Site iconSite icon Janayugom Online

സ്ത്രീ പ്രാതിനിധ്യം; ലീഗ് സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വനിതാ ലീഗ് ദേശീയ പ്രസിഡന്റ്

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ ലീഗ് സമ്മേളനത്തില്‍ നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ വനിതാ ലീഗ് ദേശീയ പ്രസിഡന്റിന്റെ ഒളിയമ്പ്. പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്നും അടിത്തട്ടിൽ സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണെന്നും ദേശീയ പ്രസിഡന്റ് അഡ്വ. ഫാത്തിമ മുസഫർ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കാത്ത മുസ്ലിംലീഗ് നേതൃത്വത്തിന്റെ നിലപാടിനോടുള്ള വിയോജിപ്പുകൂടിയായി ഫാത്തിമ മുസഫറിന്റെ പ്രസംഗം. 

സ്ത്രീ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം വാക്കില്‍ മാത്രമൊതുക്കുന്ന നേതൃത്വം ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അവരെ അകറ്റി നിര്‍ത്തുകയാണ് പതിവ്. ഇതിലുള്ള പ്രതിഷേധംകൂടിയായിരുന്നു അവരുടെ വാക്കുകള്‍. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കേരളത്തില്‍ യുഡിഎഫിലെ രണ്ടാംകക്ഷിയായ മുസ്ലിംലീഗ് പരാജയം ഉറപ്പായിരുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മാത്രമാണ് വനിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറായത്. മലപ്പുറത്തെ ഉറപ്പുള്ള സീറ്റുകളിലൊന്നും വനിതകളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാവാതിരുന്നത് വനിതാലീഗില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ അതെല്ലാം നേതൃത്വം ഇടപെട്ട് ഒതുക്കിത്തീര്‍ത്തു. നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം ഒഴിവാക്കാനായിരുന്നു കോഴിക്കോട് സൗത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 

സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നാണ് ഇന്ത്യയെന്നും രാജ്യത്ത് സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണെന്നും അഡ്വ. ഫാത്തിമ മുസഫർ പറഞ്ഞു. വിവിധ സർവേകളിൽ നിന്ന് അതാണ് വ്യക്തമാകുന്നത്. രാജ്യത്ത് 48 ശതമാനം സ്ത്രീകൾക്കും പ്രാഥമിക വിദ്യാഭ്യാസമില്ല. 12 ശതമാനം മാത്രമാണ് പാർലമെന്റിലെ സംവരണം. സ്ത്രീകളെ കടത്തുന്നതും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും ഇന്ത്യയിൽ വർധിക്കുകയാണ്. 8000 സ്ത്രീകൾ ഒരു വർഷത്തിനിടെ സ്ത്രീധന പീഡനത്താൽ കൊല്ലപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമര കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന മുസ്ലിങ്ങളെ രാജ്യവിരുദ്ധരാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ശക്തമാകുകയാണെന്നും അവർ പറഞ്ഞു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ ആമിന അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് നേതാക്കളായ അഡ്വ. പി കെ നൂർബിന റഷീദ്, സുഹറ മമ്പാട്, ഷറിന വഹാബ് തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: rep­re­sen­ta­tion of women; Wom­en’s League nation­al pres­i­dent lash­es out at lead­er­ship at league conference

You may also like this video

Exit mobile version