ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാധിഷ്ഠിത വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച് ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സംബന്ധിച്ച് കെ ഗോപാലകൃഷ്ണൻ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ ഹാക്ക് ചെയ്താണ് വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദം പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പാടെ തള്ളിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
പൊതുസമൂഹത്തിനും സര്‍ക്കാരിനും ഇടയിലുള്ള പാലമായി പ്രവര്‍ത്തിക്കേണ്ട ഐഎഎസ് ഉദ്യോഗസ്ഥൻ മതാടിസ്ഥാനത്തില്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്നത് ഗൗരവമേറിയതാണ്. സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് ഇതെന്ന ആശങ്കയും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം നിലപാടുകള്‍ ഐഎഎസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിന് തെളിവില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജൻ കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി തന്റെ റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്.
ഐഎഎസ് ഓഫിസർമാരെ അംഗങ്ങളാക്കി ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പാണ് ഗോപാലകൃഷ്ണന്റെ നമ്പറിൽ നിന്ന് സൃഷ്ടിച്ചത്. മറ്റൊരു ഓഫിസർ വിളിച്ചുപറഞ്ഞപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. അന്വേഷണത്തില്‍ വാട്ട്സ് ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും റീസെറ്റ് ചെയ്തതിനാല്‍ ഫോണിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് ഗൂഗിളും റിപ്പോർട്ട് നൽകി.