Site iconSite icon Janayugom Online

ചെങ്കോട്ട വിട്ടുനല്‍കണം: ഹര്‍ജി തള്ളി സുപ്രീം കോടതി

ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചുള്ള സ്ത്രീയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി. മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ ചെറുമകന്റെ വിധവ സുല്‍ത്താന ബീഗമാണ് അവകാശ വാദമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. ചെങ്കോട്ടയുടെ നിമയപരമായ അവകാശി താനാണെന്ന് അവകാശപ്പെട്ടായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജീവ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബാംഗമാണ് ഹര്‍ജിക്കാരിയെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വാദങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ചെങ്കോട്ട മാത്രമാക്കിയെന്നും ആഗ്ര, ഫത്തേപുര്‍ സിക്രി തുടങ്ങിയ സ്ഥലങ്ങളിലെ കോട്ടകള്‍ വേണ്ടേയെന്നും എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് ഡല്‍ഹി ഹൈക്കോടതി സുല്‍ത്താന ബീഗം നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ ഉത്തരവിനെതിരെയാണ് സുല്‍ത്താന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷമാണ് അപ്പീല്‍ സമര്‍പ്പിച്ചതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാര്‍ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുത്തെന്നും തുടര്‍ന്ന് ചക്രവര്‍ത്തിയെ രാജ്യത്ത് നിന്ന് നാടുകടത്തി മുഗളരില്‍ നിന്ന് ചെങ്കോട്ടയുടെ കൈവശാവകാശം ബലമായി പിടിച്ചെടുത്തെന്നും ഹര്‍ജിയില്‍ പറയുന്നു. 1862 ല്‍ നവംബര്‍ 11ന് 82-ാം വയസില്‍ മരിച്ച പൂര്‍വികനായ ബഹദൂര്‍ ഷാ സഫര്‍ രണ്ടാമനില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച ചെങ്കോട്ടയുടെ ഉടമയാണ് താനെന്നും സ്വത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ചെങ്കോട്ട കൈമാറാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉണ്ടായിരുന്നു. അല്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും സുല്‍ത്താന ബീഗം ആവശ്യപ്പെട്ടിരുന്നു. 

Exit mobile version