Site iconSite icon Janayugom Online

സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണം ഭരണഘടനാ ലക്ഷ്യം

ഇതുവരെയുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉയർന്നുവന്ന രാഷ്ട്രീയ സംവാദങ്ങളിൽ ഭാവി ഇന്ത്യയുമായി ബന്ധപ്പെട്ട് നിർണായക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഒന്നാണ് സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനർവിതരണം സംബന്ധിച്ച ചർച്ച. തെരഞ്ഞെടുപ്പിൽ മുഖ്യ പ്രതിയോഗികളായ ബിജെപിയോ കോൺഗ്രസോ അവരുടെ പ്രകടനപത്രികകളിൽ പരാമർശിക്കാത്ത പ്രസ്തുത വിഷയം കോൺഗ്രസിനെതിരെ തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തികൊണ്ടുവന്നതിന്റെ ബഹുമതിക്ക് അർഹൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അല്ലാതെ മറ്റാരുമല്ല. സമ്പത്തിന്റെ പുനർവിതരണത്തെപ്പറ്റി ആലോചിക്കുമ്പോൾ പൂർവാര്‍ജിത സമ്പത്തിനുമേൽ യുഎസിൽ നിലവിലുള്ള നികുതി സമ്പ്രദായത്തിന് സമാനമായ ഒന്നിനെപ്പറ്റി ഇവിടെയും ചിന്തിക്കേണ്ടിവരുമെന്ന് വിദേശത്തുള്ള കോൺഗ്രസുകാരുടെ നേതാക്കളിൽ ഒരാളായ സാം പിത്രോദ അഭിപ്രായപ്പെടുകയുണ്ടായി. അതിനോടുള്ള പ്രതികരണ രൂപേനയാണ് പ്രധാനമന്ത്രി മോഡി ഏപ്രിൽ 12ന് രാജസ്ഥാനിലെ ബൻസ്വാരയിൽ ‘മംഗല്യസൂത്രം’, ‘നുഴഞ്ഞുകയറ്റക്കാർ’, ‘കൂടുതൽ കുട്ടികളെ സൃഷ്ടിക്കുന്നവർ’ തുടങ്ങിയ പരാമർശങ്ങളോടുകൂടിയ കുപ്രസിദ്ധമായ തന്റെ വിദ്വേഷ പ്രസംഗം നടത്തിയത്. മോഡിയുടെ രൂക്ഷപ്രതികരണത്തിൽ തീവ്ര വർഗീയ വിദ്വേഷവും ഭിന്നിപ്പിക്കല്‍ തന്ത്രവും മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളത്. സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പുവരുത്തുന്നതിനുവേണ്ടി യുഎസിലും യൂറോപ്പിലുമുള്ള മുതലാളിത്ത രാഷ്ട്രങ്ങൾപോലും പിന്തുടരുന്ന സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനർവിതരണം ലക്ഷ്യം വച്ചുള്ള നികുതി സമ്പ്രദായങ്ങളോടുള്ള ഇന്ത്യൻ വലതുപക്ഷത്തിന്റെ എതിർപ്പുകൂടിയാണ് മറനീക്കി പുറത്തുവന്നത്. 

