6 May 2024, Monday

Related news

May 2, 2024
April 26, 2024
April 26, 2024
April 24, 2024
April 22, 2024
April 19, 2024
April 18, 2024
April 15, 2024
April 15, 2024
April 3, 2024

ദിശാസൂചകം നവകേരള കാഴ്ചപ്പാട്

സംരംഭകന്റെ ന്യായമായ ഒരു ആവശ്യത്തിനും ചുവപ്പുനാട പ്രതിസന്ധിയാകില്ല
സഹകരണമേഖലയിൽ ഓഡിറ്റ് കുറ്റമറ്റതും സുശക്തവുമാക്കും
2026ൽ 15 ലക്ഷം വിദേശ വിനോദസഞ്ചാരികളെ കേരളത്തിലെത്തിക്കും
എല്ലാ സമിതികളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
November 7, 2023 10:09 pm

കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നതോടൊപ്പം, ഭാവി കേരളത്തിന്റെ ദിശാസൂചിക പ്രഖ്യാപിക്കുന്ന നവകേരള കാഴ്ചപ്പാട് അവതരണത്തിനും കേരളീയം വേദിയായി. കേരളത്തില്‍ സമസ്ത മേഖലകളിലും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. കഴിഞ്ഞ നാല് ദശകത്തിലെ കണക്കെടുത്താൽ 40 ശതമാനം ആയിരുന്നു കേരളത്തിലെ ദാരിദ്ര്യ നിരക്ക്. ഇന്നത് വെറും 0.6 ശതമാനം മാത്രമാണ്. ഇത് മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക മേഖലയിൽ മൂല്യവർധിത ഉല്പന്നങ്ങളുടെ ഉല്പാദനം ത്വരിതപ്പെടുത്തും. ഇതിനായി ഭക്ഷ്യ പാർക്ക്, വ്യവസായ പാർക്ക് എന്നിവിടങ്ങളിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ ശ്രമിക്കും. ഭൂമിയും ഭൂരേഖകളും എല്ലാവർക്കും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. പട്ടയഭൂമിയിൽ ഭൂവിനിയോഗം സംബന്ധിച്ച നിയന്ത്രണങ്ങൾ ലളിതമാക്കാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കിയിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിച്ചാലുടൻ ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ രൂപീകരിച്ചു നടപടി സ്വീകരിക്കും.

ഭക്ഷ്യസുരക്ഷാ രംഗത്ത് ഓരോ വ്യക്തിക്കും അളവിലും തൂക്കത്തിലും ഉള്ള പോഷകമൂല്യമുള്ള പോഷകാഹാരം നൽകുക എന്നതാണ് ലക്ഷ്യം. പാർപ്പിട മേഖലയിൽ 3,55,216 വീടുകൾ നിർമ്മിച്ചു. ഈ മേഖലയിൽ ഇനിയും വേഗത ആവശ്യമാണ്. ഇതിനായി കേന്ദ്ര സഹായത്തിൽ വർധന ഉണ്ടായേ പറ്റൂയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയിൽ സഹകാരികളും നിക്ഷേപകർക്കും പൊതുജനങ്ങൾക്കും അചഞ്ചലമായ വിശ്വാസമാണ്. എന്നാൽ ആ വിശ്വാസം തകർക്കാൻ പല കോണുകളിൽനിന്നും ശ്രമങ്ങൾ ഉണ്ടെന്നും അത് വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ മേൽനോട്ട സംവിധാനം ശക്തിപ്പെടുത്താൻ നിയമഭേദഗതി നിയമസഭ അംഗീകരിച്ചതാണ്. സഹകരണമേഖലയിൽ ഓഡിറ്റ് കുറ്റമറ്റതും സുശക്തവുമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും.

വ്യവസായ മേഖലയിൽ കേരളത്തെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാക്കാനുള്ള നടപടികൾ സ്വീകരിക്കും. കേരളത്തിൽ നിക്ഷേപിക്കാൻ വരുന്ന സംരംഭകന്റെ ന്യായമായ ഒരു ആവശ്യത്തിനും ചുവപ്പുനാട പ്രതിസന്ധി ഉണ്ടാക്കില്ല. മെഡിക്കൽ ഉപകരണ നിർമ്മാണ വ്യവസായത്തിന്റെ ഹബ്ബ് ആയി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. ഐടി മേഖലയിൽ നിർമ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിവ പ്രോത്സാഹിപ്പിക്കും. ഐടി മേഖലയിൽ ഉയർന്ന തസ്തികയിൽ വനിതാ പ്രതിനിധ്യം കൂട്ടും. പശ്ചാത്തല സൗകര്യ വികസന മേഖലയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായെന്നും മറ്റു ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

