Site icon Janayugom Online

സംവരണം അസമത്വം മറികടക്കാനുള്ള ഉപാധി: സുപ്രീം കോടതി

മത്സര പരീക്ഷകളിലെ പ്രകടനം മാത്രമാകരുത് യോഗ്യതാ മാനദണ്ഡം ആക്കേണ്ടതെന്ന് സുപ്രീം കോടതി. നീറ്റ് ഓള്‍ ഇന്ത്യ ക്വാട്ട സംബന്ധിച്ച കേസുകളില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നീറ്റ് ഓള്‍ ഇന്ത്യ ക്വാട്ടയില്‍ മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനവും സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. ഒപ്പം നിലവിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ നിശ്ചയിക്കാനുള്ള മാനദണ്ഡം സ്‌റ്റേ ചെയ്യാതിരുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കുന്ന മറ്റൊരുത്തരവും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എ എസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ ഇഡബ്ലുഎസ് വിഭാഗത്തിന് എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനം എന്നത് ഈ വര്‍ഷത്തേക്ക് മാത്രമായിരിക്കും ബാധകം.

പ്രവേശനം നേടാനുള്ള യോഗ്യതയ്ക്കുള്ള തുല്യത ഉറപ്പു വരുത്താന്‍ മാത്രമുള്ളതാണ് പ്രവേശന പരീക്ഷ. വിദ്യാഭ്യസം നേടാനുള്ള അവസരങ്ങളില്‍ വ്യാപകമായ അസമത്വങ്ങളാണ് നിലനില്‍ക്കുന്നത്. പിന്‍നിരയിലുള്ളവര്‍ക്ക് മത്സര പരീക്ഷകളില്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ പോകുന്നത് അവസരങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഇടയാക്കും. സംവരണം ഈ തടസം മറികടക്കാനുള്ള ഉപാധിയാണ്. പിന്നാക്ക വിഭാഗങ്ങളെ അപേക്ഷിച്ച് മുന്നാക്കക്കാര്‍ക്ക് പ്രവേശന പരീക്ഷകളില്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ അവരുടെ സാമൂഹ്യസ്ഥിതി സഹായകരമാണെന്നും കോടതി വിലയിരുത്തി.

പ്രവേശന പരീക്ഷകളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ സംബന്ധിച്ച് കാര്യമായ സൂക്ഷ്മ പരിശോധനകള്‍ വേണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഒരു വ്യക്തിയുടെ മെറിറ്റ് പരിഗണിക്കുന്നതിന് മത്സര പരീക്ഷകള്‍ മാത്രമല്ല അളവുകോല്‍. മാര്‍ക്കിലെ വ്യത്യാസം മത്സരാര്‍ത്ഥിയുടെ മെറിറ്റ് നിശ്ചയിക്കുന്നതില്‍ പരമമായ കൃത്യത ഉറപ്പുവരുത്തില്ല. വ്യക്തിയുടെ പൂര്‍ണമായ സാമര്‍ത്ഥ്യം കണ്ടെത്താന്‍ ഇത് അപര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി.
ബിരുദ വിദ്യാഭ്യസം നേടിയതുകൊണ്ട് പിന്നാക്കാവസ്ഥ ഇല്ലാതാകുമെന്ന് പറയാനാകില്ല. ബിരുദ വിദ്യാഭ്യാസം നേടിയതുകൊണ്ട് പിന്നാക്കാവസ്ഥ മുന്നാക്കാവസ്ഥയ്ക്ക് തുല്യമാകുമെന്ന് കരുതാനും കഴിയില്ല. പിന്നാക്കക്കാരിലെ അനര്‍ഹര്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ വഴിവിട്ട് നേടുന്നത് തടയാനാണ് പിന്നാക്കക്കാരിലെ മുകള്‍ത്തട്ടിനെ സംവരണ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിച്ചു നിര്‍ത്തിയിരിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.
Eng­lish sum­ma­ry; Reser­va­tion is a tool to over­come inequal­i­ty: the Supreme Court
You may also like this video;

Exit mobile version