Site iconSite icon Janayugom Online

ദൈവത്തെ ആശ്രയിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ : കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്ഥാവനയ്ക്കെതിരെ പ്രതിഷേധം

പുണെയിലെ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇ.വൈ)യിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യൻ അമിതജോലി സമ്മർദം മൂലം മരിച്ച സംഭവത്തിൽ വിവാദ പ്രസ്താവനവുമായി കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. ജോലി സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.

ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജില്‍ നടന്ന ചടങ്ങിലായിരുന്നു കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശം. ജോലി സമ്മര്‍ദം മൂലം പെണ്‍കുട്ടി മരിച്ച വാര്‍ത്ത രണ്ട് ദിവസം മുമ്പാണ് കണ്ടത്. ക്യാംപസ് റിക്രൂട്ട്‌മെന്റ് വഴി ജോലി നേടാനാണ് കോളേജില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കുന്നത്. എത്ര വലിയ ജോലി കിട്ടിയാലും സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ വീട്ടില്‍ നിന്ന് പഠിപ്പിക്കണം.

ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയും നിർമല സീതാരാമൻ അഭിപ്രായപ്പെട്ടുഅതേസമയം കേന്ദ്ര മന്ത്രിയുടെ പ്രസ്താവന കുടുംബം തള്ളിക്കളയുകയാണ്. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് ഓരോ പ്രസ്താവനകള്‍ പറയുകയാണ്. ഇത് അംഗീകരിക്കുന്ന ചിലരുണ്ടാകും. എന്നാല്‍ മകളെ ചെറുപ്പംമുതല്‍ തന്നെ അത്മവിശ്വാസം കൊടുത്ത് തന്നെയാണ് വളര്‍ത്തിയതെന്ന് അന്നയുടെ പിതാവ് പറഞ്ഞു. 

പുണെ ഇവൈ ടെക്‌നോളജീസിൽ ഉദ്യോഗസ്ഥയായിരുന്ന കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജൂലായ്‌ 20‑നാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലിസമ്മർദത്തെ തുടർന്നാണ് മകൾ മരിച്ചതെന്നു ചൂണ്ടിക്കാട്ടി അന്നയുടെ മാതാവ് അനിത ഇവൈ ടെക്‌നോളജീസിന് എഴുതിയ കത്ത് പുറത്തു വന്നതിനെത്തുടർന്നാണ് സംഭവം വിവാദമായത്.

Exit mobile version