യോഗങ്ങള്‍ ചേര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് പുറമേ വിവിധ രാഷ്ട്രീയ കക്ഷികള്‍, വിദഗ്ധര്‍, പൊതുജനങ്ങള്‍, മറ്റ് സംഘടനകള്‍ എന്നിവരില്‍ നിന്നും സമിതി അഭിപ്രായങ്ങള്‍ തേടുകയും മറ്റു രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സംബന്ധിച്ച് പഠിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഏഴ് ദേശീയ കക്ഷികളില്‍ സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ്, ബിജെപി, ജനതാദള്‍ എന്നിവയും 42 അംഗീകൃത പാര്‍ട്ടികളില്‍ 12 കക്ഷികളും മാത്രമാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള പ്രതികരണവും നിരാശാജനകമായിരുന്നു. ഒമ്പത് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രതികരണം നല്‍കിയത്. ഇതിന് പുറമേ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സമിതി പ്രത്യേക സിറ്റിങ് നടത്തിയും പ്രതികരണങ്ങള്‍ സമാഹരിച്ചു. പട്ന, ലഖ്നൗ എന്നിവിടങ്ങളില്‍ തീരുമാനിച്ച സിറ്റിങ് മാറ്റിവയ്ക്കേണ്ടിവന്നു. തെരഞ്ഞെടുപ്പ് കമ്മിഷനുമായും സമിതി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതുകൂടി വായിക്കൂ: വിവരങ്ങളെ ഭയക്കുന്ന ബിജെപി
തെരഞ്ഞെടുപ്പ് സുതാര്യവും സ്വതന്ത്രവും നീതിപൂര്‍വകവുമാക്കുന്നതില്‍ വര്‍ധിച്ചുവരുന്ന തെരഞ്ഞെടുപ്പ് ചെലവ് വലിയ വിഘാതമാകുന്നുവെന്ന അഭിപ്രായം എല്ലാ കോണുകളില്‍ നിന്നുമുണ്ടായി. ചെലവ് നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ സര്‍ക്കാര്‍ ഫണ്ടിങ് നിര്‍ദേശിച്ചതിന്റെ കാരണങ്ങളാണ് പലരും ആരാഞ്ഞത്. എങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും വിദഗ്ധരും നിര്‍ദേശിച്ചതനുസരിച്ച് സര്‍ക്കാര്‍ ഫണ്ടിങ് സംബന്ധിച്ച് ക്രിയാത്മകവും സമഗ്രവുമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ സമിതി തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ടിങ് ഏതൊക്കെ വിധത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വതന്ത്രവും നീതിപൂര്‍വകവുമാക്കുക എന്ന വിശദീകരണത്തിന് ശേഷമായിരുന്നു സമിതി തങ്ങളുടെ നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയത്.
ജനാധിപത്യ സംവിധാനം നിലവിലുള്ള പല രാജ്യങ്ങളിലും പലവിധത്തില്‍ പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ ഫണ്ടിങ് നിലവിലുണ്ടെന്നാണ് സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ജര്‍മ്മനി (1959), ഓസ്ട്രിയ (1963), ഫ്രാന്‍സ് (1965), സ്വീഡന്‍ (1966), ഫിന്‍ലന്‍ഡ് (1967), ഡെന്മാര്‍ക്ക് (1969), നോര്‍വേ (1970), നെതര്‍ലന്‍ഡ് (1972), ഇറ്റലി (1974), കാനഡ (1974), യുഎസ് (പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാത്രം 1976), ജപ്പാന്‍ (1976), സ്പെയിന്‍ (1977), ഓസ്ട്രേലിയ (1984), ദക്ഷിണ കൊറിയ (1989) തുടങ്ങിയ രാജ്യങ്ങളില്‍ ഇത് നിലവിലുണ്ട്. ബ്രിട്ടനില്‍ ഭാഗികമായും ഈ രീതി അവലംബിക്കുന്നു. ഈ വിധത്തില്‍ സമഗ്രമായ പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലായിരുന്നു ഇന്ദ്രജിത് ഗുപ്ത സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി 1998 ഡിസംബര്‍ 30 ന് സമര്‍പ്പിച്ചത്.
ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമാകണം
11 നിര്‍ദേശങ്ങളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമേ ഫണ്ട് അനുവദിക്കാവൂ. രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ച് ചെലവുകള്‍ നിയന്ത്രിക്കുന്നതിന് നിയന്ത്രിത ആവശ്യങ്ങള്‍ക്കുള്ള ചെലവുകള്‍ മാത്രമേ സര്‍ക്കാരിന് വഹിക്കാനാവൂ. വസ്തുക്കളായല്ലാതെ പണമായി സഹായം നല്‍കേണ്ടതില്ല. ഇതിന്റെ ഭാഗമായി അംഗീകൃത സ്ഥാനാര്‍ത്ഥികള്‍ക്ക് ദേശീയ, സംസ്ഥാന ആസ്ഥാനങ്ങളില്‍ ഓഫിസും സൗജന്യമായി ഫോണ്‍ സംവിധാനവും ഒരുക്കി നല്‍കണം. തെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രക്ഷേപണ സംവിധാനങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് തുല്യമായ സൗകര്യം നല്‍കണം. സ്വകാര്യ പ്രക്ഷേപണ സംവിധാനങ്ങളിലും ഈ സൗകര്യം ലഭ്യമാക്കണം.
