Site icon Janayugom Online

പ്രതിസന്ധിക്കിടെ ശ്രീലങ്കയില്‍ പുനഃസംഘടന, പ്രതിഷേധം

Srilanka

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ പ്രതിഷേധം തുടരുന്നതിനിടെ സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിക്കുകയും ചെയ്തു. മഹിന്ദ ഒഴിച്ച് രജപക്സെ കുടുംബത്തിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. നാല് മന്ത്രിമാരാണ് ആദ്യ ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അജിത് നിവാദ് കബ്രാല്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
അവശ്യവസ്തുക്കളുടെ ക്ഷാമത്തിനും 13 മണിക്കൂറോളം നീണ്ട പ്രതിദിന വൈദ്യുതി മുടക്കത്തിനും എതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നത് തടയാന്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിരുന്നുവെങ്കിലും ഇന്നലെയും പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധ സമരം നടന്നു. രണ്ടായിരത്തോളം പ്രതിഷേധക്കാരാണ് പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയത്. കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് പൊലീസുകാര്‍ പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
നിയമ–പാർലമെന്ററി മന്ത്രിയായിരുന്ന അലി സബ്രിയാണ് ബേസില്‍ രജപക്സെയ്ക്ക് പകരം പുതിയ ധനമന്ത്രി. ജി എൽ പീരിസ് വിദേശകാര്യമന്ത്രിയായി തുടരും. ദിനേശ് ഗുണവർധന (വിദ്യാഭ്യാസം), ജോൺസ്റ്റൺ ഫെർണാണ്ടോ (ഗതാഗതം) എന്നിവരാണ് ചുമതലയേറ്റ മറ്റു മന്ത്രിമാർ. പൂർണ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ ഇവർ ചുമതലകൾ വഹിക്കും. മൂത്തസഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണു പ്രസിഡന്റിന്റെ നടപടി.
ഞായറാഴ്ച രാത്രി മഹിന്ദ രജപക്സെ ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും രാജി സമർപ്പിച്ചിരുന്നു. ഇന്റര്‍നെറ്റ് നിയന്ത്രണത്തിലുള്‍പ്പെടെ കഴിഞ്ഞ ദിവസം പ്രതിഷേധിച്ച മഹിന്ദയുടെ മകനും യുവജനകാര്യ, കായിക വകുപ്പ് മന്ത്രിയുമായ നമൽ രാജപക്സെ രാജിവച്ചതിനു പിന്നാലെയായിരുന്നു കൂട്ടരാജി. മഹിന്ദ രാജപക്സെ രാജിവച്ചതായി അഭ്യൂഹം ഉയർന്നിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Reor­ga­ni­za­tion and protest in Sri Lan­ka dur­ing the crisis

You may like this video also

Exit mobile version