Site icon Janayugom Online

സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ

സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തില്‍. വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് ഒമ്പത് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, നാല് വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. 

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്രാ വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, നാല് വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്. 

ചരക്ക് വാഹനങ്ങളുടെ വേഗപരിധി ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്ററുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്. സംസ്ഥാനത്ത് 2014ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനർനിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും കാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

Eng­lish Summary:Revised speed lim­it for vehi­cles from today

You may also like this video

Exit mobile version