Site iconSite icon Janayugom Online

അതിജീവനപാഠം: ദുരന്തഭൂമിയിലെ വീണ്ടെടുപ്പിന്റെ വേദിയായി പുന:പ്രവേശനോത്സവം

മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പുന:പ്രവേശനോത്സവം വിദ്യാഭ്യാസ‑തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വെള്ളാര്‍മല‑മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പുന:പ്രവേശനോത്സവം അതിജീവനത്തിന്റെയും വീണ്ടെടുക്കലിന്റെയും വേദിയെന്ന് പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരന്തമുണ്ടായി 34 ദിനങ്ങള്‍ പിന്നിട്ടാണ് നമ്മള്‍ പുന:പ്രവേശനോത്സവത്തിന് ഒത്തുചേരുന്നത്. നാളിതുവരെ പുനസൃഷ്ടിക്കായുള്ള പ്രയത്നത്തിലാണ് നാമെല്ലാവരും. കേന്ദ്ര‑സംസ്ഥാന സര്‍ക്കാറുകള്‍, ജില്ലാ ഭരണകൂടം, സൈന്യം, വിവിധ സേനകള്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒറ്റക്കെട്ടായി നിന്ന് മുന്നേറുകയാണ്. ദുരന്തബാധിതരുടെ പുനരധിവാസ ക്രമീകരണങ്ങള്‍ വേഗത്തി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തത്തില്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുവിദ്യാഭ്യാസ‑തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്തു. 

നിലവിലെ നടപടി ക്രമങ്ങളും നിശ്ചിത ഫീസും ഒഴിവാക്കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട 188 അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് പരീക്ഷാ ഭവനിലേക്ക് ലഭ്യമാക്കിയതില്‍ 135 പേരുടെ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.
ശേഷിക്കുന്ന 33 സര്‍ട്ടിഫിക്കറ്റുകള്‍ 2000 ‑ത്തിന് മുന്‍പുളളവ ആയതിനാല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒന്നാം പേജ് പൂരിപ്പിക്കാന്‍ ബന്ധപ്പെട്ട സ്‌കൂളുകളിലേക്ക് അയച്ചു നല്‍കിയതായും മന്ത്രി പറഞ്ഞു.
നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ദുരന്ത ഘട്ടത്തില്‍ വയനാട്ടിലെ ജനതക്കൊപ്പം നിലകൊണ്ട എല്ലാവര്‍ക്കും മന്ത്രി നന്ദി പറഞ്ഞു. അപരിഹാര്യമായ നഷ്ടമാണ് സംഭവിച്ചത്. നമുക്ക് മുന്നോട്ട് പോകണം. നിങ്ങളെ ഈ നാട് ചേര്‍ത്ത് പിടിക്കുന്നുണ്ട്. പഠിച്ചു മുന്നേറുക. ഇതിനായി എല്ലാ സാഹചര്യവും പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും വിദ്യാര്‍ത്ഥികളോട് മന്ത്രി വ്യക്തമാക്കി.
സമൂഹത്തിന്റെ ഐക്യബോധവും കൂട്ടായുള്ള പ്രവര്‍ത്തനവും പ്രശംസനീയമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ മികച്ച വിദ്യാഭ്യാസം നേടി മുന്നേറണമെന്ന രക്ഷിതാക്കളുടെ സ്വപ്‌ന സാക്ഷാത്കാരമാണ് പുന:പ്രവേശനത്തിലൂടെ സാധ്യമാകുന്നത്. മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തമേഖലയിലെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാറിന്റെയും മന്ത്രിസഭാഉപസമിതി അംഗങ്ങളുടെയും നിരന്തര ശ്രദ്ധയുണ്ടെന്നും മന്ത്രി പറഞ്ഞു. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഠനോപകരണങ്ങള്‍ ടി സിദ്ദിഖ് എം എല്‍ എയും വിതരണം ചെയ്തു. യൂണിഫോം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിതരണം ചെയ്തു. സ്‌കൂള്‍ ഗ്രാന്റ് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ വിതരണം ചെയ്തു. ഐ ടി ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബിന്ദു വിതരണം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാപാസ് വിതരണം ചെയ്തു. 

നഴ്സറി കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ടീച്ചര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി നാസര്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം സി രാഘവന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബിഷ് കുര്യന്‍, സി കെ നൂറുദ്ദീന്‍, എന്‍ കെ സുകുമാരന്‍, എസ് എസ് കെ അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ കെ ജി ഷൈന്‍ മോന്‍, വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ വി എ ശശീന്ദ്രവ്യാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version