രാജ്യത്തെ ആരോഗ്യ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയുടെ വിഹിതം ഗണ്യമായി ഇടിയുന്നു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീമ്പിളക്കുന്ന അവസരത്തിലാണ് ഭൂരിപക്ഷം ജനങ്ങളും മികച്ച ആരോഗ്യ സംവിധാനത്തിന്റെ അഭാവത്തില്‍ വലയുന്നത്. രാജ്യം ആരോഗ്യ മേഖലയില്‍ കടുത്ത വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നതെന്ന് ലാന്‍സെറ്റ് നടത്തിയ പഠനം പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്ന തുക മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 1.2 ശതമാനം മാത്രമാണ്. അതേസമയം ആരോഗ്യ സംരക്ഷണത്തിന് വ്യക്തികള്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലക്ഷ്യം കാണാതെ ദയനീയമായി പാരാജയപ്പെടുകയാണ്. ജി20 രാജ്യങ്ങളുടെ പട്ടികയില്‍ ആരോഗ്യ മേഖലയ്ക്ക് ഏറ്റവും കുറവ് തുക നീക്കിവയ്ക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ സംരക്ഷണ മേഖലയില്‍ വ്യക്തമായ വിവരം പൗരന്‍മാര്‍ക്ക് എത്തിക്കുന്നതിലും മോഡി സര്‍ക്കാര്‍ ദയനീയ പരാജയമാണ്. മികച്ച ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ഭൂരിപക്ഷം പൗരന്‍മാരും അജ്ഞരാണ്. ആരോഗ്യ മേഖലയിലെ യഥാര്‍ത്ഥ ചിത്രം ലഭ്യമാകേണ്ട 2021ലെ സെന്‍സസ് രേഖ കോവിഡിന്റെ പേരില്‍ ഇപ്പോഴും പ്രസിദ്ധീകരിക്കാത്തതും മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം വര്‍ധിപ്പിച്ചു. ദേശീയ‑സംസ്ഥാന തലത്തിലെ ആരോഗ്യമേഖലയുടെ ശോച്യാവസ്ഥ സംബന്ധിച്ച് കൃത്യമായ വിവരം കേന്ദ്ര സര്‍ക്കാരിന്റെ പക്കലില്ലാത്തതും ഗുരുതരമായ വീഴ്ചയാണ്.
ദേശീയ ആരോഗ്യ സര്‍വേയുടെ ചുമതലയുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേ ഫലം പൂര്‍ണമായി പുറത്തുവന്നിട്ടില്ല. ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടം കെട്ടുകഥയാണെന്ന് അഭിപ്രായപ്പെട്ട ദേശീയ ആരോഗ്യ സര്‍വേയുടെ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ പോപ്പുലേഷന്‍ സയന്‍സ് മേധാവി കെ എസ് ജെയിംസിനെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവൃത്തിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ തന്നെ കേന്ദ്രവാദം തള്ളി പരസ്യമായി രംഗത്തുവന്നത് രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന ഗുരുതര സ്ഥിതിവിശേഷം തുറന്നു കാട്ടുന്നതായിരുന്നു.
പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് അടക്കം നിരവധി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്നില്ലെന്ന പഠനങ്ങള്‍ മുമ്പും പുറത്ത് വന്നിരുന്നു. തൊട്ടുപിന്നാലെയാണ് ലാന്‍സെറ്റ് പഠനവും ആരോഗ്യ മേഖല നേരിടുന്ന ചിത്രം അനാവരണം ചെയ്തിരിക്കുന്നത്.
English Summary: reduced central government spending; The health sector is in decline
You may also like this video