Site iconSite icon Janayugom Online

രാഹുല്‍ ഗാന്ധിക്ക് മറുപടി; അറസ്റ്റും ജയിലും കണ്ട് പേടിക്കില്ല: മുഖ്യമന്ത്രി

കോൺഗ്രസിനെ വിമർശിക്കുന്നത് നിലപാടിന്റെ വിഷയത്തിലാണെന്നും അതിന് മറുപടി നൽകാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല, കസ്റ്റഡിയിലെടുത്തില്ല എന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രയാസം. അറസ്റ്റും ജയിലും കേന്ദ്ര ഏജൻസിയും കാട്ടി വിരട്ടാൻ നോക്കേണ്ട. ഇതൊക്കെ കേട്ടാൽ കോൺഗ്രസ് നേതാക്കളെപ്പോലെ പേടിച്ചു വിറയ്ക്കുന്ന ആളല്ലെന്ന് രാഹുൽ ഗാന്ധി മനസിലാക്കണം. ചോദ്യംചെയ്യൽ നേരിടാത്തവരുമല്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

വിജിലൻസ് തള്ളിയ കേസാണ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സിബിഐക്ക് വിട്ടത്. സിബിഐ വിശദമായി ചോദ്യം ചെയ്തു. അവരും വിജിലൻസ് പറഞ്ഞിടത്തുതന്നെയാണ് എത്തിയത്. അന്ന് കോൺഗ്രസാണ് കേന്ദ്രത്തിൽ. ആ കേസ് എന്തായി എന്ന് രാഹുൽ അന്വേഷിക്കുന്നത് നന്നാകും. അന്നും കേസെന്നുകേട്ട് ബോധം കെട്ടിട്ടില്ല. കാക്കൂർ, കൊടുവള്ളി, ചെറുവണ്ണൂർ എൽഡിഎഫ് റാലികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കാതെ മാറിനിൽക്കുകയായിരുന്നു കോൺഗ്രസ്. കേരളത്തിൽ തുടക്കത്തിൽ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറായ കോൺഗ്രസ് പിന്നീട് പിൻവാങ്ങി. കേളത്തിന് പുറത്ത് പൗരത്വ പ്രക്ഷോഭത്തിൽ ഭാഗമായിട്ടില്ല, കേരളത്തിലും വേണ്ടെന്ന് നിര്‍ദേശിച്ചത് കേന്ദ്ര നേതൃത്വമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

രാജ്യത്തും ലോകത്തുമുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്ന രാഹുൽ പൗരത്വവിഷയം മാത്രമാണ് ഒഴിവാക്കിയത്. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ ഘട്ടത്തിൽ പോലും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കോൺഗ്രസ് പ്രകടന പത്രികയിൽ എന്തുകൊണ്ടാണ് പൗരത്വ നിയമം റദ്ദാക്കുമെന്ന് പറയാത്തത്. സംഘ്പരിവാർ മനസുള്ളവർക്കല്ലേ ഇക്കാര്യത്തിൽ ബിജെപിക്കൊപ്പം നിൽക്കാൻ ബാധ്യതയുള്ളു. കോൺഗ്രസിന് ആ ബാധ്യത എങ്ങനെ വരുന്നുവെന്നും അദ്ദേഹം ചോദിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴും എൻഐഎ നിയമഭേദഗതി വിഷയത്തിൽ കോൺഗ്രസ് എതിർപ്പുയർത്തുകയോ ഗൗരവമായ നിലപാട് സ്വീകരിക്കുകയോ ചെയ്തില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

Eng­lish Summary:Reply to Rahul Gand­hi; Not afraid of arrest and jail: Chief Minister
You may also like this video

Exit mobile version