റോഡ്, റെയിൽ, ജലഗതാഗത മേഖലകളിൽ പ്രഖ്യാപിച്ച പദ്ധതികൾ മൂന്നുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ ശ്രമം നടത്തും. വിനോദസഞ്ചാര മേഖലയിൽ 2026ൽ 15 ലക്ഷം വിദേശ വിനോദസഞ്ചാരികളെ കൊണ്ടുവരികയാണ് ലക്ഷ്യം. പഠനത്തിനൊപ്പം തൊഴിലും പദ്ധതി വിപുലപ്പെടുത്തും. പൊതുവിദ്യാഭ്യാസ രംഗത്ത് പട്ടികജാതി/വർഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാന്‍ ഉന്നത വിദ്യാഭ്യാസ മേഖല പ്രാപ്തമാക്കും. ജനാധിപത്യ മതനിരപേക്ഷ ശാസ്ത്ര മൂല്യങ്ങൾ ഉറപ്പാക്കി ആധുനിക സാങ്കേതിക വിദ്യ ഉൾചേർത്തുകൊണ്ടുള്ള സ്കൂൾ കരിക്കുലം പരിഷ്കരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കും. സംസ്ഥാനത്തിന് പുറത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ നടപടികൾ സ്വീകരിക്കും. ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും ലഭ്യമാക്കുന്ന പ്രവർത്തിയുടെ വേഗത കൂട്ടും. മുതിർന്ന പൗരന്മാരുടെ മാനസിക‑ശാരീരിക ആരോഗ്യ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദം ആക്കും. ഇതിനായി പ്രത്യേക പരിശോധന നടത്തും. എല്ലാ സമിതികളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഹരിത കർമ്മ സേനയുടെ പ്രവർത്തനം സംസ്ഥാനത്തെമ്പാടും കാര്യക്ഷമമായി നടത്തും. 64,006 അതിദാരിദ്ര്യ കുടുംബങ്ങളിൽ ഇനി അതിദാരിദ്ര്യ പട്ടികയിൽ നിന്നും മോചിപ്പിക്കേണ്ടത് 33,348 കുടുംബങ്ങളെ മാത്രമാണ്.

ഒരു മേഖലയിൽ സർക്കാർ പ്രവർത്തനം മെച്ചപ്പെടുത്തിയാൽ ആ മേഖലയിൽ പണം പിന്നെ തരില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പണം ഇല്ലാതെ നേട്ടങ്ങൾ നിലനിർത്താൻ കഴിയില്ല.
67 വ്യത്യസ്ത ഭാഷകളിൽ 67 പേർ ഓൺലൈൻ വീഡിയോ മുഖേന കേരളപ്പിറവി ആശംസ കേരളീയത്തിന്റെ ഭാഗമായി നേർന്നതിലൂടെ ലഭിച്ച ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. കേരളീയം പരിപാടി നടന്ന ഒരാഴ്ചയിൽ എല്ലാ ദിവസവും നഗരം വൃത്തിയാക്കിയ തിരുവനന്തപുരം കോർപറേഷനിലെ ഹരിതകർമ്മസേനയെയും കോർപറേഷൻ ജീവനക്കാരെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

കേരളീയത്തിന്റെ പ്രധാന സ്പോൺസർമാർ, സബ് കമ്മിറ്റി ഭാരവാഹികൾ, കേരളീയം ലോഗോ ഡിസൈൻ ചെയ്യുകയും ബ്രാൻഡിങ് നടത്തുകയും ചെയ്ത ബോസ് കൃഷ്ണമാചാരി എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. കേരളീയം നടന്ന ദിവസങ്ങളിൽ രാത്രി തന്നെ നഗരവും വേദികളും ശുചിയാക്കിയതിനുള്ള ഉപഹാരം തിരുവനന്തപുരം നഗരസഭയ്ക്ക് നൽകി.

മന്ത്രിമാരായ ജി ആര്‍ അനില്‍, പി പ്രസാദ്, ‍ജെ ചിഞ്ചുറാണി, സജി ചെറിയാന്‍, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ഡോ. ആർ ബിന്ദു, പി എ മുഹമ്മദ് റിയാസ്, പി രാജീവ്, വി എൻ വാസവൻ, വീണാ ജോർജ്, പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ. വി കെ രാമചന്ദ്രൻ, എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹീം, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, ജി സ്റ്റീഫൻ, വി കെ പ്രശാന്ത്, ഐ ബി സതീഷ്, വി ശശി, ഡി കെ മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ എസ് ഹരികിഷോർ നന്ദി പറഞ്ഞു. തുടർന്ന് മ്യൂസിക്കൽ മെഗാ ഷോ ‘ജയം’ അരങ്ങേറി.

Eng­lish Sum­ma­ry: Achieve­ments of Ker­ala government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.