27 July 2024, Saturday
KSFE Galaxy Chits Banner 2

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കടുത്ത ആപത് സൂചന

Janayugom Webdesk
March 3, 2022 5:00 am

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ സർക്കാരാന്തര സമിതി (ഐപിസിസി)യുടെ ആറാമത് വിലയിരുത്തൽ റിപ്പോർട്ട് ലോകത്തിനും വിശിഷ്യാ ദക്ഷിണേഷ്യക്കും ഇന്ത്യക്കും നൽകുന്ന കടുത്ത ആപത് സൂചന യാതൊരു കാരണവശാലും ഭരണകൂടങ്ങൾക്കോ ജനങ്ങൾക്കോ അവഗണിക്കാവുന്നതല്ല. കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളെ ലഘൂകരിക്കാൻ ലോകവ്യാപകമായി ഊർജിത നടപടികൾ അടിയന്തരമായി സ്വീകരിക്കാത്ത പക്ഷം അത് സമ്പദ്ഘടനകളെ ആഴമേറിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. നഗരങ്ങളെ പുനരാസൂത്രണം ചെയ്തും ഊർജസംവിധാനത്തെയും ജലസ്രോതസുകളെയും കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ പര്യാപ്തമായ വിധം വികസനതന്ത്രത്തോട് പൊരുത്തപ്പെടുത്തുക എന്നതാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. ആവശ്യമായ മുൻകരുതലുകളുടെ അഭാവത്തിൽ പ്രളയം, കൊടുങ്കാറ്റുകൾ, ഉഷ്ണവാതം എന്നിവയുടെ പരമ്പരകളോടൊപ്പം കാർഷിക ഉല്പാദനത്തിലെ തകർച്ച, ജലക്ഷാമം, തൽഫലമായി ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന മാനസികപ്രശ്നങ്ങൾ തുടങ്ങിയ കടുത്ത പ്രത്യാഘാതങ്ങൾ ആയിരിക്കും സൃഷ്ടിക്കുക.

അവയുടെ കൂടിക്കലരൽ പ്രശ്‍നം കൂടുതൽ സങ്കീർണവും പരിഹാരം ദുഷ്കരവും ആക്കിയേക്കാം. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ഇതിനകം ആവിഷ്കരിച്ചിട്ടുള്ള നടപടികൾ പ്രതീക്ഷ നൽകുന്നു. തീരദേശത്തെ ഉയർന്ന ജനസാന്ദ്രതയും അടിക്കടി ഉണ്ടാവുന്ന പ്രളയവും വരൾച്ചയും ഇന്ത്യയെ ഉയർന്ന അപായസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തുന്നു. വൻതോതിലുള്ള സ്ഥാനഭ്രംശം, അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച, ഇരുപതു ശതമാനംവരെ ജനങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന പട്ടിണി തുടങ്ങിയ ഭീഷണിയും നിലനിൽക്കുന്നു. തുടർച്ചയായി പ്രളയ സാധ്യതയുള്ള ലോകത്തെ ഭൂപ്രദേശങ്ങളിൽ മൂന്നിൽ ഒന്നും തെക്കും, തെക്കുകിഴക്കൻ ഏഷ്യയിലും ആണെന്ന് റിപ്പോർട്ട് പറയുന്നു. ദക്ഷിണ ഏഷ്യയിലെ ജനസാന്ദ്രതഏറിയ തീരദേശ നഗരങ്ങൾ ഏറെയും സമുദ്ര ജലവിതാന ഉയർച്ചയ്ക്കെതിരെ മതിയായ സംരക്ഷണം ഇല്ലാത്തവയാണ്. ഈ നഗരങ്ങളിൽ മിക്കതും ഇപ്പോൾത്തന്നെ ശുദ്ധജലക്ഷാമം നേരിടുന്നവയാണ്. അവയാകട്ടെ അനുപാതരഹിതമായ ജനസംഖ്യാ വർധനവിനെ അഭിമുഖീകരിക്കുന്നു. പ്രളയം, വരൾച്ച എന്നിവയ്ക്കൊപ്പം കുടിവെള്ളക്ഷാമവും ഭക്ഷ്യധാന്യ ഉല്പാദനത്തിലെ കുറവും മേഖലയ്ക്ക് വെല്ലുവിളിയായി മാറാം.


