ജയില്‍മോചനം ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
ഭരണഘടന ആർട്ടിക്കിൾ 142 പ്രകാരം പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ജസ്റ്റിസ് എൻ മാല എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചിന്റെതാണ് ഉത്തരവ്.
പേരറിവാളന്റേതിനു സമാനമായ സാഹചര്യമാണ് തങ്ങളുടേതെന്നും ഗവര്‍ണറുടെ അനുമതിയില്ലാതെ തന്നെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
പേരറിവാളനെ കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു മോചിപ്പിച്ചിരുന്നു. ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴു പ്രതികളെയും വിട്ടയയ്ക്കാന്‍ എഐഎഡിഎംകെ ഭരണകാലത്ത് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഇതില്‍ നടപടിയെടുത്തില്ല. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു.
മന്ത്രിസഭയുടെ ശുപാര്‍ശയില്‍ നടപടിയെടുക്കാന്‍ ഗവര്‍ണറോടു നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്, പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയകുമാര്‍, നളിനി എന്നിവരാണ് രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
English summary;Release from prison; The High Court rejected the pleas of Nalini and Ravichandran
You may also like this video;