വയനാട് ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം സജ്ജീകരിക്കുന്ന ബെയ്‍ലി പാലത്തിന്റെ നിർമാണം പൂർത്തിയായി. രക്ഷാദൗത്യത്തിനായി കൂടുതൽ ഉപകരണങ്ങൾ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തിൽ എത്തിക്കാനാകും. 24 ടൺ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയിൽ പ്ലാറ്റ്ഫോം നിർമിച്ചാണ് പാലത്തിന്റെ തൂൺ സ്ഥാപിച്ചിരിക്കുന്നത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമെല്ലാം പോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണിത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് നിർമാണ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
മുണ്ടക്കൈയിലേക്കുള്ള ഏക പാലം ഉരുൾപൊട്ടലിൽ തകർന്നിരുന്നു. സൈന്യം നിർമിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർ എത്തിയതും കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയതും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങൾ പുഴയിലൂടെ ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മണ്ണിനടിയില്‍ ആളുകൾ പെട്ടു പോയിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയേലേക്കെത്തിക്കണം. മുണ്ടക്കൈയിലേക്ക് രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും എത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ ചൂരൽമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
English Summary: Rescue is now faster; The production of Bailey bridge is complete
You may also like this video