Site iconSite icon Janayugom Online

ക്രിസ്മസിന് റെക്കോർഡ് മദ്യവിൽപന; കേരളത്തിൽ മൂന്ന് ദിവസത്തിനിടെ വിറ്റത് 791 കോടിയുടെ മദ്യം

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ കുതിപ്പ്. ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ റെക്കോർഡ് വിൽപനയാണ് രേഖപ്പെടുത്തിയത്. ക്രിസ്മസ് ദിനത്തിൽ മാത്രം 333 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ചുതീർത്തത്. കഴിഞ്ഞ വർഷം ഇതേ ദിവസം 279 കോടി രൂപയുടെ വിൽപന നടന്ന സ്ഥാനത്താണിത്. അതായത് മുൻവർഷത്തേക്കാൾ 53 കോടി രൂപയുടെ വർധനവ്. ക്രിസ്മസ് തലേന്ന് 273.41 കോടിയുടെ മദ്യവും ബെവ്കോയിൽ നിന്ന് വിൽപന നടത്തി. കഴിഞ്ഞ വർഷം 224.68 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിൽപന നടത്തിയത്. ക്രിസ്മസിനും തൊട്ട് മുൻപുള്ള മൂന്നു ദിവസങ്ങളിലുമായി കേരളത്തിൽ വിറ്റഴിച്ചത് 791 കോടിയുടെ മദ്യമാണ്. 

ഈ വർഷത്തെ ഓണക്കാലത്ത് 920.74 കോടി രൂപയുടെ മദ്യവിൽപന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്മസ് വിപണിയിലും ബെവ്കോ വലിയ ലാഭമുണ്ടാക്കുന്നത്. ക്രിസ്മസ് കാലത്തെ റെക്കോർഡ് വിൽപനയാണിതെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. ന്യൂ ഇയർ ആഘോഷങ്ങൾ കൂടി വരുന്നതോടെ വിൽപന ഇനിയും ഉയരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

Exit mobile version