കൗതുകകരമെന്ന് പറയട്ടെ, രാഹുൽ ഗാന്ധിയടക്കം കോൺഗ്രസിന്റെ നേതാക്കൾ തങ്ങളുടെ പ്രകടനപത്രികയിൽ അത്തരത്തിൽ യാതൊരു പരാമർശവും ഇല്ലെന്ന നിഷേധത്തിനപ്പുറം ഇന്ത്യൻ സമ്പദ്ഘടനയുടെ മൗലിക പ്രശ്നങ്ങളിൽ ഒന്നായ സമ്പത്തിന്റെ അഭൂതപൂർവമായ കേന്ദ്രീകരണത്തെപ്പറ്റിയോ അതുമൂലം രാജ്യത്ത് നിലനിൽക്കുന്ന കൊടിയ അനീതിയെപ്പറ്റിയോ യാതൊന്നും പറയാൻ സന്നദ്ധമായിട്ടില്ല. ഇന്ത്യയിലെ അ­ത്യന്തം രൂക്ഷമായ സാമ്പത്തിക അസമത്വം സംബന്ധിച്ച വസ്തുസ്ഥിതി വിവരങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. ലോ­ക അസമത്വ പരീക്ഷണശാലയുടെ (വേൾഡ് ഇനിക്വാളിറ്റി ലാബ്: പാരിസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്, യൂണിവേഴ്‌സിറ്റി ഓഫ് ബെർക്കലി-കാലിഫോർണിയ എന്നിവർ ആതിഥേയത്വം വഹിക്കുന്ന ഗവേഷകരുടെ സംഘം) 2022–23ലെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിന്റെ 65 ശതമാനം സമ്പത്തും വരുമാനത്തിന്റെ 57 ശതമാനവും ജനസംഖ്യയുടെ 10 ശതമാനത്തിന്റെ കൈപ്പിടിയിലാണ്. ഓക്സ്ഫാം റിപ്പോർട്ടാകട്ടെ രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയിലെ ഒരു ശതമാനം കയ്യടക്കിയതായി പറയുന്നു. സമൂഹത്തിന്റെ താഴെ തട്ടിലുള്ള 60 ശതമാനത്തിന്റെ പക്കൽ ആകെ സമ്പത്തിന്റെ കേവലം 4.7 ശതമാനം മാത്രമാണുള്ളത്. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള ഒരു ശതമാനത്തിന്റെ കള്ളപ്പണംകൂടി കണക്കിലെടുത്താൽ ഈ ചിത്രം കൂടുതൽ വികൃതമായിരിക്കും. ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ വേണം സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനർവിതരണം എന്ന വിഷയത്തെ സമീപിക്കാൻ. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങൾ, വിശിഷ്യ സാമൂഹികമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ, നീതിരഹിതമായ സാമൂഹിക, സാമ്പത്തിക ക്രമത്തിന്റെ ഇരകളാണെന്നും തൽഫലമായി അവർക്ക് ഭൗതിക വിഭവങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന യാഥാർത്ഥ്യം ഇന്ത്യൻ ഭരണഘടന തന്നെ അംഗീകരിക്കുന്നുണ്ട്. ഭരണഘടനയുടെ നിർദേശക തത്വങ്ങൾ ഇതിനെ അനുച്ഛേദം 39 ബി, യിൽ അഭിസംബോധന ചെയ്യുന്നുമുണ്ട്. ‘പൊതുനന്മയെ ലാക്കാക്കിവേണം ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും വിതരണവും നിർവഹിക്കപ്പെടേണ്ടത്’, എന്ന് പറയുന്നതിനോടൊപ്പം ‘സമ്പദ്ഘടനയുടെ പ്രവർത്തനം പൊതുനന്മക്ക് വിരുദ്ധമായി ഉല്പാദനോപാധികളുടെയും സമ്പത്തിന്റെയും കേന്ദ്രീകരണത്തിലേക്ക് നയിക്കരുതെ‘ന്ന് ഉപ അനുച്ഛേദം സി, യും വ്യക്തമാക്കുന്നു. ഇതിൽനിന്നും സമ്പത്തിന്റെയും വരുമാനത്തിന്റെയും നീതിരഹിതമായ കേന്ദ്രീകരണമല്ല, മറിച്ച് അതിന്റെ നീതിപൂർവമായ വിതരണമാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് വ്യക്തം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക രംഗങ്ങളെ കീഴടക്കിയിരിക്കുന്ന നവ ഉദാരീകരണ നയങ്ങൾ ഭരണഘടനയുടെ മേല്പറഞ്ഞ നിർദേശക തത്വങ്ങൾക്ക് വിരുദ്ധമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രാജ്യത്തിന്റെ സമ്പത്തിന്റെയും വരുമാനത്തിന്റെയും സിംഹഭാഗവും ഒരു ചെറുവിഭാഗം ശതകോടീശ്വരന്മാരിൽ കേന്ദ്രീകരിക്കുകയും 90 ശതമാനം വരുന്ന ജനവിഭാഗങ്ങൾക്ക് മാന്യമായ ജീവിതവും ന്യായമായ വരുമാനവും ഉറപ്പുനൽകേണ്ട ഭൗതിക വിഭവങ്ങൾ അവർക്കു നിഷേധിക്കപ്പെടുകയുമാണ്. ഭരണഘടന പൗരന് ഉറപ്പുനൽകുന്ന സാമ്പത്തിക നീതി അവന്/അവൾക്ക് ലഭ്യമാകണമെങ്കിൽ സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനർവിതരണം കൂടിയേതീരൂ. ലളിതമായ ഈ യാഥാർത്ഥ്യത്തെയാണ് ബിജെപിയും നരേന്ദ്ര മോഡിയും വർഗീയത ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കുടിലതന്ത്രമാക്കി മാറ്റിയിരിക്കുന്നത്. കോൺഗ്രസാകട്ടെ ആ വിഷയത്തിൽ സത്യസന്ധമായ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കാൻ വിസമ്മതിക്കുക വഴി 91ൽ നരസിംഹറാവുവിന്റെ കാലത്ത് തങ്ങൾ ജന്മം നൽകിയ കുഞ്ഞിനെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. പിതൃത്വത്തെപ്പറ്റി മാത്രമാണ് ഇരുവർക്കിടയിലും തർക്കം. തെരഞ്ഞെടുപ്പുകഴിഞ്ഞും വിഷയം സജീവമായി നിലനിർത്തേണ്ടതും ഭരണഘടനയെ അതിന്റെ പൂർണ അന്തഃസത്തയോടെ നിലനിർത്തേണ്ടതും മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെയും ആവശ്യമാണ്. 

Exit mobile version