Site iconSite icon Janayugom Online

റവന്യു ഇ‑സാക്ഷരതക്ക് നവംബറിൽ തുടക്കമാകും: മന്ത്രി കെ രാജൻ

സർക്കാർ സേവനങ്ങൾ ഡിജിറ്റലാകുന്ന കാലത്ത് സാധാരണ ജനങ്ങൾക്കും അവ പ്രാപ്യമാക്കാൻ റവന്യു ഇ‑സാക്ഷരതക്ക് നവംബറിൽ തുടക്കം കുറിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വെള്ളർവള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് സമഗ്രമായ ഡിജിറ്റൈസേഷൻ നടപടികളുമായി മുന്നോട്ട് പോകുന്നത്. 

വകുപ്പിന്റെ പല സേവനങ്ങളും ഇന്ന് ഓൺലൈനായി ലഭ്യമാണ്. എന്നാൽ ഇവ പൊതുജനങ്ങൾക്ക് പരസഹായമില്ലാതെ ഉപയോഗിക്കാനാകുന്നില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് ഈ നടപടിയിലേക്ക് കടന്നത്. കേരളത്തിലെ 84 ലക്ഷം കുടുംബങ്ങളിലെ ഓരോ അംഗത്തിന് വീതമെങ്കിലും ഓൺലൈൻ സേവനം നേടാൻ പഠിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു. 

വെള്ളർവള്ളി വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റി 44 ലക്ഷം രൂപ ചെലവിലാണ് പുതിയത് നിർമ്മിച്ചത്. 1229 സ്ക്വയർ ഫീറ്റ് കെട്ടിടത്തിൽ റാമ്പോട് കൂടിയ വരാന്ത, സന്ദർശകർക്ക് കാത്തിരിക്കാനുള്ള സ്ഥലം, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഹാൾ, റെക്കോർഡ് മുറി, ഡൈനിങ് ഹാൾ, ശുചിമുറി എന്നിവയാണുള്ളത്. മുൻവശത്ത് പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു പ്രവൃത്തിയുടെ ചുമതല. ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കെ പ്രദോഷ്- സുനിത ദമ്പതികൾക്കുള്ള പട്ടയ വിതരണവും മന്ത്രി നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ ചിറപ്രത്ത് ഇല്ലത്ത് ചെറിയ ദാമോദരൻ നമ്പൂതിരിയെ ചടങ്ങിൽ അനുമോദിച്ചു. 

Eng­lish Summary:Revenue e‑literacy to begin in Novem­ber: Min­is­ter K Rajan
You may also like this video

Exit mobile version