പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ സംവരണത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഭാരത് ബന്ദ് ആചരിച്ചു. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ദളിത് ആന്റ് ആദിവാസി ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ 21 സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. കേരളത്തില്‍ വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല. കോണ്‍ഗ്രസ്, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ജനതാദള്‍, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളും ബന്ദിന് പിന്തുണ നല്‍കി. സുപ്രീം കോടതി വിധി അസാധുവാക്കാൻ പാര്‍ലമെന്റ് പുതിയ നിയമം പാസാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
ബിഹാര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചു. ട്രെയിന്‍ ഗതാഗതമടക്കം തടസപ്പെട്ടു. പട്നയിലും ചില ഉത്തരേന്ത്യന്‍ നഗരങ്ങളിലും റിസര്‍വേഷന്‍ ബച്ചാവോ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടന്നു. പട്നയില്‍ റോഡ് ഉപരോധിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഹാജിപൂർ, ദർഭംഗ, ജെഹാനാബാദ്, ബെഗുസാരായി എന്നിവിടങ്ങളിലും പൊലീസും ബന്ദ് അനുകൂലികളുമായി സംഘര്‍ഷമുണ്ടായി.
ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഭീം ആര്‍മി നേതാവും ആസാദ് സമാജ് പാര്‍ട്ടി എംപിയുമായ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
ഒഡിഷയിലെ ഭുവനേശ്വറില്‍ റെയില്‍വേ സ്റ്റേഷനിലും പ്രതിഷേധപ്രകടനം ഉണ്ടായി. ഗുജറാത്തില്‍ പ്രതിഷേധക്കാർ തീവണ്ടികളും റോഡുകളും തടഞ്ഞു. ഛോട്ടാ ഉദേപൂർ, നർമ്മദ, സുരേന്ദ്രനഗര്‍, സബർകാന്ത, ആരവല്ലി തുടങ്ങിയ ജില്ലകളിലെ ആദിവാസി, ദളിത് ആധിപത്യ മേഖലകളില്‍ ബന്ദ് പൂര്‍ണമായിരുന്നു. ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലും സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ബന്ദ് ജനജീവിതത്തെ ബാധിച്ചു. സ്കൂളുകൾ തുറന്നുപ്രവര്‍ത്തിച്ചില്ല. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധക്കാര്‍ പൊതുഗതാഗതം തടസപ്പെടുത്തി.