ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് സമാപ്തി കുറിക്കുമ്പോൾ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 41 ദിവസം നീണ്ടുനിന്ന മണ്ഡലകാലത്ത് വെള്ളിയാഴ്ച വരെ 332.77 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ ആകെ മണ്ഡലകാല വരുമാനം 297.06 കോടി രൂപയായിരുന്നു. ഇത്തവണ കാണിക്കയായി മാത്രം 83.17 കോടി രൂപ ലഭിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും വരുമാനത്തിൽ ഏകദേശം 35 കോടിയോളം രൂപയുടെ വർധനവാണുണ്ടായത്. ഈ സീസണിൽ 30 ലക്ഷത്തിലേറെ ഭക്തർ സന്നിധാനത്ത് ദർശനം നടത്തി. കഴിഞ്ഞ മണ്ഡലകാലത്ത് 32.49 ലക്ഷം പേരായിരുന്നു ദർശനത്തിന് എത്തിയത്. ശനിയാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തിയാകും.

