Site iconSite icon Janayugom Online

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം; പൊലീസ് നടപടി പാടില്ലെന്ന് കോടതി

രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും. രാഹുലിന്റെ പേരിലുള്ള രണ്ടാം ബലാത്സംഗക്കേസിലാണ് തിരുവനന്തപുരം വഞ്ചിയൂര്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.ഹർജിയിൽ കോടതി തിങ്കളാഴ്ച വിശദമായ വാദംകേട്ടു. ഈ കേസില്‍ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് തടയണമെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ വാദം. എന്നാല്‍, ആ വാദം കോടതി അംഗീകരിച്ചില്ല. എന്നാല്‍, ജാമ്യാപേക്ഷയില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ബന്ധിത നിയമനടപടികള്‍ പാടില്ലെന്ന് കോടതി പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇതോടെ പോലീസിന് രാഹുലിനെതിരേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

നേരത്തേ ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്.

ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ചെയ്യുകയായിരുന്നു.

Exit mobile version