Site iconSite icon Janayugom Online

ഭൂമികൈയേറ്റം: കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു

ചിന്നക്കനാലിലെ ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ റവന്യുവകുപ്പ് കേസെടുത്തു. ഹിയറിങിന് ഹാജരാകാൻ നോട്ടീസ് നൽകി. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ആധാരത്തിൽ ഉള്ളതിനേക്കാൾ 50സെന്റ് സർക്കാർ അധികഭൂമി കയ്യേറിയതിനാണ് കേസെടുത്തിരിക്കുന്നത്.

സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ചും തുടർനടപടി ആവശ്യപ്പെട്ടും ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കുഴൽനാടൻ 50 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറി മതിൽ നിർമിച്ചെന്നും ഭൂമി രജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങിയപ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്ര അടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ.

ചിന്നക്കനാലിൽ ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ തറപ്പിച്ച് പറയുന്നതിനിടെയാണ് റവന്യൂവകുപ്പിന്റെ നടപടി.

Eng­lish Sum­ma­ry: Rev­enue Depart­ment reg­is­ters case against Math­ew Kuzhalnadan
You may also like this video

Exit mobile version