Site icon Janayugom Online

സഹകരണ മേഖല തകര്‍ക്കലിന് വേഗം കൂട്ടി: കേരള ബാങ്കിനെ തരംതാഴ്ത്തി ആര്‍ബിഐ

Keralabank

സംസ്ഥാനത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ കേന്ദ്രം നടപടികള്‍ക്ക് വേഗംകൂട്ടി. ആദ്യഘട്ടത്തില്‍ കേരളത്തിന്റെ സ്വന്തം ബാങ്കായ ‘കേരള ബാങ്കി‘നെ ബി ക്ലാസില്‍ നിന്ന് സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി.
റിസര്‍വ് ബാങ്കിന്റെ നടപടിയെ തുടര്‍ന്ന് വായ്പാ വിതരണത്തില്‍ അടക്കം വിവിധ നിയന്ത്രണങ്ങളാണ് കേരള ബാങ്കിനുമേല്‍ വരുന്നത്. ഇതനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ അറിയിച്ചുകൊണ്ട് ശാഖകള്‍ക്ക് കേരള ബാങ്ക് സര്‍ക്കുലര്‍ അയച്ചു. 

സി ക്ലാസിലേക്ക് മാറിയതിനെത്തുടര്‍ന്ന് കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നേരത്തെ നൽകിയ വായ്പകൾ ഘട്ടംഘട്ടമായി തിരിച്ചുപിടിക്കണമെന്നും നിർദേശമുണ്ട്. നബാഡിന്റെ റിപ്പോർട്ടിന്റെ പേരിലാണ് ആര്‍ബിഐ നടപടി. വ്യക്തിഗത വായ്പകളാണ് കേരള ബാങ്കിന്റെ ഇടപാടിൽ 80 ശതമാനത്തോളം. എന്നാല്‍, 25 ലക്ഷത്തിന് മുകളിലുള്ള തുക വ്യക്തിഗത വായ്പയായി അനുവദിക്കുന്നത് കുറവാണെന്നതിനാല്‍ വലിയ തിരിച്ചടിയെന്ന ആശങ്ക വേണ്ടെന്നാണ് കേരള ബാങ്കിന്റെ നിലപാട്. എങ്കിലും, സംസ്ഥാനത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് കേരള ബാങ്കിനെതിരെയുള്ള നടപടിയെന്നതാണ് ആശങ്കയുയര്‍ത്തുന്നത്.

വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പകള്‍ കിട്ടാക്കടമായി മാറുന്നുവെന്നാണ് ആര്‍ബിഐയുടെ കുറ്റപ്പെടുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധത്തെത്തുടര്‍ന്ന്, സംസ്ഥാനത്തെ വിവിധ വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതെ മുന്നോട്ടുപോകുന്നതില്‍ സഹായമായി നില്‍ക്കുന്ന കേരള ബാങ്കിനെതിരെയാണ് നടപടികളുണ്ടാകുന്നത്. നെല്ല് സംഭരണത്തിന്റെ കേന്ദ്രവിഹിതം ലഭിക്കാത്തതിന്റെ പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് തുക നല്‍കിയതിന്റെ വായ്പയുള്‍പ്പെടെ കിട്ടാക്കടമെന്നാണ് നബാഡും റിസര്‍വ് ബാങ്കും പറയുന്നത്. ഇത് കേരള ബാങ്കിന്റെയും കേരളത്തിന്റെയും വീഴ്ചയായി കണക്കാക്കിയാണ് തരംതാഴ്ത്തല്‍.
ഭരണ സമിതിയിൽ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലെന്നും, ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് മുകളില്‍ പോയെന്നുമുള്‍പ്പെടെ ആരോപണങ്ങളും നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പൊതുമേഖലാ ബാങ്കുകളില്‍ ഇതിലുമെത്രയോ അധികം ശതമാനം തുക വീഴ്ച വരുത്തിയ സമ്പന്നരുടെ വായ്പ എഴുതിത്തള്ളുകയാണ് ആര്‍ബിഐ എന്നതാണ് ശ്രദ്ധേയം.

കേരളാ ബാങ്കിന്റെ കീഴിലുള്ള സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപമായ 1.27 ലക്ഷം കോടിയിൽ കണ്ണുവച്ചാണ് കേന്ദ്രത്തിന്റെ ഇടപെടലുകളെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സഹകരണ മേഖലയെ പിടിച്ചടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്രം നേരത്തെ ഇടപെടലുകള്‍ ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ്, നാഷണൽ അർബൻ കോ-ഓപ്പറേറ്റീവ് ഫിനാൻസ് കോർപറേഷൻ എന്ന സ്ഥാപനം സഹകരണ മന്ത്രി കൂടിയായ അമിത് ഷാ ഉദ്ഘാടനം ചെയ്തത്. കേന്ദ്രത്തിന്റെ അർബൻ ബാങ്കുകളെക്കൊണ്ട് കേരളാ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കത്തക്കവിധമാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നത്. 

Eng­lish Sum­ma­ry: RBI down­grades Ker­ala Bank, accel­er­ates col­lapse of co-oper­a­tive sector

You may also like this video

Exit mobile version