ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പ്രഖ്യാപിച്ച് തുടങ്ങിയതോടെ വിമതശല്യത്തില്‍ വലഞ്ഞ് ബിജെപി. ഭരണ വിരുദ്ധ വികാരവും ജീവനക്കാരുടെ പ്രതിഷേധവും പിന്നാക്ക വിഭാഗങ്ങളുടെ അതൃപ്തിയും മോഡി-അമിത് ഷാ സഖ്യത്തിന് കനത്ത് വെല്ലുവിളിയാകുന്നു. ഈ സാഹചര്യം മുതലെടുക്കാനുള്ള നീക്കത്തിലാണ് അധികാരം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും, അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്ന ആംആദ്മി പാര്‍ട്ടിയും.
ഗുജറാത്ത് വംശഹത്യാക്കേസിലെ പ്രതിയുടെ മകള്‍ക്കും ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികളെ അനുമോദിച്ചവര്‍ക്കും സീറ്റ് നല്‍കി പച്ചയായ ഹിന്ദുത്വ കാര്‍ഡിറക്കിയാണ് നരേന്ദ്ര മോഡി സ്വന്തം തട്ടകത്തില്‍ വോട്ട് തേടുന്നത്. എങ്കിലും ആദ്യഘട്ടത്തില്‍ തന്നെ 12ലധികം സീറ്റുകളിലാണ് വിമതഭീഷണിയുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിയുന്നതോടെയെ വിമത ഭീഷണിയുടെ പൂര്‍ണചിത്രം തെളിയുകയുള്ളു. കെഷോദ് മണ്ഡലത്തിലെ മുന്‍ എംഎല്‍എ അരവിന്ദ് ലദാനി പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പദ്ര മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ എംഎല്‍എ ദിനേഷ് പട്ടേല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. വഗോദിയ മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ മധു ശ്രീവാസ്തവ്, നന്ദോഡ് മണ്ഡലത്തില്‍ മുന്‍ എംഎല്‍എ ഹര്‍ഷദ് വാസവ എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്.
മഹുവ മണ്ഡലത്തില്‍ ആര്‍സി മഖ്‌വാനക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. നരോദയില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബല്‍റാം തവാനിയുടെ അനുയായികള്‍ സംസ്ഥാന ആസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തി. വിജയ്‍പുര്‍ മണ്ഡലത്തില്‍ രമണ്‍ പട്ടേലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലും പ്രതിഷേധമുണ്ട്. രാപറിലെ യോഗി ദേവ്‌നാഥ് ബിജെപി വിട്ടു. മുന്‍ എംപി ദേവ്ജി, ജഷുഭായ് പട്ടേല്‍, സിറ്റിങ് എംഎല്‍എ കേര്‍സി സിങ് എന്നിവരും വിയോജിപ്പിലാണ്. ബിജെപിയുടെ പങ്കാളിത്ത പദ്ധതിക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് പ്രതിഷേധത്തിലാണ്. ഇത് മുതലെടുത്ത്, അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പദ്ധതികൾ പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസും ആംആദ്മി പാർട്ടിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ലക്ഷത്തോളം സർക്കാർ ജീവനക്കാരാണ് പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. 2019ൽ രണ്ട് ലക്ഷത്തോളം പ്രൈമറി അധ്യാപകർ ലീവെടുത്ത് വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മറ്റു സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കുചേർന്നു. പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന പ്രതിപക്ഷ പാർട്ടികളുടെ വാഗ്ദാനം ബിജെപിക്ക് ഭീഷണിയാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലെത്തി വമ്പന്‍ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 10 തവണയാണ് മോഡി ഗുജറാത്ത് സന്ദര്‍ശിച്ചത്. റോഡ്ഷോകൾ, പൊതുയോഗങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവയില്‍ 1.18 ലക്ഷം കോടിയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഈ സന്ദർശനങ്ങളിൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് പാർട്ടിയെ വളർത്തിയെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ചകളുമായി സംസ്ഥാനത്ത് ദിവസങ്ങൾ ചെലവഴിച്ചിരുന്നു. അതിനിടെ സംസ്ഥാനത്തെ പ്രധാന വോട്ടർമാരായ മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്താനായി ഡീസലിന്റെയും മണ്ണെണ്ണയുടെയും വിഹിതം സംസ്ഥാന സർക്കാർ വര്‍ധിപ്പിച്ചു. അതിന്റെ അനുമോദനവും മോഡിക്കാണ് നല്‍കിയത്. ഒമ്പത് മണ്ഡലങ്ങളിലെങ്കിലും നിർണായക സ്വാധീനമുള്ളവരാണ് മത്സ്യത്തൊഴിലാളികൾ. ഖർവാസ്, മോഹില കോലിസ്, മച്ചിയാര മുസ്‍ലിം, ഭിൽസ്, ടാൻഡെൽസ്, മച്ചി, കഹാർ, വഗേർസ്, സെല്ലാർ എന്നിവരുൾപ്പെടെ 18 ഓളം വിഭാഗങ്ങളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ദേശീയ മത്സ്യ ഉല്പാദനത്തിന്റെ ഏഴ് ശതമാനം സംഭാവന ചെയ്യുന്നത് ഗുജറാത്താണ്. കർഷകർക്കിടയിലെ അമർഷം, പ്രത്യേകിച്ച് സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് മേഖലകളിൽ, തൊഴിലില്ലായ്മ, നിലവിലെ സംസ്ഥാന നേതൃത്വത്തെക്കുറിച്ചുള്ള അണികൾക്കിടയിലെ ആശങ്ക എന്നിവയും പാർട്ടിക്ക് തലവേദനയാണ്. മോർബിയിൽ തൂക്കുപാലം തകർന്ന് 130 ലേറെ പേർ മരിച്ച സംഭവവും ബിജെപിക്ക് തിരിച്ചടിയാണ്. മോർബി ഉൾപ്പെടുന്ന സൗരാഷ്ട്രയിലും വടക്കൻ ഗുജറാത്തിലും കഴിഞ്ഞ തവണ കോൺഗ്രസിനായിരുന്നു ഭൂരിഭാഗം സീറ്റിലും വിജയം.
English Summary: Rebel harassment as a challenge for BJP
You may also like this video