Site iconSite icon Janayugom Online

മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിൽ റെക്കോർഡ് മദ്യവേട്ട; 2025ൽ പിടികൂടിയത് 36 ലക്ഷം ലിറ്റർ മദ്യം

മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം പിടികൂടിയത് 36.3 ലക്ഷം ലിറ്ററിലധികം മദ്യം. നിരോധന നിയമങ്ങൾ ലംഘിച്ചതിന് 1.25 ലക്ഷം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്തവയിൽ 18.99 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 17.39 ലക്ഷം ലിറ്റർ നാടൻ മദ്യവുമാണെന്ന് പൊലീസ് ഡയറക്ടർ ജനറൽ വിനയ് കുമാർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അറസ്റ്റിലായവരുടെ എണ്ണത്തിലും മദ്യം പിടിച്ചെടുത്ത അളവിലും 25 മുതൽ 30 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. 2016 ഏപ്രിലിലാണ് ബിഹാർ സർക്കാർ പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കിയത്. എന്നാൽ നിയമം നിലനിൽക്കെത്തന്നെ മദ്യക്കടത്തും വ്യാജമദ്യ മരണങ്ങളും സംസ്ഥാനത്ത് പതിവാണ്. ഇത്തവണ വ്യാജമദ്യ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മദ്യക്കടത്ത് വ്യാപകമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അനധികൃത മദ്യവ്യാപാരത്തിലൂടെ സ്വത്ത് സമ്പാദിക്കുന്നവരെ ലക്ഷ്യം വെച്ച് സാമ്പത്തികമായ തടസ്സങ്ങൾ സൃഷ്ടിക്കാനാണ് പോലീസിന്റെ നീക്കം. ഇത്തരത്തിൽ 289 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായും ഡിജിപി വ്യക്തമാക്കി. 

മദ്യക്കടത്ത് തടയാൻ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും ബിഹാർ പൊലീസ് വ്യാപകമായ പരിശോധനകൾ നടത്തി. ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ 38 പ്രത്യേക ഓപ്പറേഷനുകളിലൂടെ ലക്ഷക്കണക്കിന് ലിറ്റർ മദ്യവും നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. 2024നെ അപേക്ഷിച്ച് ഇത്തരം ഓപ്പറേഷനുകളുടെ എണ്ണത്തിലും വലിയ വർധനവാണുള്ളത്. നിരോധനം കർശനമായി നടപ്പിലാക്കാൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.

Exit mobile version