Site icon Janayugom Online

വലിയചുടുകാട്ടിലും മാരാരിക്കുളത്തും പുന്നപ്രയിലും നാളെ ചെങ്കൊടികളുയരും

രാജവാഴ്ചയ്ക്കും ദിവാൻഭരണത്തിനും എതിരെ നടന്ന പ്രതിഷേധ സമരങ്ങളുടെ ഉറവ വറ്റാത്ത ഓർമ്മകളുമായി 75-ാമത് പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് തുടക്കം കുറിച്ച് നാളെ വലിയചുടുകാട്ടിലും മാരാരിക്കുളത്തും പുന്നപ്രയിലും കൊടി ഉയരും. പതാകദിനമായ നാളെ സി എച്ച് കണാരൻ ദിനമായി ആചരിക്കും. വാരാചരണത്തിന്റെ ഭാഗമായി നൂറുകണക്കിന് കേന്ദ്രങ്ങളിലും ഇന്ന് ചെങ്കൊടികൾ ഉയരും.

ധീരരക്തസാക്ഷികളും കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടൂകാട്ടിൽ വിപ്ലവഗായിക പി കെ മേദിനിയും സമരപോരാളികൾ വെടിയേറ്റ് മരിച്ച മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസറും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും നാളെ വൈകിട്ട് 5ന് പതാക ഉയർത്തും.

രക്തസാക്ഷി കാട്ടൂര്‍ ജോസഫിന്റെ വീട്ടില്‍ നിന്നുള്ള പതാക നാളെ വൈകിട്ട് 3ന് അമ്പലപ്പുഴ താലൂക്ക് വാരാചരണ കമ്മിറ്റി സെക്രട്ടറി ആര്‍ സുരേഷ് ഏറ്റുവാങ്ങി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തിക്കും. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ രക്തസാക്ഷികള്‍ കൃഷ്ണന്റേയും ഗോപാലന്റേയും വീട്ടില്‍ നിന്നും മേഖലാ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി പവനന്‍ രക്തപാതക ഏറ്റുവാങ്ങി വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ എത്തിക്കും. പതാക ഉയര്‍ത്തിലിന് ശേഷം നടക്കുന്ന സി എച്ച് കണാരന്‍ അനുസ്മരണ സമ്മേളനത്തില്‍ വി എസ് മണി അധ്യക്ഷനാകും. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും. ബി നസീര്‍ സ്വാഗതം പറയും. മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തില്‍ ഉയര്‍ത്താനുള്ള പതാക മുഹമ്മയില്‍ നിന്നും കൊടികയര്‍ കണിച്ചുകുളങ്ങരയില്‍ നിന്നും ബാനര്‍ മാരാരിക്കുളത്ത് നിന്നുമാണ് കൊണ്ടുവരുന്നത്.

പുന്നപ്ര സമര ഭൂമിയിലെ രക്ത സാക്ഷി മണ്ഡപത്തിൽ ഉയർത്തുന്നതിനുള്ള രക്ത പതാക പുറക്കാട് വാരാചരണ കമ്മിറ്റി സെക്രട്ടറി കെ അശോകനിൽ നിന്ന് പ്രസിഡന്റ് പി സുരേന്ദ്രൻ നാളെ വൈകിട്ട് 4ന് തോട്ടള്ളിയിൽ വെച്ച് ഏറ്റുവാങ്ങും. വാദ്യമേളങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ പതാക സമരഭൂമിയിൽ എത്തിക്കും. സമരഭൂമിയിൽ സ്ഥാപിക്കുന്നതിനുള്ള കൊടിമരം പുന്നപ്ര തെക്ക് പഞ്ചായത്ത് 1-ാം വാർഡിലെ സമര സേനാനി ശശിധരന്റെ ഭാര്യ ശ്യാമളയിൽ നിന്ന് വാരാചരണക്കമ്മിറ്റി സെക്രട്ടറി ടി എസ് ജോസഫ് ഏറ്റുവാങ്ങും.

പതാക ഉയര്‍ത്തലിന് ശേഷം നടക്കുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ സി പി ഐ എം ഏരിയാ സെക്രട്ടറി എ ഓമനക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തും. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ ജയൻ അധ്യക്ഷനാകും. ഇന്ന് വിവിധ കേന്ദ്രങ്ങളിൽ വാരാചരണത്തിന്റെ ഭാഗമായി പൊതു സമ്മേളനം നടക്കും. വെള്ളിയാഴ്ച പകൽ 2ന് പറവൂരിലെ അനുസ്മരണ വേദിയിൽ പൊതു വിജ്ഞാന മത്സരം സംഘടിപ്പിക്കും. വൈകിട്ട് 4ന് ‘വർത്തമാന കാല സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടക്കുന്ന വനിതാ സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്യും. മഹിളാസംഘം മണ്ഡലം സെക്രട്ടറി എം ഷീജ അധ്യക്ഷയാകും. ഷീബാ രാകേഷ് സ്വാഗതം പറയും. എം എസ് താര, കെ ജി രാജേശ്വരി, ദീപ്തി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 23ന് പകൽ 11ന് പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിൽ നിന്നും വിവിധ വാർഡുകളിൽ നിന്നും ചെറു ജാഥകളെത്തി സമര ഭൂമിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്നു ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സി പി ഐ എം ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

വൈകിട്ട് 3ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സമര സേനാനി വാരിയം പറമ്പിൽ കൃഷ്ണന്റെ മകൾ സുവർണാ പ്രതാപൻ കൊളുത്തുന്ന ദീപ ശിഖ എൻ രാജേഷ് ഏറ്റുവാങ്ങും. വിവിധ കേന്ദ്രങ്ങളിൽ പ്രയാണം നടത്തി വൈകിട്ട് 6ന് മണ്ഡപ നടയിൽ എത്തിച്ചേരുമ്പോൾ ആദിൽ ജുനൈദിൽ നിന്ന് വാരാചരണകമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ ഏറ്റുവാങ്ങി മണ്ഡപ നടയിൽ സ്ഥാപിക്കും. തുടർന്നു ചേരുന്ന പൊതുസമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കൃഷിമന്ത്രി പി പ്രസാദ്, ജി സുധാകരൻ, ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എം പി, എച്ച് സലാം എം എൽ എ, വി മോഹൻദാസ്, എ ഓമനക്കുട്ടൻ എന്നിവർ സംസാരിക്കും.

Exit mobile version