Site iconSite icon Janayugom Online

ശീതീകരണികൾ: പരിഹാരമോ, പ്രശ്നമോ?

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകട ലക്ഷണം താപനാധിക്യമാണ്. ലോകം ഇന്ന് അഭിമുഖീകരിക്കുന്നതും താപനാധിക്യ പ്രവണതയുള്ള ഒരു കാലഘട്ടത്തെയാണ്. താപനത്തെ നിയന്ത്രിക്കുവാനും പ്രതിരോധിക്കുവാനും ജനങ്ങൾ പല വഴികളും തിരയുന്നു. കൊടും ചൂടിൽ നിന്ന് രക്ഷനേടുവാൻ എയർ കണ്ടിഷണർ, റെഫ്രിജറേറ്റർ മുതലായ ശീതീകരണികളുടെ ഉപയോഗം സ്വാഭാവികമായും വ്യാപകമായിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളോളമില്ലെങ്കിലും ശീതീകരണികളിൽ നിന്നും പുറന്തള്ളപ്പെടുന്ന ക്ലോറോഫ്ലൂറോകാര്‍ബണുകൾ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതക നിക്ഷേപത്തിൽ തീരെ ചെറുതല്ലാത്ത ഇടം പിടിക്കുന്നുണ്ട്. ചൂട് ഏറുകയും ശീതീകരണികളുടെ ഉപയോഗം അതിനനുസരിച്ച് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ചൂടിൽനിന്ന് താൽക്കാലികാശ്വാസം നൽകുമ്പോൾതന്നെ ചൂടേറ്റുന്ന പ്രക്രിയയിലും ഭാഗഭാക്കുകളാകുകയാണ് ശീതീകരണികൾ. ചൂട് കുറയ്ക്കുന്നതോടൊപ്പം എയർ കണ്ടിഷണറുകൾ വായുവിലെ ഈർപ്പാംശവും നീക്കം ചെയ്യുന്നു. അന്തരീക്ഷത്തിലടങ്ങിയ ഈർപ്പാംശത്തിന്റെ തോതനുസരിച്ച് അനുഭവവേദ്യമാകുന്ന ചൂടിന്റെ കാഠിന്യത്തിലും മാറ്റം ഉണ്ടാകും. ഉദാഹരണമായി, അന്തരീക്ഷ താപനില 35 ഡിഗ്രി സെന്റിഗ്രേഡും ആർദ്രത 70 ശതമാനവുമാണെന്നിരിക്കട്ടെ, ഈ സാഹചര്യത്തിൽ നമുക്ക് അനുഭവവേദ്യമായ ചൂട് 50 ഡിഗ്രി സെന്റിഗ്രേഡിന് സമാനമായിരിക്കും. ഇനി, അന്തരീക്ഷ താപനില 32 ഡിഗ്രി സെന്റിഗ്രേഡും ആർദ്രത 95 ശതമാനവുമാണെന്നിരിക്കട്ടെ; അനുഭവവേദ്യമാകുന്ന താപനില 51 ഡിഗ്രി സെന്റിഗ്രേഡിന് തുല്യമായിരിക്കും. ഇതുകൊണ്ടാണ് അന്തരീക്ഷ താപനില കുറവാണെങ്കിൽ പോലും ഈർപ്പമുള്ള ദിവസങ്ങളിൽ ചൂട് കൂടുതലായി അനുഭവപ്പെടുന്നത്. ഈർപ്പാംശത്താൽ സംപൂരിതമാവുന്ന അവസ്ഥയിൽ ശരീരത്തിൽ നിന്ന് വിയർപ്പിന്റെ രൂപത്തിൽ പോലും കൂടുതൽ ജലാംശം ഉൾക്കൊള്ളുവാൻ അന്തരീക്ഷത്തിന് കഴിയാതെ വരുന്നു. അത്തരം സാഹചര്യങ്ങളിൽ വിയർക്കുക വഴി ശരീര താപം പുറംതള്ളുവാൻ ശരീരത്തിന് കഴിയാതെ വരികയും തൽഫലമായ വീർപ്പുമുട്ടൽ, അസ്വസ്ഥതകൾ എന്നിവ അനുഭവവേദ്യമാകുന്നു. ‘പുഴുക്കം’ എന്നറിയപ്പെടുന്ന ഈ അവസ്ഥ, ഉഷ്ണമേഖലയിൽ ജലാശയങ്ങളോടടുത്തു കിടക്കുന്ന പ്രദേശങ്ങളിൽ സാധാരണമാണ്. അന്തരീക്ഷത്തിൽ ചെറിയ തോതിലുള്ള ഈർപ്പം പോലും വസ്തുക്കൾ തുരുമ്പിക്കുന്നതിനും പൂപ്പൽ പിടിക്കുന്നതിനും കാരണമാകാറുണ്ട്. ശീതീകരണികളുടെ അമിതോപയോഗം പ്രധാനമായും മൂന്ന് വിധത്തിൽ ആണ് പാരിസ്ഥിതിക പ്രതിസന്ധികൾക്ക് വഴിയൊരുക്കുന്നത്. ഇവയുടെ പ്രവർത്തനത്തിന് ഗണ്യമായ തോതിൽ വൈദ്യുതി വേണ്ടിവരുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, ഇവയിൽ ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോകാർബൺ അടിസ്ഥാന ഘടകമായ ശീതീകാരകങ്ങൾ കാർബൺഡയോക്സൈഡിനെ അപേക്ഷിച്ച് ആഗോള താപനം കൂട്ടുന്നതിൽ 2000 ഇരട്ടി ശക്തിയേറിയതാണ്. ഇവയുടെ നിർമ്മാണം, ഗതാഗതം തുടങ്ങിയ ഘട്ടങ്ങളിലും ഗണ്യമായ തോതിൽ ഹരിതഗൃഹവാതക ഉത്സർജനം ഉണ്ടാകാറുണ്ട് എന്നതാണ് മൂന്നാമത്തെ കാര്യം. പ്രതിവർഷം 1950 മില്യൺ ടണ്ണിന് തുല്യമായ കാർബൺഡയോക്സൈഡ് ഉത്സർജനമാണ് ശീതീകരണികൾ വഴിയുണ്ടാകുന്നത്. മൊത്തം ആഗോള ഹരിതഗൃഹവാതക ഉത്സർജനത്തോതിന്റെ 3.94 ശതമാനം വരുമിത്. ഇതിൽ 531 മില്യൺ ടൺ കാർബൺഡയോക്സൈഡ് ഉത്സർജനം ചൂട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായും 599 മില്യൻ ടൺ ഈർപ്പാംശം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനത്തിലൂടെയുമാണ് അന്തരീക്ഷത്തിലെത്തപ്പെടുന്നത്.