ഓരോ സ്ഥാനാര്‍ത്ഥിക്കും തെരഞ്ഞെടുപ്പ് വേളയില്‍ നിശ്ചിത അളവിലുള്ള ഇന്ധനം, പ്രചരണ സാമഗ്രികളും വോട്ടര്‍ സ്ലിപ്പും അച്ചടിക്കുള്ള കടലാസുകള്‍, തപാല്‍ സ്റ്റാമ്പുകള്‍, ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു നിയമസഭാ മണ്ഡലത്തിന് ഒന്ന് എന്ന നിലയില്‍ ഉച്ചഭാഷിണി, നിക്ഷേപമില്ലാത്ത ടെലഫോണ്‍ സൗകര്യം, ഓരോ പോളിങ് സ്റ്റേഷനു സമീപവും ബൂത്തിനുള്ള സൗകര്യം, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏജന്റുമാര്‍ക്ക് ഭക്ഷണ സൗകര്യം എന്നിവ സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തണം.
ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ബോണ്ട്: കോടതിവിധി നീതിയുക്തം
അമിതമായ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കുന്നതിന് ചുവരെഴുത്ത്, ബാനറുകളും മറ്റും പ്രദര്‍ശിപ്പിക്കല്‍, വാഹനങ്ങളുടെ ഉപയോഗം, പൊതുസമ്മേളനം എന്നിവയ്ക്ക് നിയന്ത്രണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്തണം. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും അതാത് തെരഞ്ഞെടുപ്പുകളുടെ വിശദമായ വരവ് ചെലവ് കണക്കുകള്‍ പാര്‍ട്ടിയുടേതും സ്ഥാനാര്‍ത്ഥിയുടേത് പ്രത്യേകമായും സമര്‍പ്പിക്കണം. 10,000 രൂപയിലധികമുള്ള സംഭാവനകള്‍ ചെക്ക്, ഡ്രാഫ്റ്റ് മുഖേന മാത്രമേ സ്വീകരിക്കാവൂ എന്ന് നിഷ്കര്‍ഷിക്കണം. ഇതിലൂടെ സംഭാവന നല്‍കുന്നയാളുടെ വിവരങ്ങള്‍ ലഭ്യമാക്കുവാനും സുതാര്യതയുണ്ടാക്കുവാനും സാധിക്കും. ഓരോ അക്കൗണ്ടും അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പരിശോധനയ്ക്ക് വിധേയമാക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംഭാവനകള്‍ നിരോധിക്കണം. കോര്‍പറേറ്റ്, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണം. വ്യക്തികളുടെയും സംഘടനകളുടെയും പേരിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുണ്ടാകുന്ന ചെലവുകള്‍ സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍പെടുത്തണമോ എന്നതും സര്‍ക്കാര്‍ തീരുമാനിക്കണം. തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച് കാലാകാലങ്ങളില്‍ പരിശോധനയും വേണം.
തെരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 600 കോടി രൂപ നീക്കിവച്ച് ഫണ്ട് രൂപീകരിക്കണം. (റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയില്‍ രാജ്യത്ത് 60 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഒരാള്‍ക്ക് 10 രൂപ വീതം എന്ന രീതിയിലാണ് ഈ കണക്ക്). അതിന്റെ കൂടെ സംസ്ഥാനങ്ങളില്‍ നിന്ന് പ്രാതിനിധ്യത്തിനനുസരിച്ച് 600 കോടി രൂപ കൂടി ഈ ഫണ്ടില്‍ ഉള്‍പ്പെടുത്തണം. തുടങ്ങിയവയെല്ലാമായിരുന്നു ഇന്ദ്രജിത് ഗുപ്ത സമിതിയുടെ നിര്‍ദേശങ്ങള്‍.
തങ്ങളുടെ തന്നെ മുന്‍ഗാമികള്‍ നിയോഗിക്കുകയും റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തെങ്കിലും ബിജെപിയുടെ പുതിയകാല ഭരണാധികാരികള്‍, തെരഞ്ഞെടുപ്പുകളെ പൂര്‍ണമായും അട്ടിമറിക്കുകയും പണക്കൊഴുപ്പിന്റേതാക്കുന്നതിന് നൂതന രീതികള്‍ അവലംബിക്കുകയുമാണ് ചെയ്യുന്നത്. ഇതേരീതിയാണ് തുടരുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് തന്നെ അസാധ്യമാവുകയും ജനാധിപത്യം ഇല്ലാതാകുകയും ചെയ്യും. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ദ്രജിത് ഗുപ്ത സമിതി റിപ്പോര്‍ട്ടിനും ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം നടപ്പിലാക്കണമെന്നുള്ള ആവശ്യത്തിനും പ്രസക്തി വര്‍ധിക്കുന്നത്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ആ ദിശയിലുള്ള പരിഷ്കരണമാണ് അനിവാര്യം.
(അവസാനിച്ചു)