Site iconSite icon Janayugom Online

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അവധിയെടുത്ത റവന്യൂ വകുപ്പ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിച്ച് മന്ത്രി കെ രാജന്‍

ഫിഞ്ചാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. ഡിസംബര്‍ ആരംഭിക്കുമ്പോള്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവധിയെടുത്ത റവന്യൂ വകുപ്പ് ജീവനക്കാര്‍ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി.

ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്ത നിവാരണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എല്ലാ റവന്യൂ ഓഫീസുകളും സജ്ജമാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്.അതേസമയം കോട്ടയം കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയതായി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അറിയിച്ചു. അതേസമയ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കനത്തമഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ടയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാളെ മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗം മാറ്റിവെച്ചിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് ചേരാനിരുന്ന യോഗം മാറ്റിവെച്ചത്. കളക്ടര്‍മാര്‍ അതാത് ജില്ലകളില്‍ ഉണ്ടാകണമെന്ന സാഹചര്യത്തിലാണ് യോഗം മാറ്റിയത്.

Exit mobile version