28 April 2024, Sunday

വിവരങ്ങളെ ഭയക്കുന്ന ബിജെപി

അബ്ദുൾ ഗഫൂർ
തെരഞ്ഞെടുപ്പ് പരിഷ്കരണം — 5
March 11, 2024 4:45 am

തെരഞ്ഞെടുപ്പിനെ പണക്കൊഴുപ്പിന്റേതാക്കിയതില്‍ കോണ്‍ഗ്രസിനുള്ള പങ്ക് ചെറുതല്ലെങ്കിലും ധൂര്‍ത്തിന്റെ ഉത്സവമാക്കിയത് ബിജെപി രംഗത്തേക്ക് പ്രവേശിച്ചതുമുതലായിരുന്നു. അധികാരത്തിലെത്തിയതോടെ അതിന് ഭീതിദമായ മാനംകൂടി കൈവന്നു. ധന സമാഹരണത്തിന് ഏത് കുത്സിതമാര്‍ഗവും സ്വീകരിക്കുക എന്നതും അതുപയോഗിച്ച് തെരഞ്ഞെടുപ്പ് തന്നെ അട്ടമറിക്കുക എന്നതും അവരുടെ പ്രവര്‍ത്തനരീതിയായി. അതിന്റെ ഭാഗമായിരുന്നു കള്ളപ്പണവും അഴിമതിപ്പണവും കൈപ്പറ്റുന്നതിന് നടപ്പിലാക്കിയ ഇലക്ടറല്‍ ബോണ്ട് സംവിധാനം. നിയമ നിര്‍മ്മാണമായി കൊണ്ടുവന്നാല്‍ നടപ്പിലാക്കുവാന്‍ സാധിക്കില്ലെന്ന കാരണത്താല്‍ മണി ബില്ലായി ലോക്‌സഭയില്‍ പാസാക്കിയെടുക്കുകയായിരുന്നു ബിജെപി. അതിനാധാരമായി ജനപ്രാതിനിധ്യ നിയമം, കമ്പനി നിയമം, ആദായനികുതി നിയമം എന്നിവയില്‍ ഭേദഗതി വരുത്തുകയും സമ്പന്നര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ദുരൂഹമായും വിവരങ്ങള്‍ മറച്ചുവച്ചും ഫണ്ട് നല്‍കുന്നതിനുള്ള വഴിയൊരുക്കി നല്‍കുകയും ചെയ്തു. ഇതുവരെ ഇലക്ടറല്‍ ബോണ്ടില്‍ മഹാഭൂരിപക്ഷവും ലഭിച്ചത് ബിജെപിക്കാണെന്നതിന്റെ കണക്കുകളില്‍നിന്നുതന്നെ അഴിമതിയും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി തിരിച്ചറിയുവാന്‍ സാധിക്കും.


