Site iconSite icon Janayugom Online

റവന്യു വകുപ്പ് ഡിജിറ്റൽ മാപ്പിലേക്ക് മാറുന്നു: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് എന്റെ ഭൂമി എന്ന പോർട്ടലിലൂടെ തണ്ടപ്പേരും ലൊക്കേഷൻ സ്കെച്ചും ലഭ്യമാക്കുന്ന രീതിയിൽ ഇന്റർ ഗേറ്റ് പോർട്ടൽ ആരംഭിക്കുമെന്നും സംസ്ഥാനത്തെ റവന്യൂ വകുപ്പ് ഡിജിറ്റൽ മാപ്പിലേക്ക് മാറുകയാണന്നും റവന്യു മന്ത്രി കെ രാജൻ. നവംബർ മാസം മുതൽ സംസ്ഥാനത്തെ ഫ്ലാറ്റ് ഉടമകൾക്ക് തണ്ടപ്പേർ നൽകുന്ന നടപടിയിലേക്ക് നീങ്ങുകയാണെന്നും മന്ത്രി അറിയിച്ചു. എൽഡിഎഫ് തുടര്‍സർക്കാരിന്റെ നാലാമത് സംസ്ഥാന പട്ടയമേള കളമശേരി ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്ത് ലാന്റ് ട്രൈബ്യൂണൽ നിലവിൽ വന്നിട്ട് അരനൂറ്റാണ്ട് ആയെങ്കിലും കുടിയാന്മാരുടെ അവകാശങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സർക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് കുടിയാന്മാരുടെ അവകാശങ്ങൾ പൂർത്തീകരിക്കും. ഭൂമിയില്ലാത്ത എല്ലാവർക്കും ഭൂമി നൽകാൻ സർക്കാർ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ എല്ലാവർക്കും സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യേത്തോാട റവന്യു വകുപ്പ് മുന്നേറുകയാണെന്നും കഴിഞ്ഞ മൂന്നുവർഷംകൊണ്ട് 188,887പട്ടയം എന്ന ചരിത്ര നിറവിന്റെ നേട്ടത്തിലാണ് റവന്യു വകുപ്പ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ എൻ ഉണ്ണികൃഷ്ണൻ, ആന്റണി ജോൺ, കെ ജെ മാക്സി, പി വി ശ്രീനിജൻ, ടി ജെ വിനോദ്, അൻവർ സാദത്ത്, കളമശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് തുടങ്ങിയവർ സംസാരിച്ചു ലാന്റ് റവന്യു കമ്മിഷണർ കൗശികൻ സ്വാഗതവും ജില്ലാ കളക്ടർ എൻ എസ് കെ ഉന്മേഷ് നന്ദിയും രേഖപ്പെടുത്തി.

Exit mobile version