Site iconSite icon Janayugom Online

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പുകളുടെ ചരിത്രം വഴിമാറി ഭരണാനുകൂല തരംഗം

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തി ഡെമോക്രാറ്റുകള്‍‍ക്ക് പ്രതീക്ഷ. ഭരണവിരുദ്ധ വികാരം അലയടിക്കുന്ന പതിവ് തെരഞ്ഞെടുപ്പ് ചിത്രമല്ല ഇക്കുറി അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റേത്. പ്രസിഡന്റ് ജോ ബൈഡനും ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്കും ആശ്വാസം പകരുന്നതാണ് യുഎസ് കോൺഗ്രസിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഫലം. ജനാധിപത്യത്തിന് നല്ല ദിവസമെന്നാണ് ബൈഡന്റെ പ്രതികരണം. ഒരല്പം നിരാശയുണ്ടാക്കുന്ന ഫലമെന്നാണ് മുൻ പ്രസിഡന്റും റിപബ്ലിക്കനുമായ ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്.

നേരിയ വ്യത്യാസമാണ് പ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും തമ്മിലുള്ളൂ. ബുധനാഴ്ചയിലെ ഫലപ്രഖ്യാപനമുസരിച്ച് 435ൽ 220 സീറ്റ് റിപ്പബ്ലിക്കന്മാർക്കും 215 സീറ്റ് ഡെമോക്രാറ്റുകൾക്കും ലഭിച്ചു. പ്രതിനിധിസഭയിൽ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുൻകൈ ഉണ്ടെങ്കിലും ഭൂരിപക്ഷമാകാന്‍ 218 സീറ്റ് ലഭിക്കണം. ജനുവരിയിലാണ് പുതിയ കോൺഗ്രസ് നിലവിൽ വരിക. നിലവിലെ സ്പീക്കർ നാൻസി പെലോസിക്ക് പകരം റിപ്പബ്ലിക്കൻ പ്രതിനിധിയാകും സ്പീക്കറായി നിയോഗിക്കപ്പെടുക. റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തിയെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

സെനറ്റിലെ 100ൽ 35 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ റിപ്പബ്ലിക്കന്മാർക്ക് 50 സീറ്റും ഡെമോക്രാറ്റുകൾക്ക് 48 സീറ്റുമാണുള്ളത്. രണ്ട് സ്വതന്ത്രർ ഭരണകക്ഷിക്കൊപ്പമാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് സെനറ്റിലേക്ക് നടക്കുന്നത്. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ നിലനിർത്തിയേക്കും. വിസ്കോസിൻ, അരിസോണ, ജോർജിയ, നെവദ എന്നിവയിൽ രണ്ടിടത്തെങ്കിലും ഭൂരിപക്ഷമായാൽ ഡെമോക്രാറ്റുകൾ ചരിത്രം കുറിക്കും. 36 സംസ്ഥാനങ്ങളിലെയും ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്മാര്‍ക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. ഫ്ളോറിഡയിൽ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡി സാൻറീസിന് ലഭിച്ച വൻ വിജയം ട്രംപ് ക്യാമ്പിന് ആശ്വാസമായി. അതേസമയം പെൻസിൽവാനിയയിൽ ജോൺ ഫെറ്റർമൻ ട്രംപിന്റെ പിന്തുണയുള്ള മെഹ്മെത് ഓസിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റുകൾ മിന്നുന്ന വിജയമാണ് നേടിയത്.

ഡിസംബർ ആറിന് ജോർജിയയിൽ നടക്കുന്ന പുനർവോട്ടെടുപ്പ് ഫലം കൂടി പുറത്ത് വരുമ്പോഴാണ് വ്യക്തമായ ചിത്രം ലഭ്യമാകു. എങ്കിലും പ്രവചിക്കപ്പെട്ട തരത്തിലുള്ള ശക്തമായ റിപബ്ലിക്കൻ തരംഗം തെരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. നാണയപ്പെരുപ്പം, കുടിയേറ്റം എന്നിവയും ഗർഭം അലസിപ്പിക്കലുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയും തോക്ക് കൈവശം വെയ്ക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട നയവുമെല്ലാം ഇടക്കാല തെരഞ്ഞെടുപ്പിലെ നിർണായക വിഷയങ്ങളായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ അഞ്ച് ഇന്ത്യൻ അമേരിക്കക്കാർ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമരീഷ് ബേറ, രാജ കൃഷ്മമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീ താനേദാർ എന്നിവരാണ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജർ.

 

 

ഇല്ലിനോയി ജനറൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി നബീല സെയ്ദ്, ഇന്ത്യൻ — അമേരിക്കൻ മുസ്‌ലിം വനിതയാണ്. വിജയത്തിൽ ആഹ്ളാദം പങ്കുവച്ചുള്ള 23കാരിയായ നബീലയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നബീല ട്വീറ്റ് ഇങ്ങനെയാണ്- ‘എന്റെ പേര് നബീല സെയ്ദ്. ഞാൻ 23 വയസുള്ള മുസ്‍ലിമാണ്, ഇന്ത്യൻ – അമേരിക്കൻ വനിതയാണ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വാധീനമുള്ള ജില്ലയിൽ ഞങ്ങൾ അട്ടിമറി വിജയം നേടി. ജനുവരിയിൽ ഇല്ലിനോയി ജനറൽ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കും’. ട്വീറ്റിന് വന്‍ പ്രതികരണമാണ് വിവിധ കോണുകളില്‍ നിന്ന് ലഭിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ക്രിസ് ബോസിനെയാണ് നബീല പരാജയപ്പെടുത്തിയത്.

കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ നബീല, പ്രാദേശിക വ്യവസായ സംരംഭങ്ങളെ സഹായിക്കുന്ന ഒരു കൺസൾട്ടിങ് സംഘടനയുടെ പ്രസിഡന്റായിരുന്നു. ‘മികച്ച ഇല്ലിനോയിയെ സൃഷ്ടിക്കും. ശക്തമായ സമ്പദ്‌വ്യവസ്ഥയും സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളും മികച്ച ആരോഗ്യ പരിരക്ഷയും ഉന്നത വിദ്യാഭ്യാസവും ലഭ്യമായ ഒരു ഇല്ലിനോയി’ എന്നാണ് നബീല വോട്ടർമാർക്ക് നൽകിയ വാഗ്ദാനം. തോക്കുകളുടെ ദുരുപയോഗം തടയും, ലിംഗ സമത്വം ഉറപ്പാക്കും, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കും തുടങ്ങിയ ലക്ഷ്യങ്ങളും നബീല മുന്നോട്ടുവയ്ക്കുന്നു.

Eng­lish Sum­ma­ry: Repub­li­cans were edg­ing clos­er to secur­ing a major­i­ty in the US House of Representatives

Exit mobile version