രണ്ടോ മൂന്നോ മാസത്തിനകം രാജ്യത്ത് കോവിഡിന്റെ നാലാം തരംഗം ഉണ്ടാകുമെന്ന പ്രവചനം നേരത്തെ തന്നെ വിദഗ്ധരില്‍ നിന്നുണ്ടായിരുന്നു. രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കരുതല്‍ ഡോസ് ആവശ്യമാണെന്ന നിര്‍ദേശവും നിലവിലുണ്ട്. ലോക രാജ്യങ്ങളെല്ലാം കരുതല്‍ ഡോസ് പൂര്‍ത്തിയാക്കി വരികയുമാണ്. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് രാജ്യത്ത് കരുതല്‍ ഡോസ് എല്ലാവര്‍ക്കും നല്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ ആദ്യഘട്ടം മുതല്‍ കോവിഡ് രോഗബാധയെ കൊള്ളയ്ക്കുള്ള ഉപാധിയായി കരുതുന്ന സ്വകാര്യ മരുന്ന് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് കരുതല്‍ ഡോസ് നല്കുന്നതിനുള്ള നടപടിയുടെ ഭാഗമായും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 60 വയസിന് മുകളിലുള്ളവര്‍ക്കും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുമൊഴികെ വില നല്കി മാത്രമേ കരുതല്‍ വാക്സിന്‍ സ്വീകരിക്കാനാകൂ എന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇന്നലെ മുതല്‍ ആരംഭിച്ചിരിക്കുന്ന കരുതല്‍ വാക്സിന്‍ യജ്ഞത്തില്‍ 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കും രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം പിന്നിട്ടവര്‍ക്കുമാണ് അര്‍ഹതയുള്ളത്. സ്വകാര്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്നതിനും അതിന് വിലയീടാക്കുന്നതിനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാകുകയും മൂന്നാം ഡോസ് എടുക്കാത്തവര്‍ക്ക് വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അര്‍ഹരായവര്‍ക്ക് പണം നല്കി മൂന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.
ഇതുകൂടി വായിക്കൂ: കോവിഡിനെ കൊള്ളയാക്കുന്ന റയില്‍വേ
യഥാര്‍ത്ഥത്തില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ അലംഭാവത്തിന്റെ മറ്റൊരു പടിയാണ് മൂന്നാം ഡോസിന് വിലയീടാക്കുവാനുള്ള അനുമതി. 2021 ജനുവരിയിലാണ് രാജ്യത്ത് കോവിഡിനെതിരായ വാക്സിനേഷന്‍ ആരംഭിച്ചത്. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് സൗജന്യ വാക്സിനേഷന്‍ നല്കുന്നതിനാണ് തീരുമാനിച്ചതെങ്കില്‍ ഇവിടെ വില നല്കണമെന്ന തീരുമാനമാണ് പ്രഖ്യാപിച്ചത്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് വില നല്കി വാങ്ങി തങ്ങളുടെ പൗരന്മാര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്കുന്ന നടപടി ആരംഭിക്കുകയും ചെയ്തു. വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരക്കണക്കിന് കോടി രൂപയുടെ പ്രത്യേക നിധി പിഎം കെയേഴ്സ് ഫണ്ടെന്ന പേരില്‍ സമാഹരിച്ചിട്ടും സൗജന്യ വാക്സിനേഷന്‍ നല്കാത്തത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുപോലും പ്രതിഷേധം വിളിച്ചുവരുത്തി. സാമ്പത്തികമായി പ്രയാസം നേരിടുന്ന സംസ്ഥാനങ്ങളില്‍ വാക്സിനേഷന്‍ പ്രതിസന്ധിയിലാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലായിരുന്നു രണ്ടു ഡോസ് വാക്സിന്‍ സൗജന്യമായി നല്കുന്ന തീരുമാനം മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇതുകൂടി വായിക്കൂ: കണ്ണില്‍ച്ചോരയില്ലാത്ത നടപടി
മുന്നണി പോരാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം ജനുവരിയിലും സൗജന്യമായി മെയ് മാസത്തിനുശേഷവും ആരംഭിച്ച ഒന്നും രണ്ടും ഡോസ് കോവിഡ് വാക്സിനേഷന്‍ ഒരു വര്‍ഷത്തിലധികം പിന്നിട്ടിട്ടും ഇതുവരെ പൂര്‍ത്തിയാക്കുവാന്‍ നമുക്ക് സാധിച്ചിട്ടില്ല. എന്നുമാത്രമല്ല പല സംസ്ഥാനങ്ങളിലും പ്രസ്തുത പ്രക്രിയ ഇപ്പോള്‍ മന്ദഗതിയിലുമാണ്. ഇതുവരെയായി 99.6 കോടിയോളം പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചിട്ടുള്ളത്. ഇരുഡോസുകളും പൂര്‍ത്തിയാക്കിയത് 84 കോടിയോളം പേര്‍ക്കാണ്. 107.65 കോടി പേരാണ് ഇതുവരെയായി രണ്ടു ഡോസ് വാക്സിന്‍ ലഭിക്കുന്നതിനായി പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അങ്ങനെയെങ്കില്‍ 30 കോടിയോളം ഡോസ് വാക്സിനെങ്കിലും നല്കിയാല്‍ മാത്രമേ ആദ്യഘട്ട വാക്സിനേഷന്‍ പൂര്‍ത്തിയായെന്ന് പറയാനാകൂ. ഈ സാഹചര്യം നിലനില്ക്കുമ്പോഴാണ് കരുതല്‍ ഡോസ് പണം നല്കി സ്വീകരിക്കണമെന്ന നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍ കൊള്ളയ്ക്കാണ് ഇതിലൂടെ അവസരമൊരുങ്ങുന്നതെന്നും വ്യക്തമാണ്. കാരണം കേന്ദ്ര തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ കോവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരുതല്‍ ഡോസിന് 600 രൂപയാണ് വില നിശ്ചയിച്ചത്. തുടര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമായി നടത്തിയ ചര്‍ച്ചയില്‍ വില 225 രൂപയായി കുറയ്ക്കുന്നതിന് സമ്മതിച്ചു. 200 രൂപയായാല്‍ പോലും ലാഭമായിരിക്കുമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. മാത്രവുമല്ല സ്വകാര്യ കേന്ദ്രങ്ങള്‍ക്ക് സേവന നിരക്കായി 150 രൂപവരെ ഈടാക്കാനും അനുമതിയുണ്ട്. ഫലത്തില്‍ 500 രൂപയോളം തന്നെ ഒരു ഡോസിന് നല്കേണ്ട സ്ഥിതിയാണുണ്ടാവുക. സ്വകാര്യ ആശുപത്രികളില്‍ ആയിരത്തിലധികം രൂപയായിരുന്നു നേരത്തെ ഒരു ഡോസ് വാക്സിന് ഈടാക്കി വന്നിരുന്നത്. ഇതുകൂടി പരിഗണിക്കുമ്പോള്‍ കോവിഡ് വാക്സിനേഷന്‍ കൊള്ളയ്ക്കുള്ള ഉപാധിയാക്കുന്നതിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നാണ് പുതിയ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. ഇത്രയും തുക ചെലവഴിക്കാന്‍ കഴിയാത്ത പാവപ്പെട്ടവര്‍ കരുതല്‍ ഡോസ് സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ അതുണ്ടാക്കുന്ന ഭവിഷ്യത്ത് വലുതായിരിക്കും. നമ്മുടെ ആരോഗ്യ പരിപാലന സംവിധാനത്തിന് താങ്ങാവുന്നതിലപ്പുറം പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടേക്കുക. ഒമിക്രോണിനെക്കാൾ തീവ്ര വ്യാപനശേഷിയുള്ള വൈറസ് വകഭേദമായ എക്സ്ഇയാണ് നാലാംതരംഗത്തിനു കാരണമാകുകയെന്നാണ് വിദഗ്ധരുടെ നിഗമനം. പ്രസ്തുത വകഭേദം ഗുജറാത്തില്‍ സ്ഥിരീകരിക്കപ്പെടുകയുമുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ പൗരന്മാര്‍ തങ്ങളുടെ ആരോഗ്യം സ്വയം സംരക്ഷിച്ചുകൊള്ളണമെന്ന കേന്ദ്ര നിലപാട് മനുഷ്യത്വരഹിതമാണ്.