ഇതുകൂടി വായിക്കാം; കാര്‍ഷിക മേഖല: തുടരുന്ന അസ്വാസ്ഥ്യങ്ങള്‍


അന്തരീക്ഷതാപനത്തിലെ 1.5 ശതമാനം വർധന ദക്ഷിണേഷ്യയിലെ 30 കോടിയിൽപ്പരം ജനങ്ങളെ പ്രതികൂലമായി ബാധിക്കുംവിധം ഭക്ഷ്യോല്പാദനത്തിൽ പ്രതിഫലിക്കും. തൽഫലമായി അരിയുടെയും ഗോതമ്പിന്റെയും വിലയിലുണ്ടാവുന്ന വർധന സാമ്പത്തിക വളർച്ച മുരടിപ്പിന് കാരണമായേക്കാം. അവയുടെ ആദ്യത്തെ ഇരകളായി മാറുക സ്ത്രീകളും കുട്ടികളും ആയിരിക്കും. അത് കുട്ടികളിൽ പോഷകാഹാരക്കുറവ്, വളർച്ചാമുരടിപ്പ് തുടങ്ങിയ പ്രത്യാഘാതങ്ങളിലേക്കും നയിച്ചേക്കാം. ഈ മുന്നറിയിപ്പുകളെ അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കാനും, വികസന മുൻഗണനകൾ നിർണയിക്കാനും, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും കരുതലോടെയുള്ള ആസൂത്രണവും നടപടികളും കൂടിയേതീരൂ. കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാനും പ്രതിരോധം ഉയർത്താനും ഏതെങ്കിലും ഒരു ഭൂപ്രദേശത്തിനോ ജനതക്കോ സർക്കാരിനോ മാത്രമായി കഴിയില്ല. അതിനു മനുഷ്യരാശിയുടെ ആകെ കൂട്ടായ യത്നം കൂടിയേതീരൂ. അവിടെയാണ് ആഗോളാടിസ്ഥാനത്തിൽ ചിന്തിക്കുക, പ്രാദേശികമായി പ്രവർത്തിക്കുക എന്ന ആശയം പ്രസക്തമാകുന്നത്.


ഇതുകൂടി വായിക്കാം; ജൈവവൈവിധ്യ നിയമം ഔഷധ കുത്തകകൾക്ക് വഴിമാറുമോ?


 

ഏതാണ്ട് അറുനൂറു കിലോമീറ്റർ ദെെർഘ്യമുള്ള ജനസാന്ദ്രമായ തീരദേശത്തോടുകൂടിയ കേരളം, പ്രകൃതിദുരന്തങ്ങളുടെ അനുഭവപാഠം ഉൾക്കൊണ്ടുളള ഒരു വികസന തന്ത്രം ആവിഷ്കരിക്കാൻ ഇനിയും വൈകിക്കൂടാ. നമുക്ക് അനുയോജ്യമായ വികസന മാതൃകകൾ നാംതന്നെ വികസിപ്പിച്ചെടുക്കുക എന്നതായിരിക്കും വെല്ലുവിളി. ഐപിസിസി റിപ്പോര്‍ട്ട് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന സമുദ്ര ജലവിതാനം ഉയരുന്നതില്‍ നിന്ന് തീരദേശത്തെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യപ്പെടുന്നു. പ്രളയജലം ഒഴുക്കിക്കളയാന്‍ കേരളം നേരിടുന്ന പ്രതിബന്ധങ്ങള്‍ വികസന തന്ത്രത്തില്‍ സുപ്രധാനമാണ്. പ്രളയത്തോടൊപ്പം വരള്‍ച്ചയെ തടയുന്നതിന് സമഗ്ര ജലസംരക്ഷണ സംവിധാനങ്ങളും നിര്‍ണായകമാവുന്നു. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന വികസന കാഴ്ചപ്പാട് എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നത് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നുവെന്നാണ് ഐപിസിസി റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.