റഷ്യൻ എതിർപ്പ് അവഗണിച്ച് ഇന്ത്യൻ വെടിമരുന്ന് ഉക്രൈനിൽ എത്തിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഇന്ത്യൻ ആയുധ നിർമ്മാതാക്കൾ വിറ്റ പീരങ്കി ഷെല്ലുകൾ യൂറോപ്യൻ ഉപഭോക്താക്കളാണ് ഉക്രൈനിലേക്ക് തിരിച്ചുവിട്ടത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഉൾപ്പെടെ പലതവണ റഷ്യ ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ത്യ ഉക്രൈനിലേക്ക് പീരങ്കി ഷെല്ലുകൾ അയയ്ക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്. റഷ്യയുടെയും ഇന്ത്യയുടെയും വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
മോസ്കോയിൽ നിന്നുള്ള പ്രതിഷേധങ്ങൾക്കിടയിലും വ്യാപാരം നിർത്താൻ ഇന്ത്യ ഇടപെട്ടിട്ടില്ലെന്നും റോയിട്ടേഴ്‌സ് വിശകലനത്തിൽ പറയുന്നു. റഷ്യയ്ക്കെതിരായ ഉക്രൈന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള യുദ്ധോപകരണങ്ങളുടെ കൈമാറ്റം ഒരു വർഷത്തിലേറെയായി നടക്കുന്നുണ്ട്. ഉക്രെയ്ൻ ഉപയോഗിക്കുന്ന വെടിമരുന്നിന്റെ വളരെ ചെറിയ അളവാണ് ഇന്ത്യയിൽ നിർമിച്ചത്. യുദ്ധാനന്തരം ഇറക്കുമതി ചെയ്ത മൊത്തം ആയുധങ്ങളുടെ ഒരു ശതമാനത്തിൽ താഴെയാണിതെന്ന് റഷ്യൻ ഉദ്യോഗസ്ഥർ കണക്കാക്കുന്നു. യൂറോപ്യൻ ഉപഭോക്താക്കൾ ആയുധങ്ങൾ വീണ്ടും വിറ്റതാണോ അതോ സംഭാവന നൽകിയതാണോ എന്ന് വാർത്താ ഏജൻസിക്ക് നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. ഉക്രൈനിലേക്ക് ഇന്ത്യൻ യുദ്ധോപകരണങ്ങൾ അയയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയും ചെക്ക് റിപ്പബ്ലിക്കും ഉൾപ്പെടുന്നുണ്ട് .