Site iconSite icon Janayugom Online

റിപ്പബ്ലിക്ക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുക : സിപിഐ

റിപ്പബ്ലിക്ക് ദിനത്തിൽ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്താനും ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കാനും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭ്യർത്ഥിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് സ്മരിക്കേണ്ട സന്ദർഭമാണിതെന്ന് രാജ പ്രസ്താവനയിൽ ഓർമ്മപ്പെടുത്തി.
ഗൂഢാലോചന കേസുകളെയും വെടിയുണ്ടകളെയും ജയിലറകളെയും നേരിട്ടാണ് കമ്മ്യൂണിസ്റ്റുകാർ എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശത്തിനായി പോരാടിയത്. ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമം സ്ഥാപിക്കാനുള്ള പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ഇന്നത്തെ ഇന്ത്യൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്കും രാജ്യത്തെ കോർപറേറ്റ് വൽക്കരിക്കാനുള്ള നീക്കങ്ങൾക്കും എതിരെ ബഹുജനങ്ങളുടെ ശക്തിമത്തായ മുന്നേറ്റം വളർന്നു വരേണ്ടതുണ്ട്. രാജ്യത്തെ കർഷകരും മറ്റ് ജനവിഭാഗങ്ങളും വലിയ വെല്ലുവിളികളെ നേരിടുന്നു. ‘രാജ്യത്തെ രക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടനയെ കാത്തുസൂക്ഷിക്കുക’ എന്നീ മുദ്രാവാക്യം ഉയർത്തി ഭരണഘടനാ സംരക്ഷണദിനമായി ജനുവരി 26 ആചരിക്കാൻ ഡി രാജ ആഹ്വാനം ചെയ്തു.
ദേശീയ കൗൺസിലിന്റെ ആഹ്വാനമനുസരിച്ച് ജനുവരി 26 ന് ഭരണഘടനാ സംരക്ഷണദിനം സംസ്ഥാനത്ത് ആചരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി ഘടകങ്ങളോട് അഭ്യർത്ഥിച്ചു. പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കണം.
തിരുവനന്തപുരത്ത് എം എൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാവിലെ 10 മണിയ്ക്ക് ദേശീയ പതാക ഉയർത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാവണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ റിപ്പബ്ലിക് ദിനാചരണമെന്ന് കാനം രാജേന്ദ്രൻ ഓർമ്മപ്പെടുത്തി.
Eng­lish sum­ma­ry : CPI cel­e­brat­ed Repub­lic day as con­sti­tu­tion­al day

Exit mobile version