റവന്യു കമ്മി ധനസഹായം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു നഷ്ടത്തിന് കേന്ദ്രം ധനസഹായം ലഭിക്കുക എന്നത് സംസ്ഥാനത്തിന്റെ അവകാശമാണ്. എന്നാല്‍ നഷ്ടത്തിന്റെ പകുതിപോലും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല. ഇപ്പോള്‍ കിട്ടുന്നത് 1.8 ശതമാനം മാത്രമാണ്. ഡിവിസിബിൾ പൂളിലെ വിഹിതവും കുറയ്ക്കുന്നു. കേരളത്തിന്റെ നഷ്ടം 48,260 കോടിരൂപയാണ്. ജിഎസ്‌ടി വകുപ്പ് നമ്മുടെ നികുതി അധികാരത്തിന്റെ പകുതിയിലധികവും കവർന്നെടുത്തു. ജിഎസ്‌ടി നഷ്ടപരിഹാരം പൂർണമായും നിർത്തി. 750 കോടി രൂപ യുജിസി ശമ്പളമായി കിട്ടാനുണ്ട്.
സംസ്ഥാനം കണക്കുകൾ നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർമ്മലാ സീതാരാമൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വളരെ കുറഞ്ഞ വിഹിതമാണ് ക്ഷേമ പെൻഷനായി കേന്ദ്രം നൽകുന്നത്. നിരവധി തവണ കേന്ദ്ര ധനമന്ത്രിയെ കണ്ട് ആവശ്യങ്ങൾ ധരിപ്പിച്ചതാണ്. ഇക്കഴിഞ്ഞ ഒക്ടോബറിലും സംസ്ഥാന ധനമന്ത്രി നേരില്‍ക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. നിർമ്മലാ സീതാരാമൻ ഇതെല്ലാം മറച്ചുവയ്ക്കുകയാണ്.
മുഖ്യമന്ത്രിയെന്ന നിലയിൽ താനും പ്രധാനമന്ത്രിയെ കണ്ട് ആവശ്യങ്ങൾ ധരിപ്പിച്ചിരുന്നു. 18 എംപിമാര്‍ യുഡിഎഫിനുണ്ടെങ്കിലും അവര്‍ കേരളത്തിന്റെ ഒരു ആവശ്യത്തിനും വേണ്ടി ഇന്നുവരെ ശബ്ദിച്ചിട്ടില്ല. നിവേദനത്തിൽ ഒപ്പിടാൻ പോലും അവർ തയ്യാറായില്ല. എൽഡിഎഫ് എംപിമാരാണ് കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം കൊടുത്തത്. ഒരിടപെടലും കേന്ദ്രത്തിൽ നിന്നുണ്ടായില്ല.
2021–22ലെ കണക്കുകൾ എജി കേന്ദ്രത്തിന് ലഭ്യമാക്കിയതാണ്. എജിയെക്കൂടി ഭാഗമാക്കി കേരളത്തിനെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിക്കുകയാണ്. സംസ്ഥാന സർക്കാർ ഗ്യാരന്റിയിലാണ് നെൽക്കർഷകർക്ക് പണം കിട്ടുന്നത്. അതിന്റെ പലിശയും ബാധ്യതയും കർഷകർക്കല്ല കേരള സർക്കാരിനാണ്. ഇതിലൊന്നും വ്യക്തമായ വിശദീകരണം കേന്ദ്ര ധനമന്ത്രി നൽകുന്നില്ല. ഇതിനു മറുപടി നൽകുന്നതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
English Summary:Revenue deficit financing not centre’s bounty: CM
You may also like this video