പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും വീണ്ടും രാജി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് പാർട്ടി വിട്ടതായി അറിയിച്ചു. എൽഡിഎഫ് തുടർഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും പാലക്കാട്-വടകര-ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരനെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. ഈ കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്ന് ഷാനിബ് ആരോപിച്ചു.
ആറന്മുളയിൽ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും താൻ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. പി സരിന്റെ വിജയത്തിനായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാടെന്നും എതിർത്ത് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കുമെന്നും ഷാനിബ് ആരോപിച്ചു.
ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോൺഗ്രസ് തെരഞ്ഞടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പിൽ തലപൊക്കിയതെന്നും രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നു. എന്നാല്‍ ഷാഫി പറമ്പിൽ അത് അട്ടിമറിച്ച് വി ഡി സതീശനൊപ്പം നിലയുറപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശൻ ആർഎസ്എസിന്റെ കാലുപിടിക്കുകയാണെന്നും ഷാനിബ് കൂട്ടിച്ചേർത്തു.