ഇതുകൂടി വായിക്കൂ:  മോഡിയുടെ ഗ്യാരന്റി: മറ്റൊരു കര്‍ഷക കുരുതി


ഇലക്ടറല്‍ ബോണ്ടുകളെകുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളും ആരോപണങ്ങളുമെല്ലാം ശരിവയ്ക്കുന്ന സുപ്രധാന വിധി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായി. ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിനും സമ്മതിദായകരുടെ അറിയാനുള്ള അവകാശത്തിനുമെതിരാണെന്ന് വിലയിരുത്തി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കുന്ന വിധിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായത്. ഇതുവരെയുള്ള ഇലക്ടറല്‍ ബോണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിധിയെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്വാഗതം ചെയ്തുവെങ്കിലും ഔദ്യോഗികമായോ അല്ലാതെയോ എന്തെങ്കിലും പ്രതികരണം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായില്ല. പക്ഷേ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുവാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്ന എസ്ബിഐ അത് നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി 2019 ഏപ്രില്‍ 12ന് ശേഷം ബോണ്ടുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബോണ്ട് വാങ്ങിയവരുടെ പേരു വിവരങ്ങള്‍, തീയതി, എത്ര തുകയുടേത് എന്നിവ കമ്മിഷന് സമര്‍പ്പിക്കണം. ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതിലൂടെ എത്ര തുക ലഭിച്ചു, എന്നാണ് ബോണ്ടുകള്‍ പാര്‍ട്ടികള്‍ പണമാക്കി മാറ്റിയത് ഉള്‍പ്പെടെ എല്ലാ വിവരങ്ങളും കമ്മിഷന് ബാങ്ക് കെെമാറണം. മാര്‍ച്ച് 13 ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യമാണ് ബിജെപിയെ വിറളി പിടിപ്പിക്കുന്നത്. ഫണ്ട് നല്‍കിയവരുടെ വിവരങ്ങള്‍ അറിയുകയെന്നത് സമ്മതിദായകന്റെ അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കുന്നതെന്നാണ് വാര്‍ത്തകളിലുള്ളത്. സുപ്രീം കോടതി വിധിക്കാധാരമായ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഈ വാദം കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. വിധി പുറത്തുവന്നതിനുശേഷം മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു എസ് വൈ ഖുറേഷി, ഈ വാദംതന്നെ അരോചകമാണെന്നാണ് പ്രതികരിച്ചത്. വിവരങ്ങള്‍ പുറത്തുവന്നാല്‍ തങ്ങളുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെയും അഴിമതിയുടെയും വിവരങ്ങള്‍ തുറന്നുകാട്ടപ്പെടുമെന്ന് ബിജെപി ഭയക്കുന്നുവെന്നാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കുകയാണെങ്കില്‍ വ്യക്തമാവുക.


ഇതുകൂടി വായിക്കൂ:  ഇലക്ടറല്‍ ബോണ്ട് കോണ്‍ഗ്രസിനും തലവേദനയാകുന്നു


അതിനിടെ ബോണ്ട് വിവരങ്ങള്‍ നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നു. ജൂണ്‍ മാസം വരെ സമയം വേണമെന്നാണ് അവരുടെ ആവശ്യം. അതില്‍‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. അപ്പോഴേക്കും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഇലക്ടറല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ പണം ലഭിച്ചതും അത് ആരില്‍ നിന്നൊക്കെ എന്നുമുള്ള കാര്യങ്ങള്‍ പുറത്തുവരുന്നതിനെ ആരോ ഭയക്കുന്നുണ്ട്. അത് ബിജെപിയും നരേന്ദ്ര മോഡിയുമല്ലാതെ മറ്റാരുമല്ല. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഒരു ക്ലിക്കിലൂടെ ലഭിക്കാവുന്ന വിവരങ്ങള്‍ നല്‍കുന്നതിന് ഇത്രയധികം സമയം വേണമെന്ന ആവശ്യം അതല്ലാതെ മറ്റെന്താണ് സൂചിപ്പിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പരിഷ്കരണമെന്ന അഭിപ്രായം ശക്തമായതും അതിനുവേണ്ടി രൂപീകരിച്ച സമിതികളും അതില്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് നിര്‍ദേശിച്ച ഇന്ദ്രജിത് ഗുപ്ത സമിതി റിപ്പോര്‍ട്ടും വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്.

1996ല്‍ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ക്ക് പിറകേയാണ് വീണ്ടും തെരഞ്ഞെടുപ്പ് പരിഷ്കരണമെന്ന അഭിപ്രായം ഉയര്‍ന്നത്. 1997 ഓഗസ്റ്റില്‍ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലിയുടെ ഭാഗമായി നടന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയത്തിലും ജനാധിപത്യ പ്രക്രിയയെ ശക്തവും സുതാര്യവുമാക്കുന്നതിന് സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കരണത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. 1998 മാര്‍ച്ചില്‍ നയപ്രഖ്യാപനം നടത്തിയ രാഷ്ട്രപതി കെ ആര്‍ നാരായണനും തന്റെ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ക്രിമിനല്‍വല്‍ക്കരണവും അഴിമതിയും മൂല്യശോഷണവും തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുന്നുവെന്നും ഇവ ഇല്ലാതാക്കുന്നതിന് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമഗ്രമായ പരിഷ്കരണം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 1998 മേയ് 22ന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തു.


