Site iconSite icon Janayugom Online

കലാപഭൂമിയില്‍ ‘ഇന്ത്യ’ പ്രതിനിധികൾ

വംശീയ കലാപക്കെടുതികള്‍ വിലയിരുത്തുന്നതിനായി പ്രതിപക്ഷ പാർട്ടി സഖ്യമായ ‘ഇന്ത്യ’ പ്രതിനിധികൾ മണിപ്പൂരിലെത്തി. 10 വീതം പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് അക്രമ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചത്. ഉച്ചയോടെ ഇംഫാലിലെത്തിയ സംഘം ചുരാചന്ദ്പൂര്‍ ബോയ്സ് ഹോസ്റ്റല്‍, ബിഷ്ണുപൂര്‍ മൊയ്‌രാങ് കോളജ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി വസ്തുതകള്‍ നേരിട്ട് മനസിലാക്കി.
ലോകം മുഴുവന്‍ മണിപ്പൂരിനെ കുറിച്ച് സംസാരിക്കുകയും ആകുലപ്പെടുകയും ചെയ്യുമ്പോള്‍ ആദ്യം സംസാരിക്കേണ്ടത് പ്രധാനമന്ത്രിയാണ് എന്നത് രാജ്യത്തിന്റെ പൊതുവികാരമാണെന്ന് സിപിഐ നേതാവ് പി സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റ് മണിപ്പൂരിനെ കുറിച്ച് ചര്‍ച്ച ചെയ്തതും പ്രശ്നത്തില്‍ യുഎന്‍ ഇടപെടല്‍ ആവശ്യം ഉയര്‍ന്നതും ശരിയല്ലെങ്കിലും ഈ സാഹചര്യത്തില്‍ വിഷയം അത്രമേല്‍ ഗുരുതരമാണ് എന്നതിനാലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എല്ലാവരും ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയം കളിക്കാനല്ല ഇന്ത്യയുടെ പേരിന് കളങ്കമുണ്ടാക്കിയ കലാപത്തില്‍ ഇരകളായവരെ കാണാനും പ്രശ്നങ്ങള്‍ മനസിലാക്കാനുമാണ് ‘ഇന്ത്യ’സഖ്യം ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരി പ്രതികരിച്ചു.
നഗ്നരാക്കി നടത്തപ്പെട്ട കുക്കി വനിതകളില്‍ ഒരാളുടെ അമ്മയുമായി സംസാരിച്ചതായി ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. അവര്‍ക്ക് നീതി വേണമെന്നും മകള്‍ പീഡിപ്പിക്കപ്പെടുകയും ഭര്‍ത്താവും മകനും അതേ ദിവസം കൊല്ലപ്പെടുകയും ചെയ്ത ഒരു സ്ത്രീയെ കാണുന്നത് ഖേദകരമാണെന്നും കനിമൊഴി പ്രതികരിച്ചു. സിപിഐ(എം) രാജ്യസഭാംഗം എ എ റഹിം ഉള്‍പ്പെടെ 20 പേരടങ്ങിയ സംഘമാണ് സംസ്ഥാനത്തെത്തിയത്.
ഇന്ന് രാവിലെ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയികേയുമായി സംഘം കൂടികാഴ്ച നടത്തും. മണിപ്പൂർ വിഷയത്തിൽ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്.

eng­lish summary;Representatives of ‘India’ in Kaalan Bhoomi

you may also like this video;

Exit mobile version