Site icon Janayugom Online

അനാഥ ബാല്യങ്ങള്‍ക്ക് സംവരണം

വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം അനാഥ കുട്ടികള്‍ സംവരണത്തിന് അര്‍ഹരാണോ എന്ന വിഷയത്തില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

വിദ്യാഭ്യസ അവകാശ നിയമ പ്രകാരം പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ നല്‍കുന്ന സംവരണ പരിധിയില്‍ അനാഥ കുട്ടികളെ ഉള്‍പ്പെടുത്തുക. കോവിഡ് ബാധമൂലം മാതാപിതാക്കള്‍ മരിച്ച അനാഥരായ കുട്ടികള്‍ക്ക് പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും ലഭിച്ച സഹായങ്ങള്‍ എല്ലാ അനാഥ കുട്ടികള്‍ക്കും ബാധകമാക്കാനാകുമോ എന്നീ വിഷയങ്ങളിലാണ് സുപ്രീം കോടതി സര്‍ക്കാരുകളുടെ വിശദീകരണം തേടിയത്. കേസ് നാലാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും.

എന്ത് കാരണം കൊണ്ട് അനാഥരായാലും അത് അനാഥത്വമാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചു.
ഇത്തരം പദ്ധതികള്‍ ഒരു വിഭാഗത്തിന് മാത്രം ലഭ്യമാക്കുന്നതിലൂടെ കാരണത്തില്‍ മാത്രമാണ് ശ്രദ്ധവയ്ക്കുന്നതെന്നും അനാഥത്വത്തിലല്ലെന്നും മറ്റ് അനാഥ കുട്ടികള്‍ക്കും പദ്ധതി ഗുണഫലം ലഭ്യമാക്കുന്ന കാര്യം ആലോചിക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരും അടങ്ങിയ ബെഞ്ച് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജീത്ത് ബാനര്‍ജിയോട് നിര്‍ദേശിച്ചു.

അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ പൗലോമി പാവിനി ശുക്ലയാണ് കോടതിയെ സമീപിച്ചത്. കോവിഡ് മൂലം രക്ഷാകര്‍ത്താക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമമുള്‍പ്പെടെയുള്ള ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കോടതി നിര്‍ദേശമുണ്ടായാല്‍ മറ്റ് അനാഥ കുട്ടികള്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. ഡല്‍ഹിയും ഗുജറാത്തും സര്‍ക്കാര്‍ ഉത്തരവിലൂടെ 2009ലെ വിദ്യാഭ്യാസ അവകശ നിയമം ഉപ വകുപ്പ് 2(ഡി) ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കാമെന്നും ശുക്ല ബെഞ്ചിനെ അറിയിച്ചു.

Eng­lish sum­ma­ry; Reser­va­tion for orphan children

you may also like this video;

Exit mobile version