ഇതുകൂടി വായിക്കൂ: വീണ്ടും തെരഞ്ഞെടുപ്പ് ബോണ്ട്


ഇവിടെ ഓര്‍ക്കേണ്ട പ്രധാനകാര്യം അപ്പോള്‍ രാജ്യം ഭരിച്ചിരുന്നത് ബിജെപിയായിരുന്നു എന്നതാണ്. എല്‍ കെ അഡ്വാനിയുടെ അധ്യക്ഷതയിലായിരുന്നു പ്രസ്തുത യോഗം ചേര്‍ന്നത്. 1990ലെ ഗോസ്വാമി സമിതി നിര്‍ദേശവും കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളും പ്രസ്തുത യോഗത്തില്‍ ചര്‍ച്ചയായി. ആ യോഗത്തില്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കുമപ്പുറം കക്ഷി വ്യത്യാസമില്ലാതെ ആശങ്ക രേഖപ്പെടുത്തിയതായിരുന്നു വര്‍ധിച്ചുവരുന്ന തെരഞ്ഞെടുപ്പ് ചെലവുകള്‍. ഇത് പണാധിപത്യത്തിലേക്കും അഴിമതിയിലേക്കും കള്ളപ്പണത്തിന്റെ സ്വാധീനത്തിലേക്കും നയിക്കുന്നുവെന്ന ആശങ്കയും ഉന്നയിക്കപ്പെട്ടു. മുൻകൂട്ടി ധാരണയുള്ള പൊതു തെരഞ്ഞെടുപ്പുകൾ, നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയ്ക്ക് മുമ്പ് അധികാരത്തിലിരിക്കുന്ന മുന്നണിയോ പാർട്ടിയോ അവരുടെ ഭരണനേട്ടങ്ങൾ സർക്കാരിന്റെ പണം ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. ഈ അവസരം പ്രതിപക്ഷത്തിരിക്കുന്ന കക്ഷികൾക്കോ മുന്നണികൾക്കോ ലഭിക്കുന്നില്ല എന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് മുതൽ സർക്കാർ സ്പോൺസേഡ് പരസ്യങ്ങൾ നിരോധിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടുകയുണ്ടായി.

നേരത്തെ പല സമിതികളും നിര്‍ദേശിച്ച തെരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദേശമാണ് ഇക്കാര്യത്തിലുള്ള പ്രധാന പ്രതിവിധിയെന്ന് പല കക്ഷികളും യോഗത്തില്‍ നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഏകകണ്ഠമായി തീരുമാനിക്കുന്നത്. പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 1998 ജൂണ്‍ മൂന്നിന് സിപിഐ നേതാവ് ഇന്ദ്രജിത് ഗുപ്ത അധ്യക്ഷനായ സമിതിയെ ബിജെപി സര്‍ക്കാര്‍ നിയോഗിച്ചത്. സോമനാഥ് ചാറ്റര്‍ജി, മന്‍മോഹന്‍ സിങ്, മധുകര്‍ സര്‍പോദാര്‍, വിജയ് കുമാര്‍ മല്‍ഹോത്ര, ആര്‍ മുത്തയ്യ, ദിഗ്‌വിജയ് സിങ് എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. 1998 ഓഗസ്റ്റില്‍ രാം ഗോപാല്‍ യാദവിനെ കൂടി ഉള്‍പ്പെടുത്തി സമിതി വികസിപ്പിച്ചു. ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും വിഷയത്തിന്റെ പ്രാധാന്യവും അഭിപ്രായരൂപീകരണത്തില്‍ വന്ന കാലതാമസവും കാരണം കാലപരിധി വിവിധ ഘട്ടങ്ങളിലായി 1998 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തു.

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.