Site iconSite icon Janayugom Online

പശ്ചിമേഷ്യയില്‍ നിന്നുള്ള വരുമാനം 200 ബില്യണ്‍ ഡോളര്‍; സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പ്രത്യേക ആശങ്കയെന്ന് എസ് ജയശങ്കര്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ സംബന്ധിച്ച് രാജ്യസഭയില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. സംഘര്‍ഷം തീവ്രമായ ഫെബ്രുവരി 28ന് തന്നെ രാജ്യത്തിന്റെ ആശങ്ക ഇന്ത്യ അറിയിച്ചിരുന്നതായി ജയശങ്കര്‍ പറഞ്ഞു. ഇറാനിലെ നാശനഷ്ടങ്ങളും നേതാക്കളുടെ മരണവും മേഖലയിലെ രാജ്യങ്ങളിലുണ്ടാകുന്ന ആക്രമണവും അദ്ദേഹം പരാമര്‍ശിച്ചു.പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ത്യക്ക് പ്രത്യേക ആശങ്കയുണ്ടാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇറാനിലുമായി താമസിക്കുകയും ജോലി ചെയ്യുന്നതുമായ ഒരു കോടി ഇന്ത്യക്കാരുണ്ട്. ഇവരുടെ സുരക്ഷയില്‍ ആശങ്കയുണ്ട്.രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ, എണ്ണ, വാതക വിതരണം തുടങ്ങിയ വിഷയങ്ങളിലും പശ്ചിമേഷ്യയുടെ പങ്ക് പ്രധാനമാണ്. 

ഗള്‍ഫ് മേഖല രാജ്യത്തിന്റെ പ്രധാന വ്യാപാര പങ്കാളിയാണ്. പ്രതിവര്‍ഷം ഇവിടെ നിന്ന് മാത്രം 200 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ലഭിക്കുന്നതെന്നും ജയശങ്കര്‍ സഭയില്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ രാജ്യസഭാ സ്പീക്കര്‍ സിപി രാധാകൃഷ്ണന്റെ ആവശ്യപ്രകാരമാണ് വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തിയത്. വിദേശ കപ്പലുകളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും സംഘര്‍ഷത്തില്‍ രണ്ട് ഇന്ത്യക്കാരായ നാവികരുടെ ജീവന്‍ നഷ്ടമായെന്നും ജയശങ്കര്‍ പറഞ്ഞു. മേഖലയിലെപ്രതിസന്ധി കൂടുതല്‍ വഷളായിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലേക്കും അത് വ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു.ഇറാനിലെ ഇന്ത്യക്കാര്‍ക്ക് സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.

ടെഹ്‌റാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അവിടെ നിന്നും പുറത്തേക്ക് മാറ്റാനായി ഇന്ത്യന്‍ എംബസി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല ഇന്ത്യന്‍ വ്യവസായികളെയും അര്‍മേനിയ വഴി നാട്ടിലെത്തിച്ചുവെന്നും ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു.ഇറാനിയന്‍ കപ്പലായ ഐറിസ് ലെവന്‍ കൊച്ചിയില്‍ നങ്കൂരമിട്ടതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മാര്‍ച്ച് നാലിനാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടതെന്നും നിലവില്‍ ഇന്ത്യന്‍ നാവിക സേനയുടെ സംവിധാനങ്ങളിലാണ് കപ്പലുള്ളതെന്നും അദ്ദേഹം വിശദമാക്കി.രാജ്യം ചെയ്തത് ശരിയായ കാര്യമാണെന്ന് വിശ്വസിക്കുന്നെന്നും മാനുഷിക നടപടിക്ക് ഇറാന്‍ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.അതേസമയം, ജയശങ്കറിന്റെ പ്രസംഗത്തെ പ്രതിപക്ഷം തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ നാവികരുടെ വിഷയം ഉന്നയിച്ചായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗം തടസപ്പെടുത്തിയത്.

Exit mobile version