Site iconSite icon Janayugom Online

ഭാര്യ മക്കളെ വിട്ടുകിട്ടാനായി നിരന്തരം കലാധരനെ വിളിച്ചിരുന്നതായി ബന്ധുക്കൾ; മരണത്തിൽ നാട് നടുങ്ങി

രാമന്തളി സെൻട്രൽ വടക്കുമ്പാട് റോഡിനു സമീപം വീട്ടിൽ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. വിവരമറിഞ്ഞ് പരിസരവാസികളാണ് ആദ്യം വീട്ടിലെത്തിയത്. അമ്മയെയും മകനെയും മകന്റെ ആറും രണ്ടും വയസ്സുള്ള മക്കളെയുമാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. അമ്മയും മകനും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ച നിലയിലുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രാത്രി വൈകിയും പരിശോധന തുടരുകയാണ്.

വിവരമറിഞ്ഞ് നിരവധിപ്പേരാണ് വീട്ടുപരിസരത്ത് എത്തിയത്. പോലീസ് അകത്ത് പരിശോധന തുടരുകയാണ്. തൊട്ടടുത്ത് വീടുകളുള്ള വീട്ടിലാണ് കൂട്ട ആത്മഹത്യയെന്ന് കരുതുന്ന ദാരുണസംഭവം നടന്നത്. കുടുംബപ്രശ്നമാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. രാമന്തളി സെൻട്രലിൽനിന്ന്‌ അധികം ദൂരെയല്ലാത്ത സ്ഥലത്താണ് സംഭവം നടന്ന വീട്.

വീട്ടുമുറ്റത്തും പരിസരത്തും നിറയെ ആൾക്കൂട്ടമാണ്. പോലീസ് ഉള്ളിൽ വാതിലടച്ച് പരിശോധന നടത്തുകയാണ്. കലാധരൻ പയ്യന്നൂരിലെ പാചകത്തൊഴിലാളിയാണ്. വലിയ സൗഹൃദവലയം കാത്തുസൂക്ഷിക്കുന്ന കലാധരൻ വളരെ സൗമ്യനും ശാന്തസ്വഭാവക്കാരനുമാണ്‌. നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്നു. സാമ്പത്തിക പ്രയാസങ്ങളൊന്നും അലട്ടിയിരുന്നില്ല. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.

മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസം. കുട്ടികൾ അവധിദിനങ്ങളിൽ കലാധരന്റെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. ഭാര്യ നിരന്തരം മക്കളെ വിട്ടുകിട്ടാനായി കലാധരനെ വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതുമൂലമുള്ള മാനസികവിഷമവും കൂട്ട ആത്മഹത്യയിലേക്കുള്ള കാരണമായി നാട്ടുകാർ പറയുന്നു.

Exit mobile version