന്ധം. സ്ഥലകാലങ്ങളുടെ ഭൗതിക തലങ്ങൾക്കപ്പുറത്തെങ്ങോ ഒരു ജന്മാന്തര ബന്ധത്തിന്റെ സാഫല്യ നിമിഷം തേടി ഡോറോത്തി ഒരു സ്വപ്നാടക പോലെ യാത്ര തുടങ്ങുകയായിരുന്നു. ആ ഒരു കത്തിലൂടെ തുടങ്ങി വച്ച അനുരണനങ്ങൾ ജീവിതാവസാനം വരെ അണുവികിരണങ്ങൾ പോലെ അവർക്കിടയിൽ ഒന്നിന് ഒരായിരമായി പകർന്നു പോയിക്കൊണ്ടിരുന്നു. പരസ്പരപൂരകമായ രണ്ടു മനസുകൾ, മാംസനിബദ്ധമല്ലാത്ത പ്രണയത്തിന്റെ ആ അഭൗമ കാമനയ്ക്ക് സമൂഹം കൽപ്പിച്ചനുവദിക്കാത്ത മനുഷ്യബന്ധത്തിന്റെ ആയിരമായിരം അർത്ഥതലങ്ങൾ ഉണ്ടായിരുന്നിരിക്കാം. അവർ പരസ്പരം സുദീർഘമായ കത്തുകൾ എഴുതിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെ അവർ രണ്ടുപേരും അവരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്തങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഒക്കെ അനുഭവിക്കുകയായിരുന്നു. അതെല്ലാം ആ കത്തുകളിൽ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. .
കടലിനോട് അദമ്യമായ അഭിനിവേശമുണ്ടായിരുന്ന രണ്ടുപേർ. ആ പൊരുത്തമായിരുന്നു റേച്ചലും ഡൊറോത്തിയും തമ്മിലുള്ള ഗാഢമായ സൗഹൃദത്തിന് അടിത്തറയിട്ടത്. 1952 ലെ ശിശിരകാലമായപ്പോഴേക്കും അവർ തമ്മിലുള്ള ആത്മാർത്ഥമായ കത്തിടപാടുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അപൂർവവും അഗാധവും ആയ ഒരു വ്യക്തിബന്ധം. ആദ്യവർഷത്തേത് തന്നെ 90 ഓളം കത്തുകളാണ് മാർത്ത കണ്ടെത്തിയത്. 11 വർഷങ്ങൾ അവർ തുടർച്ചയായി എഴുതിക്കൊണ്ടിരുന്നു. ശിശിരത്തിലും വസന്തത്തിലും തണുപ്പ് കാലത്തും റേച്ചൽ മെറിലാൻഡിലുള്ള വീട്ടിലായിരുന്നു. ഡോറോത്തി മസാച്ചസെറ്റ്സിലും. 1964ൽ റേച്ചൽ മരിക്കുന്നത് വരെ അകന്നു നിൽക്കുന്ന എല്ലാ ഋതുക്കളിലും അവർ തുടർച്ചയായി എഴുതിക്കൊണ്ടിരുന്നു.
റേച്ചൽ കാഴ്സണും ഡോറോത്തി ഫ്രീമാനും തമ്മിൽ 1952 മുതൽ 1964 വരെയെഴുതിയ കത്തുകൾ ഡോറോത്തിയുടെ ചെറുമകളായ മാർത്താ ഫ്രീമാൻ എഡിറ്റ് ചെയ്ത് ഒരു പുസ്തകമായിപ്രസിദ്ധീകരിച്ചിട്ടുണ്ട് Always Rachel (എല്ലായിപ്പോഴും, റെയ്ച്ചൽ)എന്ന പേരിൽ. മാർത്തയുടെ ബാല്യകാല സ്മൃതികളിൽ റെയ്ച്ചൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട ഒരു എഴുത്തുകാരിയായിരുന്നു. മാർത്തയ്ക്ക് അറിയാവുന്ന ആദ്യത്തെ പരിസ്ഥിതി ശാസ്ത്രജ്ഞയും റേച്ചലായിരുന്നു. റേച്ചലിന്റെ വിലമതിക്കാനാകാത്ത സർഗപ്രക്രിയയിലേക്ക് തുറക്കുന്ന ഒരു ജാലകം എന്ന നിലയിൽ ഈ കത്തുകൾ കൂടുതൽ മൂല്യവത്തായി മാറുമെന്ന് മാർത്ത അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ കത്തുകളിലൂടെ കടന്നുപോകുമ്പോൾ അതതു കാലഘട്ടത്തിൽ അവർ എഴുതിക്കൊണ്ടിരുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി അനുവാചകന് ലഭിക്കുന്നുണ്ട്. റേച്ചൽ കൊടിയ നിരാശയിൽ വീഴുമ്പോഴും പിന്നീട് ശാന്തത കൈവരിച്ച് എന്തെങ്കിലും ചെയ്യാൻ ഉറപ്പിക്കുമ്പോഴും അതൊക്കെ ആ കത്തുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
പ്രണയാർദ്രമായ രണ്ട് മനസുകൾ… അവിടെ ആണോ പെണ്ണോ എന്നതു വിഷയമല്ലെന്ന് തോന്നിപ്പോകുന്നു. ആർത്തലച്ചു പെയ്യുന്ന മഴ പോലെ. അലയാഴിയുടെ ഇരുമ്പൽ പോലെ റേച്ചലിന്റെ ജീവിതത്തിലെ അവസാനത്തെ 12 വർഷങ്ങൾ പ്രണയത്തിന്റെ വേലിയേറ്റമായിരുന്നു. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ റേച്ചലിനെ തേടിയെത്തിയ മാരകരോഗത്തിൽ നിന്ന് മരണത്തിന്റെ മറുകരയെത്തിക്കാൻ എത്തിയ ഒരു തോണിയായിരുന്നു ഡോറോത്തി ഫ്രീമാൻ. അവർക്കിടയിൽ സ്നേഹത്തിന്റെ കടലിരമ്പുകയായിരുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങൾ അവരുടെ പ്രണയത്തിനു മുന്നിൽ നമ്രശിരസ്കരായി നിന്നു. അവരൊന്നും അറിഞ്ഞതേയില്ല. വിശുദ്ധമായ ഒരു പ്രണയം. തളർന്നുപോയ മനസിന്റെ ഊർജ പ്രവാഹമായി മാറി.
1964 ഏപ്രിൽ 14ന്, 56 ആമത്തെ വയസിൽ റേച്ചൽ മരണത്തിനുകീഴടങ്ങി. പ്രിയപ്പെട്ടവളെ, ഈ കഴിഞ്ഞുപോയ വർഷങ്ങളത്രയും എത്ര അഗാധമായി ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുതേ എന്ന ഓർമ്മപ്പെടുത്തലോടെ അവസാനമെഴുതിയ കത്ത് മരണാനന്തരമാണ് ഡോറോത്തിയുടെ കയ്യിലെത്തിയത്. ചിതാഭസ്മത്തിന്റെ പകുതി മേരിറിലാന്റിലെ പാർക്ക്ലോൺമെമ്മോറിയൽ സെമിത്തേരിയിലെ അമ്മയുടെ ശവകുടീരത്തിൽ അടക്കം ചെയ്തു. മറ്റേപകുതി, ആത്മമിത്രമായിരുന്ന ഡോറോത്തി ഫ്രീമാൻ ഷീപ്സ്ക്കോട്ട് ഉൾക്കടലിന്റെ തീരത്ത് വിതറി. കടൽ ആ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നല്ലോ.