Site iconSite icon Janayugom Online

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂര്‍ച്ചയുള്ള പ്രയോക്താവായിരുന്നു ലെനിന്‍; ബിനോയ് വിശ്വം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലോകത്തെവിടെയും വഴികാട്ടിയ സംഘാടകനും നേതാവും തത്വ ചിന്തകനുമായിരുന്നു ലെനിന്‍ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലെനിന്‍ ചരമ ശതാബ്ദിയോടനുബന്ധിച്ച് അച്യുതമേനോന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ലെനിന്റെ പാതയില്‍ ’ എന്ന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂര്‍ച്ചയുള്ള പ്രയോക്താവായിരുന്നു ലെനിന്‍.

പാര്‍ട്ടി എന്തായിരിക്കണം എന്നതു സംബന്ധിച്ച് ഒരു ഘടന തയ്യാറാക്കി അദ്ദേഹം. ഏതൊരു ആശയവും ജനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴേ വിജയിക്കൂ. കാള്‍ മാര്‍ക്സും, ഏംഗല്‍സും, ലെനിനും ഒരുപാട് ആശയങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പുത്തന്‍കാലത്തിന്റെ പുത്തന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞതില്‍ ഒന്നാം സ്ഥാനം സിപിഐയ്ക്കാണ്. സിപിഐയുടെ രാഷ്ട്രീയ ശരികളെപ്പറ്റി പറയുമ്പോള്‍ ഇന്നത്തെ കാലഘട്ടത്തിലെ ശത്രു ആരാണെന്ന തിരിച്ചറിവ് നേടുക എന്നതാണ് പ്രധാനം. ലെനിന്‍ അത് തിരിച്ചറിഞ്ഞിരുന്നു. ആ നിലയ്ക്കാണ് ലെനിന്റെ ആശയങ്ങളെ സിപിഐ വാഴ്ത്തുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യയിലെ മുഖ്യ ശത്രു ഫാസിസ്റ്റായ ആര്‍എസ്എസ് നയിക്കുന്ന ബിജെപിയാണ്. ബിജെപിയുടെ തലച്ചോര്‍ ആര്‍എസ്എസ് ആണ്. രാഷ്ട്രീയമില്ലെന്ന് ആര്‍എസ്എസ് കള്ളം പറയുന്നു. ഈ പച്ചക്കള്ളം പറഞ്ഞുകൊണ്ട് പിന്തിരിപ്പന്‍ രാഷ്ട്രീയമാണ് അയോധ്യയില്‍ ആര്‍എസ്എസ് കാഴ്ചവച്ചത്. ഇന്ത്യ കണ്ട രാമനോ, വാല്‍മീകിയുടെയോ, രാമായണത്തിലെയോ രാമനെയെല്ല അയോധ്യയില്‍ കണ്ടത്. അധികാരക്കൊതിയില്‍ ഉണ്ടായ ഫ്യൂഡോ രാമനാണ് അതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റിന്റെ മുഖ്യശത്രു ആര്‍എസ്എസ് നയിക്കുന്ന ബിജെപിയാണ്. സിപിഐ ഇത് നേരത്തെ പറഞ്ഞതാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

അച്യുതമേനോന്‍ ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍ ഷണ്‍മുഖംപിള്ള സ്വാഗതം പറഞ്ഞു. മന്ത്രി ജി ആര്‍ അനില്‍, സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യന്‍ മൊകേരി, ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് വിശ്വമംഗലം സുന്ദരേശന്‍ എന്നിവര്‍ പങ്കെടുത്തു. വി ദത്തന്‍ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: binoy viswam Remem­ber­ing Lenin
You may also like this video

Exit mobile version