Site iconSite icon Janayugom Online

പരിഷ്കരിച്ച അക്രഡിറ്റേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍; പുതിയ മാധ്യമവിലങ്ങ്

സുരക്ഷാ കാരണം പറഞ്ഞ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഏതു മാധ്യമപ്രവര്‍ത്തകനെയും സ്ഥാപനത്തെയും വിലക്കാനുള്ള ഉപാധികളുമായി മാധ്യമ അക്രഡിറ്റേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. കോടതിയലക്ഷ്യമോ അപകീര്‍ത്തി, പ്രേരണാക്കുറ്റം എന്നിവയോ ആരോപിക്കപ്പെട്ടാല്‍ അക്രഡിറ്റേഷന്‍ നിഷേധിക്കപ്പെടും. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത, പൊതുക്രമം, ധാർമ്മികത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷനും സ്ഥാപനങ്ങളുടെ അംഗീകാരവും റദ്ദാക്കുമെന്നാണ് വിവര — പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കൂടിയത് അഞ്ച് വര്‍ഷമോ കുറഞ്ഞത് രണ്ട് വര്‍ഷത്തില്‍ താഴെയോ അക്രഡിറ്റേഷന്‍ റദ്ദാക്കും.

നിലവിലുള്ള ഭരണ സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങളിലൂടെ ഏത് മാധ്യമ പ്രവര്‍ത്തകനെയും വിലക്കാവുന്ന സ്ഥിതിയാണ് സൃഷ്ടിക്കപ്പെടുക. കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും കെട്ടിച്ചമക്കുന്ന ഏത് കാരണവും അക്രഡിറ്റേഷന്‍ വിലക്കുന്നതിന് വഴിയൊരുക്കും. മണിപ്പൂരില്‍ രണ്ട് വനിതാ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കശ്മീരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും തങ്ങളുടെ വാര്‍ത്തകളുടെ പേരില്‍ ദേശദ്രോഹികളെന്ന് മുദ്ര കുത്തപ്പെട്ടവരാണ്. ഇതിന് സമാനമായ നിരവധി സംഭവങ്ങള്‍ അടുത്ത കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

അംഗീകൃത മാധ്യമ പ്രവർത്തകർ സമൂഹ മാധ്യമ പ്രൊഫൈലുകള്‍, വിസിറ്റിങ് കാർഡുകള്‍, ലെറ്റർ ഹെഡുകള്‍, മറ്റ് ഫോമുകള്‍, പ്രസിദ്ധീകരിച്ച സൃഷ്ടികള്‍ തുടങ്ങിയവയില്‍ ‘ഇന്ത്യ ഗവൺമെന്റിന് അംഗീകൃതം’ എന്ന വാക്കുകൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. സെന്‍ട്രല്‍ മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റി (സിഎംഎസി) ആയിരിക്കും മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദ് ചെയ്യുന്നതില്‍ തീരുമാനമെടുക്കുക. പിഐബി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ ആണ് കമ്മിറ്റിയുടെ അധ്യക്ഷന്‍.
കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന 25 പേരും ഇതില്‍ അംഗങ്ങളായിരിക്കും. കമ്മിറ്റി ആദ്യം സമ്മേളിക്കുന്ന ദിവസം മുതല്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും ഇതിന്റെ കാലാവധി. അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സിഎംഎസി ഉപകമ്മിറ്റിയാകും അക്രഡിറ്റേഷന്‍ കേസുകളില്‍ തീരുമാനമെടുക്കുക. ഉപ കമ്മിറ്റിയുടെ ചുമതലയും പിഐബി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിനായിരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മുഖംമൂടിയിട്ട ഭീഷണി

പുതുക്കിയ മാധ്യമ അക്രഡിറ്റേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മുഖംമൂടിയിട്ട മാധ്യമ വിലക്കും ഭീഷണിയുമാണെന്ന് മാധ്യമ വിദഗ്ധരും സംഘടനകളും അഭിപ്രായപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തടയുന്നതാണ് നിര്‍ദേശങ്ങളെന്ന് ദേശീയ മാധ്യമ കൂട്ടായ്മയും ഡല്‍ഹി പത്ര പ്രവര്‍ത്തക യൂണിയനും കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനമെടുക്കാവുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ആരോപണവും സംഘടനകള്‍ ഉന്നയിച്ചു.

 

സര്‍ക്കാര്‍ വിരുദ്ധത പരിശോധിക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്യാന്‍ മന്ത്രാലയങ്ങളില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാര്‍. ഡിജിറ്റല്‍ ന്യൂസ് മീഡിയയിലും ഒടിടി പ്ലാറ്റ്ഫോമിലും പ്രചരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കുന്നതിനും വേണ്ടിയാണ് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
രാജ്യത്തിന്റെ ഐക്യതയേയും അഖണ്ഡതയേയും ബാധിക്കുന്നവ, പ്രതിരോധം, രാജ്യസുരക്ഷ, ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടുക തുടങ്ങിയ വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തുക. 2000 ഐടി ആക്ടിലെ 69 എ പ്രകാരമാണ് ഇത്തരം വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുക.

Eng­lish Sum­ma­ry: Revised accred­i­ta­tion guide­lines; New media ban

You may like this video also

Exit mobile version