Site iconSite icon Janayugom Online

കാവിക്കൊടി ദേശീയപതാകയാക്കണമെന്ന പരാമർശം; ബിജെപി നേതാവ് എൻ ശിവരാജന് പൊലീസ് നോട്ടീസ്

ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ ബിജെപി നേതാവ് എൻ ശിവരാജന് പാലക്കാട് സൗത്ത് പൊലീസ് നോട്ടീസ് നൽകി. ജൂലൈ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് കൈമാറിയത്. നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ അന്ന് ഹാജരാകുമെന്ന് ശിവരാജൻ പ്രതികരിച്ചു. ഇന്ത്യൻ ദേശീയ പതാകക്ക് പകരം കാവിക്കൊടി ദേശീയ പതാകയാക്കണമെന്നായിരുന്നു ശിവരാജന്റെ വിവാദ പ്രസ്താവന.

പാലക്കാട് കോട്ടമൈതാനത്ത് ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലെ പുഷ്പാർച്ചനക്ക് ശേഷമായിരുന്നു ഈ പ്രസ്താവന നടത്തിയത്. കോൺഗ്രസ് പച്ചപ്പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറയുകയുണ്ടായി. സിപിഎം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയെന്നും എന്നാൽ കാവിക്കൊടി ഇന്ത്യൻ പതാകയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശിവരാജൻ കൂട്ടിച്ചേർത്തു. ദേശീയ പതാകക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിലായിരുന്നു പുഷ്പാർച്ചന നടന്നത്. ബിജെപി മുൻ ദേശീയ കൗൺസിൽ അംഗവും പാർട്ടി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗൺസിലറുമാണ് എൻ ശിവരാജൻ.

Exit mobile version