Site iconSite icon Janayugom Online

സഹകരണ സംഘങ്ങള്‍ക്കെതിരായ ആര്‍ബിഐ നിലപാട്

പ്രാദേശിക വികസനത്തിലും സാമ്പത്തിക ശാക്തീകരണത്തിലും സഹകരണ പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ജീവിതത്തിന്റെ വിവിധതല സ്പര്‍ശിയായൊരു പ്രസ്ഥാനമാണ് കേരളത്തില്‍ അത്. അതുകൊണ്ടുതന്നെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള സഹകരണ രംഗത്തേക്ക് കടന്നുകയറുന്നതിനുള്ള നിയമവും കേന്ദ്രത്തില്‍ പ്രത്യേക വകുപ്പിന്റെ രൂപീകരണവുമൊക്കെ അതിന്റെ ഭാഗമായിരുന്നു. ഇതിനുപുറമേ സംസ്ഥാന സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് ബാങ്കിങ് ഇടപാടുകള്‍ നടത്തുന്ന ചെറുകിട സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ എന്ന പേര് ഉപയോഗിക്കരുതെന്ന നിര്‍ദേശവും പുറപ്പെടുവിക്കുകയുണ്ടായി. 2021ലായിരുന്നു അത്. ആ വര്‍ഷം ഏപ്രില്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധം ഇത് നടപ്പിലാക്കണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. അതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ചില നിയമഭേദഗതികളുടെ അടിസ്ഥാനത്തിലായിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ കൊണ്ടുവന്നതും 2020 സെപ്തംബർ 29ന് നടപ്പിലായതുമായ ഭേദഗതിയെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. സഹകരണ സംഘങ്ങളോട് ‘ബാങ്ക്’ എന്ന പദപ്രയോഗം നടത്തരുതെന്നും ബാങ്കിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നുമായിരുന്നു ആവശ്യപ്പെട്ടത്. ബാങ്ക് എന്ന പേരുപയോഗിക്കരുത് എന്ന നിര്‍ദേശം വാദത്തിന് അംഗീകരിച്ചാല്‍ പോലും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല എന്നത് സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കുന്നതിനും നിരവധി സ്ഥാപനങ്ങളുടെ അകാല മരണത്തിനും ഇടയാക്കിയേക്കാവുന്നതും സംസ്ഥാന അധികാരത്തിനുമേലുള്ള കടന്നുകയറ്റവും ആണെന്ന് അന്ന് വിമര്‍ശനമുയര്‍ന്നിരുന്നതാണ്.


ഇതുകൂടി വായിക്കൂ: സാംസ്കാരിക കേരളത്തിന്റെ സമഗ്രദര്‍ശനം


കേന്ദ്ര നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യും ഇതേ നിലപാട് സ്വീകരിക്കുകയും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജനങ്ങളെ വഞ്ചിക്കുന്നു എന്നെല്ലാമുള്ള തോന്നലുണ്ടാക്കുന്ന പ്രസ്തുത പരസ്യവും കേന്ദ്ര നീക്കത്തിന്റെ തുടര്‍ച്ചയായിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര നിര്‍ദേശത്തിനും ആര്‍ബിഐ നിലപാടിനുമെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ വീണ്ടും അതേ സമീപനവുമായി ആര്‍ബിഐ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ആര്‍ബിഐ വീണ്ടും ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെയുള്ള ജാഗ്രതാനിര്‍ദേശം എന്നാണ് പരസ്യത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനുപിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നതില്‍ സംശയത്തിന് വകയില്ല.


ഇതുകൂടി വായിക്കൂ: ദിശാസൂചകം നവകേരള കാഴ്ചപ്പാട്


ഭരണഘടനയനുസരിച്ച് സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. നിയന്ത്രണാധികാരി സഹകരണ സംഘം രജിസ്ട്രാറും. ഇതിനെ മറികടക്കുന്നതിന് കേന്ദ്രനിയമപ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍. നേരത്തെയുള്ളതാണെങ്കിലും ബിജെപി സര്‍ക്കാര്‍ നിയമത്തെ ശക്തിപ്പെടുത്തുകയും കോര്‍പറേറ്റുകള്‍ക്കും ഈ രംഗത്തേക്ക് കടന്നുവരുന്നതിന് വഴിയൊരുക്കുകയും ചെയ്തു. അതിന്റെ നേട്ടം പ്രധാനമായും ബിജെപിക്കാണ് ലഭിക്കുക എന്നതില്‍ സംശയമില്ല. പ്രസ്തുത ബാങ്കുകള്‍ക്ക് അതാത് സംസ്ഥാനങ്ങളുടെ നിയമപ്രകാരമുള്ള നിബന്ധനകള്‍ അംഗീകരിക്കുകയോ സംസ്ഥാന രജിസ്ട്രാറുടെ അനുമതി വാങ്ങുകയോ ചെയ്യേണ്ടതില്ല. ഇക്കാരണത്താല്‍ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷയുണ്ടാകില്ലെന്ന് ആര്‍ബിഐയെ മുന്നില്‍ നിര്‍ത്തി പറയിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന ആരോപണം അസ്ഥാനത്തല്ല. നേരത്തെയുണ്ടായിരുന്ന നിര്‍ദേശത്തിനെതിരെ നിയമനടപടി നിലനില്‍ക്കേയാണ് ഇത്തരമൊരു പരസ്യം ഉണ്ടായിരിക്കുന്നതെന്നതും അതിനെ സാധൂകരിക്കുന്നു. പലവിധത്തില്‍ സംസ്ഥാന അധികാരങ്ങളിലേക്ക് കടന്നുകയറാനും സാമ്പത്തിക സ്വാശ്രയത്വം തകര്‍ക്കുവാനും കേന്ദ്രം ശ്രമിക്കുന്നുവെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ആര്‍ബിഐയുടെ ഇപ്പോഴത്തെ നടപടി. 1970കളുടെ അവസാനം മുതല്‍ കേരളത്തിലെ പ്രാഥമിക കാർഷിക സഹകരണസ്ഥാപനങ്ങൾ ‘ബാങ്ക്’ എന്ന പേരിലാണ് പ്രവർത്തിച്ചുവരുന്നത്. അങ്ങനെയുള്ള സഹകരണ ബാങ്കുകൾക്കുപുറമെ 15,000 ത്തോളം വരുന്ന മറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെയും ബാങ്കിങ് ഇടപാടുകളെയും ആർബിഐയുടെ മുന്നറിയിപ്പ് ബാധിക്കും. അതിനാല്‍ത്തന്നെ നിക്ഷേപകരെ ഭീതിയിലാക്കുന്നതും കേരളത്തിന്റെ സാമ്പത്തിക മേഖലയെ വളരെയധികം ദോഷകരമായി ബാധിക്കുന്നതുമായ ഈ നിര്‍ദേശം അടിയന്തരമായി പിന്‍വലിക്കേണ്ടതാണ്.

Exit mobile version