ഇതുകൂടി വായിക്കാം; കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കടുത്ത ആപത് സൂചന


അവശേഷിക്കുന്ന കാർബൺഡയോക്സൈഡ് വിഹിതമാകട്ടെ ആഗോളതാപനകാരികളായ ശീതീകാരകങ്ങളുടെ ചോർച്ച വഴിയോ, ശീതീകരണികളുടെ നിർമ്മാണ‑ഗതാഗത ഘട്ടങ്ങളിലോ ആണ് അന്തരീക്ഷത്തിലെത്തുന്നത്. ചൂടിനേക്കാളേറെ അന്തരീക്ഷ ആർദ്രത നിയന്ത്രിക്കുന്ന പ്രവർത്തനങ്ങളാലാണ് ശീതീകരണികളില്‍ നിന്ന് കാലാവസ്ഥാവ്യതിയാനത്തിന് കാരണമാവുന്ന ഹരിതഗൃഹവാതക പുറന്തള്ളൽ കൂടുതൽ ഉണ്ടാകുന്നത്. ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങൾ ഉൾപ്പെടെ കൂടുതൽ കൂടുതൽ രാജ്യങ്ങൾ ശീതീകരണികളെ അതിരറ്റ് ആശ്രയിക്കുന്ന നിലവിലെ സാഹചര്യത്തിൽ അവ സൃഷ്ടിക്കുന്ന കാലാവസ്ഥാപ്രശ്നങ്ങളും രൂക്ഷമാകുമെന്നു തന്നെ കരുതണം. കടുത്ത ചൂടിൽ ജനങ്ങൾക്ക് അല്പം ആശ്വാസം ലഭിക്കുന്നുണ്ടെങ്കിൽ പോലും വന്‍തോതിലുള്ള വൈദ്യുതോപയോഗം, കാർബൺ ഉത്സർജനം തുടങ്ങിയ ദൂഷ്യവശങ്ങളും ശീതീകരണികൾ ഉപയോഗിക്കുന്നതു വഴിയുണ്ടാകുന്നു. ആഗോളതാപന സാഹചര്യങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ആർദ്രതയും ഉയരുകതന്നെയാണ്. 2050ഓടെ ശീതീകരണികളുടെ വർധിത ഉപഭോഗം മാറുന്ന കാലാവസ്ഥയിൽ ഉണ്ടാക്കാനിടയുള്ള പ്രഭാവം വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ചെന്നൈ പോലുള്ള ചൂടേറിയ ഇടങ്ങളിൽ ശീതീകരണികൾക്കുവേണ്ടിയുള്ള ഊർജോപഭോഗം 14 ശതമാനത്തോളവും ഇറ്റലിയിലെ മിലൻ പോലുള്ള മിതോഷ്ണ മേഖലകളിൽ 41 ശതമാനം കണ്ടും വർധിക്കാനിടയുണ്ട്. ആഗോളതലത്തിൽ താപനിലയിലുണ്ടാകുന്ന വർധനവിനെക്കാൾ, അന്തരീക്ഷ ആർദ്രതയിലുണ്ടാകുന്ന വർധനവായിരിക്കും ശീതീകരണികളുടെ ഉപയോഗം വഴിയുള്ള ഉത്സർജനം ഏറുവാൻ ഇടയാക്കുന്നത്. ശീതീകരണികളിൽ നിലവിൽ പ്രയോഗത്തിലിരിക്കുന്ന സാങ്കേതിക വിദ്യകൾ ഏറെ പഴക്കം ചെന്നവയും പരിമിതികൾ ഉള്ളവയുമാണ്. കൂടുതൽ കാര്യക്ഷമമായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിനുവേണ്ട സമീപനങ്ങൾ ഉണ്ടാവേണ്ടതാണ്. ശീതീകരണവും ഈർപ്പാംശം നീക്കംചെയ്യലും വെവ്വേറെ പ്രക്രിയകളായി ചെയ്യുന്ന പക്ഷം ശീതീകരണികളുടെ കാര്യക്ഷമത 40 ശതമാനമോ അതിലേറെയോ ആകുമെന്ന് വിലയിരുത്തപ്പെടുന്നു. സമൂഹത്തിലെ മധ്യ‑ഉപരിവർഗത്തിലുള്ളവർക്ക് മാത്രമാണ് ശീതീകരണികൾ പോലുള്ള ഉപാധികൾ ഉപയോഗിക്കുവാനുള്ള സാഹചര്യമുള്ളത്. എല്ലാ കാര്യത്തിലുമെന്നതുപോലെ, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരാണ് കാലാവസ്ഥാവ്യതിയാനത്തിന്റെയും രൂക്ഷതകൾ അതേപടി ഏറ്റുവാങ്ങുന്നത്. അമിത ശീതീകരണ ഉപഭോഗം കൊണ്ടുള്ള അധിക ദൂഷ്യഫലങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്നവരും ഇവർ തന്നെ. ശീതീകരണ യന്ത്രങ്ങളുടെ ഉപയോഗം ഒരു സ്ഥിരം പരിഹാരമാർഗമല്ല എന്ന് അവ ഉപയോഗിക്കുന്നവരും ധരിക്കേണ്ടതുണ്ട്. ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കലല്ല, മറിച്ച് യഥാർത്ഥ പ്രശ്‍നം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രതിവിധികളും പ്രതിരോധവും കൈകൊള്ളുകയാണ് എല്ലായ്പ്പോഴും അഭികാമ്യം. ലോകം ഇത്രയേറെ ചൂട് പിടിക്കുവാനുള്ള കാരണം കാർബൺഡയോക്സൈഡ് മുതലായ ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ എറിയതുകൊണ്ടാണ്. ഓരോരുത്തരും അവരവരാൽ കഴിയുന്ന വിധത്തിൽ തങ്ങളുടെ ജീവിത ശൈലികൾ വഴിയുള്ള കാർബൺ പുറന്തള്ളൽ പരമാവധി പരിമിതപ്പെടുത്തുക എന്നത് മാത്രമാണ് ഇക്കാര്യത്തിൽ കരണീയം. ആത്യന്തികമായ പരിഹാര മാർഗവും ഇതല്ലാതെ മറ്റൊന്നുമല്ല.

(ലേഖകൻ കേരള കാർഷിക സർവകലാശാല, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്രകോളജിലെ സയന്റിഫിക് ഓഫീസറും കാലാവസ്ഥ ഗവേഷകനുമാണ്)

Exit mobile version