കർഷകർക്ക് ആശ്വാസമേകി കൊപ്രയ്ക്കും പച്ചത്തേങ്ങയ്ക്കും വില വർധിക്കുന്നു. രണ്ടു മാസം മുമ്പ് 10,200 രൂപയുണ്ടായിരുന്ന രാജാപ്പൂർ കൊപ്രയ്ക്ക് 22,000 രൂപയായാണ് വില കുതിച്ചുയർന്നത്. ഇതേസമയം 8,900 രൂപയുണ്ടായിരുന്ന ഉണ്ടയ്ക്ക് 19,000 രൂപയുമായി വില ഉയർന്നിട്ടുണ്ട്. ദിവസവും വില വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും സമീപകാലത്തൊന്നും രാജാപ്പൂർ കൊപ്രയുടെ വില ഇരുപതിനായിരത്തിന് മുകളിൽ പോയിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. ദീപാവലി, നവരാത്രി ആഘോഷങ്ങൾ ഉൾപ്പെടെയാണ് വില വർധനവിന് കാരണമെന്നാണ് കരുതുന്നത്.
കഴിഞ്ഞയാഴ്ച 13,500 രൂപയുണ്ടായിരുന്ന ഉണ്ടയ്ക്കാണ് 5,500 രൂപയോളം വർധിച്ചത്. ഈ മാസം 10ന് രാജാപ്പൂർ കൊപ്രയ്ക്ക് 15,000 രൂപയും ഉണ്ടയ്ക്ക് 12,700 രൂപയുമായിരുന്നു വില. 2021 ലെ പൂജാ സീസണിലാണ് രാജാപ്പൂർ കൊപ്രയ്ക്കും ഉണ്ടയ്ക്കുമെല്ലാം ഇത്തരത്തിൽ വില ഉയർന്നത്. അന്ന് ഉണ്ടയ്ക്ക് 18,500 രൂപയും രാജാപ്പൂർ കൊപ്രയ്ക്ക് 21,500 രൂപയും വില ലഭിച്ചിരുന്നു. ഇതിനെക്കാൾ കൂടിയ വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. കൊപ്രയ്ക്കും ഉണ്ടയ്ക്കുമൊപ്പം തന്നെ പച്ചത്തേങ്ങയുടെ വിലയും വർധിച്ചിട്ടുണ്ട്. 40 രൂപ വരെയായാണ് വില ഉയർന്നത്.
പച്ചത്തേങ്ങയുടെ വില വലിയ തോതിൽ ഇടിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് 31 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയുടെ വിലയാണ് ഇപ്പോൾ നാല്പതിലെത്തിയത്. 2018ന് ശേഷം ഇതാദ്യമായാണ് വില നാൽപതിലെത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു.
സംസ്ഥാനത്ത് ഈ വർഷം നാളികേര ഉല്പാദനത്തിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. ദീപാവലി, നവരാത്രി ആഘോഷ സമയങ്ങളിൽ ഉണ്ടയ്ക്കും കൊപ്രയ്ക്കും ഉത്തരേന്ത്യയിൽ ആവശ്യം വർധിക്കാറുണ്ട്. കർഷകരെ സഹായിക്കാൻ സർക്കാർ താങ്ങുവില നൽകി നാളികേരം സംഭരിച്ചിരുന്നു. ഇതും വില വർധിക്കാൻ കാരണമായിട്ടുണ്ട്.
ഉത്തരേന്ത്യയിൽ അടുത്തമാസം നവരാത്രി ആഘോഷമുൾപ്പെടെ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വില വർധനവ് കുറച്ചുനാൾ കൂടി തുടരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വില വർധിക്കുമ്പോഴും ഉല്പാദനത്തിലെ കുറവാണ് കർഷകരെ നിരാശപ്പെടുത്തുന്നത്. തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾ ഉൾപ്പെടെ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നാളികേര വില വർധനവിനൊപ്പം വെളിച്ചെണ്ണയുടെ വിലയിലും വർധനവുണ്ടാകുന്നുണ്ട്. രണ്ട് മാസത്തിനിടെ നാലായിരം രൂപയുടെ വർധനവാണ് വെള്ളിച്ചെണ്ണ ക്വിന്റലിന് ഉണ്ടായിട്ടുള്ളത്.